

കൊച്ചി: തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ ടി കെ രാജീവ്കുമാര്‍ ഒരുക്കുന്ന ‘കോളാമ്പി’ ഡിസംബര്‍ 24ന് എം ടാക്കി ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങളിലേക്ക് എത്തുന്നു. നിത്യ മേനോനും രഞ്ജി പണിക്കരുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസിന് മുന്‍പേ ചിത്രത്തിന് ഒരു ദേശീയ പുരസ്‌ക്കാരവും ഒരു സംസ്ഥാന പുരസ്‌ക്കാരവും ലഭിച്ചിരുന്നു. രവി വര്‍മന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറിളും നിര്‍വ്വഹിക്കുന്നു.

സംവിധായകനോടൊപ്പം ഡോ. കെ എം വേണുഗോപാലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് രമേഷ് നാരായണനാണ് സംഗീതം.
എന്‍ എം ബാദുഷ പ്രൊഡക്ഷന്‍ കണ്‍ട്രോളറാവുന്ന ചിത്രത്തിന് ശബ്ദസംവിധാനം നിര്‍വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. രാജ്യാന്തര സിനിമാ പ്രേക്ഷകരെയും മേളകളെയും ലക്ഷ്യമിട്ടാണ് കോളാമ്പി ഒരുക്കിയിരിക്കുന്നത്. തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമക്ക് ശേഷമാണ് ടി കെ രാജീവ് കുമാറിന്റെ സിനിമയില്‍ വീണ്ടും നിത്യ മേനോന്‍ അഭിനയിക്കുന്നത്. കൂടാതെ രാജീവ് കുമാറിന്റെ 25-ാമത് സിനിമയുമാണ് ‘കോളാമ്പി’. ചിത്രത്തില്‍ ബോംബെ ജയശ്രീ ആലപിച്ച ഗാനം ഇതിനോടകം പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

നിത്യാ മേനോന്‍, രണ്‍ജി പണിക്കര്‍, ദിലീഷ് പോത്തന്‍, രോഹിണി, മഞ്ജു പിള്ള, ബൈജു സന്തോഷ്, സിദ്ധാര്‍ഥ് മേനോന്‍, ജി സുരേഷ് കുമാര്‍, അരിസ്റ്റോ സുരേഷ്, സിജോയി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന താരനിരയാണുള്ളത്.
എഡിറ്റര്‍: അജയ് കുയിലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രതാപന്‍ കല്ലിയൂര്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: പ്രദീപ് രംഗന്‍, പി ആര്‍ ഒ: പി ശിവപ്രസാദ്.

