
മനാമ: സാമ്പത്തിക ബാധ്യതകളും നിയമക്കുരുക്കുകളും കാരണം നാട്ടില്‍ പോകാനാകാതെ ബഹ്റൈനില്‍ ദുരിതത്തിലായ കണ്ണൂര്‍ സ്വദേശിനിയും നാല് പിഞ്ചുകുഞ്ഞുങ്ങളും നാട്ടിലേക്ക് യാത്രയായി. അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റിന്റെ സമാനതകളില്ലാത്ത മനുഷ്യത്വപരമായ നിലപാടുകളും ബി കെ എസ് എഫിന്റെ നേതൃത്വത്തില്‍ ബഹ്റൈനിലെ സാമൂഹിക സംഘടനകളും വ്യക്തികളും നടത്തിയ കൂട്ടായ ഇടപെടലുകളുമാണ് ഈ കുടുംബത്തിന് തുണയായത്.

കഴിഞ്ഞ നാല് വര്‍ഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം യാത്രാവിലക്ക് നേരിട്ട യുവാവ്, ഒരു വര്‍ഷം മുമ്പാണ് ഭാര്യയെയും മൂന്ന് മക്കളെയും സന്ദര്‍ശക വിസയില്‍ ബഹ്റൈനില്‍ എത്തിച്ചത്. എന്നാല്‍ പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ മുടങ്ങിയതോടെ വിസ കാലാവധി തീരുകയും കുടുംബം പ്രയാസത്തിലാവുകയും ചെയ്തു. ഇതിനിടെ ഭാര്യ വീണ്ടും ഗര്‍ഭിണിയാവുകയും നാലാമതൊരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തതോടെ ജീവിതം പൂര്‍ണ്ണമായും ദുരിതത്തിലായി.

സുഹൃത്തുക്കള്‍ വഴി വിവരമറിഞ്ഞ സാമൂഹിക പ്രവര്‍ത്തകരായ അബൂബക്കര്‍ പട്ല, ശിഹാബ് മരക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസി വഴി എമിഗ്രേഷന്‍ ക്ലിയറന്‍സിന് ശ്രമിച്ചപ്പോഴാണ് പ്രസവാനന്തര സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രി നല്കിയ കേസ് മൂലം ഭാര്യയ്ക്കും യാത്രാ വിലക്കുണ്ടെന്ന വിവരം പുറത്തറിയുന്നത്.
തുടര്‍ന്ന്, പ്രതിഭ, ഐ സി എഫ്, കണ്ണൂര്‍ സിറ്റി കൂട്ടായ്മ, ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം സഹായത്താല്‍ ബി കെ എസ് എഫും സിറാജ് മാമ്പ എന്നിവര്‍ ചേര്‍ന്ന് നല്കിയ ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാനാകാതെ വിഷയം സങ്കീര്‍ണ്ണമായി. ഈ ഘട്ടത്തിലാണ് വിഷയം ബി കെ എസ് എഫിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. സെപ്റ്റംബര്‍ 7-ന് മനാമ കെ സിറ്റി ബിസിനസ്സ് സെന്ററില്‍ സുബൈര്‍ കണ്ണൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമൂഹിക പ്രവര്‍ത്തകരുടെ യോഗം കുടുംബത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് സെപ്റ്റംബര്‍ 12-ന് ബഷീര്‍ അമ്പലായി, സുബൈര്‍ കണ്ണൂര്‍, നജീബ് കടലായി, അനസ് റഹീം എന്നിവര്‍ അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ വൈസ് പ്രസിഡന്റ് ആസിഫുമായി കൂടിക്കാഴ്ച നടത്തി. കുടുംബത്തിന്റെ ദയനീയ അവസ്ഥ മനസ്സിലാക്കിയ ഹോസ്പിറ്റല്‍ മാനേജ്മെന്റ്, അടയ്ക്കാനുണ്ടായിരുന്ന വലിയ തുകയും കോടതി ഫീസും പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കുകയും യാത്രവിലക്ക് നീക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുകയും ചെയ്തു.
