ഖത്തറില്‍ നാല് ആരോഗ്യകേന്ദ്രങ്ങള്‍ക്ക് ‘ശിശുസൗഹൃദ’ പദവി

Web Desk
1 Min Read

ദോഹ: മാതൃ- ശിശു ആരോഗ്യസംരക്ഷണം ശക്തിപ്പെടുത്തുന്നതിനും മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനും അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും അനുകൂലമായ ആരോഗ്യപരിചരണ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായി ഖത്തറിലെ നാല് ആരോഗ്യകേന്ദ്രങ്ങള്‍ക്ക് ‘ശിശുസൗഹൃദ’ (ബേബി ഫ്രണ്ട്ലി) പദവി നല്‍കി പൊതുജനാരോഗ്യ മന്ത്രാലയം.

city exchange

പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനു കീഴിലുള്ള ലെബൈബ്, ഉമ്മുസലാല്‍, അല്‍ തുമാമ, മുവൈതര്‍ ആരോഗ്യകേന്ദ്രങ്ങള്‍ക്കാണ് പദവി ലഭിച്ചത്. ലോകാരോഗ്യ സംഘടനയുടെയും ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ക്ഷേമത്തിനായുള്ള സംഘടനയായ യുനിസെഫിന്റെയും അംഗീകാരമുള്ള ‘ബേബി ഫ്രണ്ട്ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ്’ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ പുലര്‍ത്തിയ പ്രതിബദ്ധതയും അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആവശ്യമായ പരിചരണവും പിന്തുണയും ഉറപ്പാക്കിയതും പരിഗണിച്ചാണ് അംഗീകാരം.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധസംഘം നടത്തിയ സമഗ്രമായ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമാണ് പദവി നല്‍കിയത്. പദ്ധതിയുടെ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും ആരോഗ്യകേന്ദ്രങ്ങള്‍ എത്രത്തോളം പാലിക്കുന്നുണ്ടെന്ന് സംഘം പരിശോധിച്ചു.

പുതിയ അംഗീകാരത്തോടെ ഖത്തറില്‍ ‘ശിശുസൗഹൃദ’ പദവി ലഭിച്ച ആരോഗ്യപരിചരണ സ്ഥാപനങ്ങളുടെ എണ്ണം ഒമ്പതായി. നേരത്തേ അഞ്ച് സ്ഥാപനങ്ങള്‍ക്ക് ഈ പദവി ലഭിച്ചിരുന്നു. മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കുന്ന ആരോഗ്യപരിചരണ രീതികള്‍ വ്യാപിപ്പിക്കുന്നതിലും മാതൃ- ശിശു സംരക്ഷണം മെച്ചപ്പെടുത്തുന്നതിലും രാജ്യം കൈവരിക്കുന്ന പുരോഗതിയുടെ തെളിവാണിത്.

- Advertisement -
Ad image

പുതിയ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് ശിശുസൗഹൃദ പദവി ലഭിച്ചത് മാതൃ- ശിശു ആരോഗ്യസംരക്ഷണം മെച്ചപ്പെടുത്തുന്നതിനും മുലയൂട്ടലിന് പിന്തുണ നല്‍കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ പ്രതിഫലനമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യപ്രോത്സാഹന വിഭാഗം ഡയറക്ടര്‍ ഡോ. സലാഹ് അബ്ദുല്ല അല്‍യാഫി പറഞ്ഞു.

പൊതു- സ്വകാര്യ മേഖലകളിലെ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനും ആരോഗ്യപ്രവര്‍ത്തകരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ ഖത്തറില്‍ ‘ബേബി ഫ്രണ്ട്ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ്’ കൂടുതല്‍ വ്യാപകമായി നടപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുലയൂട്ടലിനെ പിന്തുണയ്ക്കുന്ന ആരോഗ്യപരിചരണ സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതിനായി ലോകാരോഗ്യ സംഘടനയും യുനിസെഫും ചേര്‍ന്ന് ആരംഭിച്ച ആഗോള പദ്ധതിയാണ് ‘ബേബി ഫ്രണ്ട്ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ്’.

Share This Article
Leave a Comment
error: Content is protected !!