

ആലുവ: വിദഗ്ധ ചികിത്സയും ഉന്നത വിദ്യാഭ്യാസവും സാധാരണക്കാര്‍ക്ക് പിടിച്ചു വാങ്ങാന്‍ ജനകീയ പ്രക്ഷോഭം അനിവാര്യമായിരിക്കുകയാണെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ബാബു മാത്യു പി ജോസഫ് ചൂണ്ടിക്കാട്ടി. ആലുവ പബ്ലിക് പ്ലാറ്റ്‌ഫോം ട്രസ്റ്റ് റിയല്‍ ബിസ്മി ഗ്രൂപ്പിന്റെ സഹകരണത്തോടെ സ്ഥാപിക്കുന്ന 101-ാമത്തെ മരുന്ന് ശേഖരണ പെട്ടിയുടെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഭരണ രംഗത്തും ഉദ്യോഗസ്ഥതലങ്ങളിലുമുള്ളവര്‍ക്ക് വിദഗ്ധ ചികിത്സ സര്‍ക്കാര്‍ ചെലവില്‍ ലഭിക്കുമ്പോള്‍ ചികിത്സിക്കാന്‍ പണമില്ലാതെ ആത്മഹത്യ ചെയ്യുന്ന സാധാരണക്കാരുടെ എണ്ണം കൂടിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഫിസാറ്റ് മുന്‍ ചെയര്‍മാന്‍ പോള്‍ മുണ്ടാടാന്‍ അധ്യക്ഷത വഹിച്ചു. ഫാ. മെര്‍വിന്‍ ഷിനോയ് ബോസ് ഡോ. ഫ്രെഡി ടി സൈമണില്‍ നിന്നും പെട്ടി ഏറ്റുവാങ്ങി.
നഗരസഭാ ചെയര്‍മാന്‍ എം ഒ.ജോണ്‍, കെ ഇ ഇബ്രാഹിം, പി എ ഹംസക്കോയ, അഡ്വ. ടി എ അക്ബര്‍, കെ ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
ചാരിറ്റി പ്രവര്‍ത്തന രംഗത്ത് നിസ്തുല പ്രവര്‍ത്തനം നടത്തുന്ന ജോബി തോമസ്, ആര്‍ എസ് ആഷിക് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

