
കൊച്ചി: ശാസ്ത്രത്തിലും കണ്ടുപിടിത്തുങ്ങളിലുമെല്ലാം ഇന്ത്യയ്ക്ക് വലിയ പാരമ്പര്യവും നേട്ടങ്ങളുമുണ്ടെങ്കിലും അവയിലേക്ക് ഐതിഹ്യങ്ങളേയും പുരാണ കഥകളേയും കൂട്ടിച്ചേര്‍ത്ത് ലോകത്തിന് മുമ്പില്‍ പരിഹാസ്യരാവുന്ന പ്രവണത അടുത്ത കാലത്ത് വര്‍ധിച്ചതായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ മലയാളം വിഭാഗം ഹെഡും അസോസിയേറ്റ് പ്രൊഫസറുമായ ക്യാപ്റ്റന്‍ ലിറ്റി ചാക്കോ പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷന്‍ വിമന്‍സ് ലീഡേഴ്സ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. യൂറോ കേന്ദ്രീകൃത നിഴലുകള്‍ക്കപ്പുറം: കേരളത്തിന്റെ ശാസ്ത്രീയ ആത്മാവിനെ വീണ്ടെടുക്കാന്‍ നമുക്ക് കൊളോണിയല്‍ ചിന്താഗതികളെ മറികടക്കാനാകുമോ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.

വാനനിരീക്ഷണ കേന്ദ്രത്തെ നക്ഷത്ര ബംഗ്ലാവെന്നു വിളിച്ച് മാറിനില്‍ക്കാനാണ് നമ്മളിപ്പോഴും ശ്രമിക്കുന്നത്. അതിനെ ലബോറട്ടറിയായി കാണാന്‍ ശ്രമിക്കുന്നില്ല. ജ്യോതിശാസ്ത്രത്തെ കുറിച്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ പഠിക്കുകയും താളിയോലകളില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അക്കാര്യങ്ങളില്‍ നാസയില്‍ ഉള്‍പ്പെടെ ഇപ്പോഴും ഗവേഷണങ്ങളും പഠനങ്ങളും നടക്കുന്നുണ്ട്. ഗവേഷണ പ്രബന്ധങ്ങള്‍ ഉള്‍പ്പെടെ രചിക്കുന്നുണ്ട്. എന്നാല്‍ മലയാളികള്‍ക്ക് ഉള്‍പ്പെടെ ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയില്ലെന്നും തങ്ങളുടെ മഹത്തായ പാരമ്പര്യത്തെ അറിയില്ലെന്നും ലിറ്റി ചാക്കോ പറഞ്ഞു. താളിയോലകളും അവയിലെ അറിവുകളും സംരക്ഷിച്ചു വെക്കാനാണ് താനിപ്പോള്‍ ശ്രമിക്കുന്നതെന്നും പിന്നാലെ വരുന്നവര്‍ ആരെങ്കിലും അവയിലെഴുതിയ കാര്യങ്ങള്‍ പഠിക്കുമെന്നുമാണ് താന്‍ കരുതുന്നതെന്നും അവര്‍ വിശദമാക്കി.

ചെടികളും പൂവുകളും ഉള്‍പ്പെടെ വിദേശത്തു നിന്നും വന്നതെന്ന് നമ്മള്‍ കരുതുന്ന പലതും നൂറ്റാണ്ടുകള്‍ക്കു മുമ്പ് സംഘകൃതികളില്‍ പോലും പരാമര്‍ശിച്ചവയാണെന്നും നമ്മുടെ മികച്ച പാരമ്പര്യം ഐതിഹ്യങ്ങളുടേയും കെട്ടുകഥകളുടേയും അകമ്പടിയോടെയല്ലാതെ തിരിച്ചറിയാനെങ്കിലും സാധിക്കണമെങ്കിലും ക്യാപ്റ്റന്‍ ലിറ്റി ചാക്കോ ചൂണ്ടിക്കാട്ടി.
കേരള മാനേജ്മെന്റ് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ദിലീപ് നാരായണന്‍ അധ്യക്ഷത വഹിച്ചു. കെ എം എ വിമന്‍ ലീഡേഴ്സ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. രാധ തേവന്നൂര്‍ സ്വാതവും കെ എം എ ഹോണററി സെക്രട്ടറി ലേഖ ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.

