കേരളത്തിലെ വ്യവസായ നിക്ഷേപ രംഗങ്ങളില്‍ ബര്‍മുഡ ട്രയാംഗിളല്ല ഉയര്‍ത്തിക്കാട്ടുന്ന ട്രൈപോഡാണ് വേണ്ടതെന്ന് പ്രശാന്ത് നായര്‍

Web Desk
2 Min Read

കൊച്ചി: സാധ്യതകളും മികവുകളുമുള്ള കേരളത്തില്‍ വ്യവസായവും നിക്ഷേപവും സര്‍ക്കാരും ചേര്‍ന്ന് ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ വലിയ നേട്ടങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് കേരള സര്‍ക്കാര്‍ സ്‌പെഷ്യല്‍ സെക്രട്ടറി പ്രശാന്ത് നായര്‍ പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എം കെ കെ നായര്‍ അനുസ്മരണ ചടങ്ങില്‍ ‘വ്യവസായം, നിക്ഷേപം, സര്‍ക്കാര്‍: ബര്‍മുഡ ട്രയാംഗിള്‍’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

city exchange

മൂന്ന് സ്ഥാപനങ്ങളും ചേരുമ്പോള്‍ പലപ്പോഴും നിലവില്‍ ബര്‍മുഡ ട്രയാംഗിളാണ് സൃഷ്ടിക്കപ്പെടുന്നത്. എന്നാല്‍ അതിനെ ആവശ്യമായ രീതിയില്‍ പ്രയോജനപ്പെടുത്തി ട്രൈപോഡു പോലെ ഉയര്‍ത്തിയാല്‍ എല്ലാ പദ്ധതികളും വിജയകരമായി നടപ്പിലാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കൃഷിയെ പരമ്പരാഗത ഉപജീവനമേഖലയായി മാത്രം കാണാതെ കൃത്യമായ സാമ്പത്തിക ആസൂത്രണത്തോടെയുള്ള ബിസിനസായി സമീപിക്കണം. മറ്റേതൊരു വ്യവസായത്തെ അപേക്ഷിച്ചും ആദ്യഘട്ടം മുതല്‍ ലാഭം ലഭിക്കുന്ന സംരംഭമാണ് കൃഷി. വല്ലപ്പോഴും നഷ്ടം സംഭവിക്കുമ്പോള്‍ അതുമാത്രം എടുത്തുകാട്ടി കൃഷി നഷ്ടമാണെന്ന് പറയരുതെന്നും അദ്ദേഹം വിശദമാക്കി. ദീര്‍ഘകാല സമീപനം കൃഷിയിലും ആവശ്യമാണ്.

കൃഷിക്കായി ചെലവഴിക്കുന്ന പണം, വീടിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ചെലവഴിക്കുന്ന തുക എന്നിവ വേര്‍തിരിച്ച് കൃത്യമായ കണക്കുകള്‍ സൂക്ഷിക്കണം. ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കൃഷിയിലെ സാമ്പത്തിക അപകടസാധ്യത കുറയ്ക്കുകയും വേണം. കൃഷിയെ ബിസിനസായി സമീപിച്ചാല്‍ അതിന്റെ യഥാര്‍ഥ സാമ്പത്തിക സാധ്യതകള്‍ തിരിച്ചറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയെ ഉത്പാദനക്ഷമമായി ഉപയോഗിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളിലേക്കും വിപണിയിലേക്കും കടക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

വ്യവസായം, മൂലധനം, സര്‍ക്കാര്‍ എന്നീ മൂന്ന് ഘടകങ്ങള്‍ തമ്മിലുള്ള ഫലപ്രദമായ ഏകോപനമില്ലായ്മയാണ് പല പദ്ധതികളും മുന്നോട്ടുപോകാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. സര്‍ക്കാര്‍ സംവിധാനങ്ങളും സ്വകാര്യ മേഖലയിലെ സംരംഭകരും പരസ്പരത്തിന്റെ പ്രവര്‍ത്തനരീതികളും പ്രശ്‌നങ്ങളും മനസ്സിലാക്കണം. നടപടിക്രമങ്ങളിലെ വ്യക്തതയും നിക്ഷേപകര്‍ക്ക് ആവശ്യമായ ഉറപ്പും ഉറപ്പാക്കുന്നതിലൂടെ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കാനാകുമെന്നും പ്രശാന്ത് നായര്‍ പറഞ്ഞു.

എം കെ കെ നായര്‍ അനുസ്മരണ പ്രഭാഷണം മുന്‍ എം എല്‍ എ എം വി മാണി നിര്‍വഹിച്ചു.
വ്യവസായ, വിദ്യാഭ്യാസ മേഖലകളുടെ വളര്‍ച്ചയ്ക്ക് നിര്‍ണായക സംഭാവന നല്‍കിയ എം കെ കെ നായര്‍ വ്യക്തി എന്നതിനപ്പുറം ഒരു സ്ഥാപനമായിരുന്നുവെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ എം വി മാണി പറഞ്ഞു. ഭിലായിയില്‍ സ്റ്റീല്‍ പ്ലാന്റ് സ്ഥാപിക്കുന്നതിലും കേരളത്തില്‍ ഫാക്ടിന്റെ വളര്‍ച്ചയിലും എം കെ കെ നായര്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായ വളം ഉത്പാദന മേഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം കേരളത്തില്‍ വലിയ വ്യവസായ സമുച്ചയം വികസിപ്പിക്കണമെന്ന ആശയവും അദ്ദേഹം മുന്നോട്ടുവച്ചു.

കേരളത്തില്‍ പെട്രോകെമിക്കല്‍ കോംപ്ലക്സ് സ്ഥാപിക്കണമെന്ന അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എറണാകുളം ഉള്‍പ്പെടെയുള്ള മേഖലയില്‍ കൂടുതല്‍ വ്യവസായ വളര്‍ച്ച സാധ്യമാകുമായിരുന്നുവെന്നും എം വി മാണി പറഞ്ഞു.

വ്യവസായരംഗത്തിന് പുറമെ വിദ്യാഭ്യാസം, ആരോഗ്യം, കായികം തുടങ്ങിയ മേഖലകളിലെല്ലാം ദീര്‍ഘവീക്ഷണത്തോടെ ഇടപെട്ട എം കെ കെ നായരുടെ സംഭാവനകള്‍ കേരളത്തിന്റെ വികസന ചരിത്രത്തില്‍ പ്രത്യേകം ഓര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കേരള മാനേജ്മെന്റ് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ദിലീപ് നാരായണന്‍ അധ്യക്ഷത വഹിച്ചു. മെമ്മോറിയല്‍ ലക്ചര്‍ ചെയര്‍ എ സി കെ നായര്‍ സ്വാഗതവും കെ എം എ ട്രഷറര്‍ കെ അനില്‍ വര്‍മ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!