
ഇടപ്പള്ളി: എറണാകുളം ജില്ലാ ഭരണകൂടം അതിഥി വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കിവരുന്ന റോഷ്നി പദ്ധതിയുടെ ഭാഗമായി ബിഹാറിലെ പുരാതന ചിത്രകലാരൂപമായ മധുബനി ചിത്രകലയില്‍ പരിശീലനം ആരംഭിച്ചു. പദ്ധതിയില്‍ ഉള്‍പ്പെട്ട അഞ്ച് സ്കൂളുകളില്‍ നിന്നായി 31 അതിഥി വിദ്യാര്‍ഥികളാണ് പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നത്.

പഠനത്തോടൊപ്പം അതിഥി വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ നൈപുണ്യം കൂടി നേടുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നോര്‍ത്ത് ഇടപ്പള്ളി കുന്നുംപുറം ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹാളിലാണ് പരിശീലനം നടക്കുന്നത്.

ബിഹാര്‍ സ്വദേശികളും പ്രമുഖ മധുബനി കലാകാരന്മാരുമായ ചന്ദ്രകാന്ത് കുമാര്‍ ബാരി, ലളിത ദത്ത എന്നിവര്‍ ബിഹാറില്‍നിന്ന് എത്തിയാണ് വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് പരിശീലനം നല്‍കുന്നത്. റോഷ്നി പദ്ധതിയുടെ ആദ്യകാല ഗുണഭോക്താവും നിലവില്‍ റോഷ്നി വോളന്റിയറുമായ ബിഹാര്‍ സ്വദേശിനി ദറക്ഷ പര്‍വീണ്‍ മെന്ററായി പ്രവര്‍ത്തിക്കുന്നു.
പരിശീലനത്തിന്റെ ഉദ്ഘാടനം എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ ഹൃതിക് രഞ്ജന്‍ മധുബനി ചിത്രം വരച്ചുകൊണ്ട് നിര്‍വഹിച്ചു. ചടങ്ങില്‍ റോഷ്നി പദ്ധതി ജനറല്‍ കോര്‍ഡിനേറ്റര്‍ സി കെ പ്രകാശ്, അക്കാദമിക് കോര്‍ഡിനേറ്റര്‍ ഡോ. ജയശ്രീ കുലകുന്നത്ത്, സ്കൂള്‍ ഹെഡ്മിസ്ട്രസ് ബാലാംബിക, സ്റ്റാഫ് സെക്രട്ടറി മാഹിന്‍, കലക്ടറേറ്റ് ഇന്റേണ്‍മാരായ എല്‍ദോ മാത്യു, എലിസബത്ത് എന്നിവര്‍ പങ്കെടുത്തു.

