കഠിനാധ്വാനവും വ്യക്തമായ കാഴ്ചപ്പാടുമുണ്ടെങ്കില്‍ വിജയിക്കാനാകുമെന്ന് കെ എം എ ഫിനിക്‌സ്‌പ്രൊണ്യുറില്‍ ടി ആര്‍ ശംസുദ്ദീന്‍

Web Desk
3 Min Read

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ഫിനിക്‌സ്‌പ്രൊണ്യൂര്‍ സെഷനില്‍ ബ്ലോക്ക്ബസ്റ്റര്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സി ഇ ഒയുമായ ടി ആര്‍ ശംസുദ്ദീന്‍ പങ്കെടുത്തു. കെ എം എ പ്രസിഡന്റ് നിര്‍മല ലില്ലി അധ്യക്ഷത വഹിച്ചു. എസ് ആര്‍ നായര്‍ മോഡറേറ്ററായിരുന്നു. കെ എം എ വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനുമായ ബിബു പുന്നൂരാന്‍, ജോയിന്റ് സെക്രട്ടറി ദിലീപ് നാരായണന്‍ നന്ദിയും പറഞ്ഞു.
പുതിയ സംരംഭകര്‍ക്കും സംരംഭക രംഗത്തേക്കെത്താന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പ്രചോദനം ലഭിക്കുന്ന വിധത്തില്‍ മികച്ച സംരംഭകത്വം കാഴ്ചവെച്ചവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന പരിപാടിയാണ് ഫിനിക്‌സ്‌പ്രൊണ്യൂര്‍.
ചെറുപ്പം മുതല്‍ ബിസിനസില്‍ താത്പര്യമുണ്ടായിരുന്ന തനിക്ക് മാതൃകയാകാന്‍ കുടുംബത്തിലാരും ഈ രംഗത്തുണ്ടായിരുന്നില്ലെന്നും എന്‍ജിനിയറിംഗിന് പഠിക്കവെ പരീക്ഷാ ഫീസടക്കാനുള്ള പണം കണ്ടെത്താന്‍ വിദ്യാര്‍ഥികളെ തന്റെ കോളജിലേക്ക് ക്യാന്‍വാസ് ചെയ്തുകൊണ്ടാണ് ബിസിനസ് രംഗത്ത് കടന്നതെന്നും ടി ആര്‍ ശംസുദ്ദീന്‍ പറഞ്ഞു. എന്‍ജിനിയറിംഗ് പഠനത്തിന് ശേഷം സ്വന്തമായി എന്‍ജിനിയറിംഗ് കോളജ് ആരംഭിക്കുകയും തന്റേതുള്‍പ്പെടെ പത്തോളം എന്‍ജിനിയറിംഗ് കോളജുകളിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. അതിനായി കേരളത്തിലെ വിവിധ ജില്ലകളില്‍ പന്ത്രണ്ട് വിദ്യാഭ്യാസ ഗൈഡന്‍സ് ഓഫിസുകളും ആരംഭിച്ചു.
എന്‍ജിനിയറിംഗിന് കൂടെ പഠിച്ച വിദ്യാര്‍ഥികളില്‍ നിന്നും ബംഗളൂരുവില്‍ ഇന്റര്‍നെറ്റ് കഫെകളിലെ തിരക്കിനെ കുറിച്ച് മനസ്സിലാക്കിയതിന് പിന്നാലെ ചാറ്റ് ക്ലബ് എന്ന പേരില്‍ ഇന്റര്‍നെറ്റ് കഫേ ആരംഭിക്കുകയും സുഹൃത്തുക്കളുമായി ചേര്‍ന്ന് നടത്തിക്കൊണ്ടു പോവുകയും ചെയ്തു. സുഹൃ്ത്തുക്കള്‍ക്ക് മറ്റു ജോലികള്‍ ലഭിക്കുകയും താന്‍ ബിസിനസ് തിരക്കുകളിലേക്ക് പോവുകയും ചെയ്തതോടെ ചാറ്റ് ക്ലബ് വില്‍പ്പന നടത്തുകയായിരുന്നു.
പത്തു തവണയെങ്കിലും ഡോ. എ പി ജെ അബ്ദുല്‍ കലാമുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ചിട്ടുണ്ട് ടി ആര്‍ ശംസുദ്ദീന്. തൃശൂര്‍ ദേശമംഗലത്തും തുടര്‍ന്ന് മൂവാറ്റുപുഴയിലും മലപ്പുറത്തും എന്‍ജിനിയറിംഗ് കോളജുകള്‍ ആരംഭിക്കുകയും ചെയ്തു. ആദ്യ എന്‍ജിനിയറിംഗ് കോളെജ് ആദ്യ വര്‍ഷത്തില്‍ തന്നെ ബ്രേക്ക് ഈവനാക്കാന്‍ തനിക്ക് സാധിച്ചതായും അദ്ദേഹം വിശദമാക്കുന്നു.
