
ബെര്‍ലിന്‍: ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ ധര്‍മ്മ ഫൗണ്ടേഷന്‍ ലോകമെമ്പാടുമുള്ള ശ്രീനാരായണീയരെ പങ്കെടുപ്പിച്ച് ദൈവദശകം ഒരേസമയം ആലപിക്കുന്ന പരിപാടിക്ക് നേതൃത്വം നല്‍കുന്നു. ലോകമെമ്പാടുമുള്ള ഭക്തരെ ഒരുമിപ്പിച്ച് ഗുരുദര്‍ശനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

ഒക്ടോബര്‍ 25ന് ഇന്ത്യന്‍ സമയം വൈകിട്ട് 7.15ന് നടക്കുന്ന പരിപാടിയില്‍ മലയാളം, കന്നഡ, സംസ്‌കൃതം എന്നിവയുള്‍പ്പെടെ വിവിധ ഭാഷകളില്‍ ദൈവദശകം ആലപിക്കും. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി നിരവധി കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിക്കും.

ശ്രീനാരായണ ഗുരു രചിച്ച ദൈവദശകത്തിന്റെ കൂട്ടായ പ്രാര്‍ഥനാ ആലാപനത്തിനും നേര്‍ഹിതത്തിനും സാര്‍വത്രിക സഹോദര്യത്തിനുമാണ് പരിപാടി സമര്‍പ്പിച്ചിരിക്കുന്നത്. ചതയദിനത്തില്‍ ജര്‍മ്മനിയില്‍ 350 പേര്‍ ചേര്‍ന്ന് ദൈവദശകം ആലപിച്ചതിന്റെ തുടര്‍ച്ചയായാണ് പുതിയ ലക്ഷ്യത്തിലേക്ക് പരിപാടി വ്യാപിപ്പിക്കുന്നത്.
20 രാജ്യങ്ങളില്‍ നിന്നുള്ള ഭക്തര്‍ പരിപാടിയില്‍ പങ്കെടുക്കും. ബ്രിട്ടന്‍, അമേരിക്ക, സിംഗപ്പൂര്‍, മലേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, സ്‌കോട്ലന്‍ഡ്, കുവൈത്ത്, ബഹ്റൈന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും പരിപാടിയുടെ ഭാഗമാകും.
ഗുരുദര്‍ശനത്തെ ആധാരമാക്കി നടക്കുന്ന പരിപാടിക്ക് ശ്രീനാരായണ ധര്‍മ്മ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഏകോപനം. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
കൊല്ലം സ്വദേശിയായ ഡോ. വരുണ്‍, 15 വര്‍ഷമായി ജര്‍മ്മനിയില്‍ ഉള്‍പ്പെടെ മെഡിക്കല്‍ വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നയാളാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലും സഹകരണത്തിലും പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

