
തൃശൂര്‍: പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കി സുരേഷ് മച്ചാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം’ എന്ന സിനിമയുടെ പൂജാച്ചടങ്ങ് തൃശ്ശൂര്‍ എലൈറ്റ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്നു.

എസ് എസ് എസ് ഫിലിം കമ്പനിയുടെ ബാനറില്‍ സുധീര്‍ അമ്മാനത്ത്, ഷാജു സിയോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നടന് ടി ജി രവി ഭദ്രദീപം തെളിയിച്ച് ചടങ്ങിന് ആരംഭം കുറിച്ചു. കവി വയലാര്‍ രാമവര്‍മ്മയുടെ തൂലികയില്‍ വിരിഞ്ഞ ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം വിദ്യാധരന് മാസ്റ്ററുടെ മനോഹരമായ സംഗീതത്തില്‍ ഈ ചിത്രത്തിലൂടെ പിറവിയെടുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.പ്രശസ്ത പിന്നണി ഗായകന് കെ കെ നിഷാദാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ചടങ്ങില്‍ സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍, ചലച്ചിത്ര താരം ജയരാജ് വാര്യര്‍, ഗായകന് കെ കെ നിഷാദ്, നായിക അഥീന സുനില്‍ തുടങ്ങി സിനിമാ- രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
തിരക്കഥ- എസ് ശ്രീകുമാര്‍, പി രഘുനാഥ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- മുരളി ഗുരുവായൂര്‍, സ്റ്റില്‍സ്സ്- വിദ്യാസാഗര്‍, പി ആര് ഓ- എ എസ് ദിനേശ്, മനു ശിവന്.