എന്‍ജിനിയറിംഗ് കോളജിനായി മികച്ച ബ്രോഷര്‍ തയ്യാറാക്കാനെത്തിയ ഫോട്ടോഗ്രാഫറെ സംവിധായകനാക്കി ആദ്യ സിനിമ 1983 നിര്‍മിച്ച് സിനമാ നിര്‍മാണ രംഗത്തേക്കും അദ്ദേഹം പ്രവേശിക്കുകയായിരുന്നു. നിവിന്‍ പോളി ചിത്രമായ 1983ന് ശേഷം ക്വീന്‍, കാണെക്കാണെ തുടങ്ങിയ സിനിമകളും ടി ആര്‍ ശംസുദ്ദീന്‍ നിര്‍മിച്ചു. എങ്കിലും സിനിമാ നിര്‍മാതാവ് എന്നതിനേക്കാള്‍ സംരംഭകന്‍ എന്ന നിലയിലാണ് താന്‍ അറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം സിനിമകളില്‍ പ്രവര്‍ത്തിച്ചവരെയല്ലാതെ കൂടുതല്‍ സിനിമാക്കാരെയൊന്നും തനിക്ക് പരിചയമില്ലെന്നും ടി ആര്‍ ശംസുദ്ദീന്‍ വിശദമാക്കി.
ശരിയായ രീതിയില്‍ ചെയ്യുകയാണെങ്കില്‍ സിനിമാ നിര്‍മാണം നല്ല ബിസിനസാണെന്നു പറഞ്ഞ ടി ആര്‍ ശംസുദ്ദീന്‍, അതുകൊണ്ടാണ് ഈ രംഗത്തുള്ള സംവിധായകരും താരങ്ങളും നിര്‍മാണത്തിലേക്ക് കടക്കുന്നതെന്നും ചൂണ്ടിക്കാട്ടി. സിനിമയ്ക്ക് പുറത്തു നിന്നും വരുന്നവര്‍ കൂടുതല്‍ പഠിച്ച് ചെയ്യേണ്ടതുണ്ടെന്നും സിനിമാ രംഗത്തുള്ളവര്‍ക്ക് അതേക്കുറിച്ച് വ്യക്തമായ ധാരണയുള്ളതുമൊണ്ടാണ് നിര്‍മാണ രംഗം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമാ നിര്‍മാണം തന്റെ വഴിയല്ലെങ്കിലും സ്റ്റാര്‍ട്ടപ്പ് മേഖലയിലുള്ള ചില പ്രമുഖകരുടെ ഉപദേശം സ്വീകരിച്ചാണ് വ്യത്യസ്ത രംഗത്ത് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും ടി ആര്‍ ശംസുദ്ദീന്‍ പറഞ്ഞു.
സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് പോലെയാണ് സിനിമാ നിര്‍മാണവും. വ്യക്തമായ കാഴ്ചപ്പാടോടെ നിര്‍വഹിച്ചാല്‍ വിജയിപ്പിക്കാനാവുമെന്നും അദ്ദേഹം തന്റെ അനുഭവത്തില്‍ നിന്നും വിശദമാക്കി.
മറ്റു ബിസിനസുകള്‍ നടത്തുന്നുണ്ടെങ്കിലും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് ബ്ലോക്ക്ബസ്റ്റര്‍ ടെക്‌നോളജീസിലാണെന്നും കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി അതിലേക്കാണ് കൂടുതലായും താന്‍ മുഴുകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആളുകള്‍ നിരവധി അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും പണം മുടക്കുന്ന മറ്റാരുടെയോ ബിനാമിയാണെന്ന് താനെന്ന് പറയുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും അതൊന്നും പരിഗണിക്കാറില്ലെന്നും ആത്മവിശ്വാസം തകര്‍ക്കുന്ന കാര്യങ്ങളൊന്നും മുഖവിലക്കെടുക്കാറില്ലെന്നും ടി ആര്‍ ശംസുദ്ദീന്‍ വ്യക്തമാക്കി. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി തിരക്കുകളുടെ ലോകത്ത് ജീവിച്ചിരുന്ന തനിക്ക് സ്വാതന്ത്ര്യമെന്താണെന്ന് മനസ്സിലാക്കിത്തന്നത് കോവിഡ് കാലത്തെ ലോക്ക്ഡൗണാണെന്നും അദ്ദേഹം പറഞ്ഞു. കഠിനാധ്വാനം തന്നെയാണ് ഏത് വിജയത്തിന്റെ പിന്നിലെന്ന് പറയാനും അദ്ദേഹം മറന്നില്ല.

city exchange
Share This Article
Leave a Comment
error: Content is protected !!