സെപ്റ്റംബര്‍ 20-ന് ബി കെ എസ് എഫ് മുഖാന്തിരം യാത്രാവിലക്ക് നീക്കുന്നതിനുള്ള കോടതി ഫീസ് അടയ്ക്കുകയും കുട്ടികളുടെ ഔട്ട് പാസ് പുതുക്കുകയും ചെയ്തു. മെഡ്ഹെല്പ്പ് ടീം ആവശ്യമായ മെഡിക്കല്‍ സഹായങ്ങളും മരുന്നുകളും നല്കി. പ്രതിസന്ധി ഘട്ടത്തില്‍ ജെ പി പ്രോപ്പര്‍ട്ടീസ് ടീമംഗങ്ങളായ പ്രനീഷ്, ജിതിന്, അബ്ദുറഹിമാന് എന്നിവര്‍ കുടുംബത്തിന് താമസസൗകര്യം ഒരുക്കി നല്കി.
യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് ടിക്കറ്റുകള്‍ റീ-ഇഷ്യൂ ചെയ്യുന്നതിനായി ‘ഹോപ്പ് ബഹ്റൈന്‍’ സാമ്പത്തിക സഹായവും കുടുംബത്തിനാവശ്യമായ ഭക്ഷണസാധനങ്ങളും നല്കി. എംബസി ഉദ്യോഗസ്ഥരും ഔട്ട് പാസ് നടപടികള്‍ വേഗത്തിലാക്കാന്‍ പൂര്‍ണ്ണ പിന്തുണ നല്കി.
എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 29-ന് കുടുംബം നാട്ടിലേക്ക് തിരിച്ചു. സുബൈര്‍ കണ്ണൂര്‍, ബഷീര്‍ അമ്പലായി, കെ ടി സലിം, നജീബ് കടലായി, ഹാരിസ് പഴയങ്ങാടി, അനസ് റഹീം, കാസിം പാഠത്തിങ്കല്, ലത്തീഫ് ആയഞ്ചേരി, അഷ്കര്‍ പൂഴിത്തല, ലത്തീഫ് മരക്കാട്ട്, അഷറഫ് സി എച്ച്, അന്‍വര്‍ കണ്ണൂര്‍, സലിം നമ്പ്ര, ഷബീര്‍ മാഹി, സിദ്ധീഖ് പി വി കണ്ണൂര്‍, ജമാല്‍ ഇരിങ്ങല്‍, നവാസ് കുണ്ടറ, സൈഫ് അഴീക്കോട്, ഷഫീക്ക് ഭായ് സി പി, ഷാജികുട്ടന്‍, ബദ്റുദ്ധീന്‍ പൂവാര്‍, മജീദ് തണല്‍, നുബിന്‍ അന്‍സാരി, സൈനുല്‍ കൊയിലാണ്ടി, നൗഷാദ് പൂനൂര്, ഷാജി മൂതല, ഖൈസ് കണ്ണൂര്‍, ഫൈസല്‍ മറീന, നജീബ് കണ്ണൂര്‍, അന്‍വര്‍ ശൂരനാട്, ഷമീര്‍ കൊല്ലം, റഫീക്ക് അബ്ദുള്ള, സിറാജ് മാമ്പ, ഫൈസൂക്ക് കണ്ണൂര്‍, കാസിം മലയില്‍, സത്യന് പേരാമ്പ്ര, അബ്ദുറഹിമാന് ചെക്യാട് എന്നിവരാണ് ഈ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
വലിയൊരു സാമ്പത്തിക ബാധ്യത പൂര്‍ണ്ണമായി എഴുതിത്തള്ളി മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റിനും ഇതിനായി കൈകോര്‍ത്ത മുഴുവന്‍ പ്രവാസി സംഘടനകള്‍ക്കും പ്രവാസി സമൂഹം നന്ദിയും ആദരവും അറിയിച്ചു.

