
ദോഹ: വനിതകളുടെ കഴിവുകള്‍ക്കും സംരംഭകത്വത്തിനും പ്രോത്സാഹനം നല്‍കുന്നതിനൊപ്പം സുസ്ഥിര ജീവിതശൈലിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എം ജി എം ഖത്തര്‍ സംഘടിപ്പിച്ച ഫ്‌ളേവേഴ്‌സ് ആന്‍ഡ് ഫ്‌ളോറ- സീസണ്‍ 2 എക്‌സ്‌പോ ശ്രദ്ധേയമായി. തുമാമയിലെ ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ അക്കാദമി ഗ്രൗണ്ടില്‍ നടന്ന എക്‌സ്‌പോയില്‍ കുടുംബങ്ങളുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സന്ദര്‍ശകരായി എത്തി.

എം ഇ എസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദറും ഐ സി ബി എഫ് പ്രതിനിധി മിനി സിബിയും എം ജി എം ഖത്തര്‍ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു.

ഖത്തറിലെ വീടുകളില്‍ വിഷരഹിതമായ ജൈവ പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ വനിതകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എം ജി എം ഖത്തര്‍ നടപ്പിലാക്കുന്ന ‘ഹരിതഭവനം’ പദ്ധതിയുടെ പതിനൊന്നാം സീസണിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു.
കണക്ട്, കണ്‍സേര്‍വ്, ക്രിയേറ്റ് എന്ന പ്രമേയത്തിലൂടെ സുസ്ഥിര ജീവിതശൈലിയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനാണ് എക്‌സ്‌പോ പ്രധാനമായും ഊന്നല്‍ നല്‍കിയത്. വീടുകളില്‍ പരിസ്ഥിതി സൗഹൃദ ശീലങ്ങള്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന സന്ദേശം എക്‌സ്‌പോയിലെ വിവിധ പ്രദര്‍ശനങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും സന്ദര്‍ശകരിലെത്തിച്ചു. ഇതിന്റെ ഭാഗമായി ‘ബെസ്റ്റ് ഔട്ട് ഓഫ് വെയ്സ്റ്റ്’ മത്സരവും മിച്ചം വന്ന ഭക്ഷണങ്ങള്‍ പ്രയോജനപ്പെടുത്തി വിഭവങ്ങള്‍ തയ്യാറാക്കുന്ന ‘ലെഫ്റ്റ് ഓവര്‍ ഫുഡ് റെസിപ്പി’ മത്സരവും സംഘടിപ്പിച്ചു.
വിവിധ എം ജി എം മേഖലകള്‍ ഒരുക്കിയ വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങളുടെ ഫുഡ് സ്റ്റാളുകള്‍ എക്‌സ്‌പോയുടെ പ്രധാന ആകര്‍ഷണമായി. എം ജി എം ഹരിതഭവനത്തിന്റെ നേതൃത്വത്തില്‍ തൈകള്‍, പൂച്ചെടികള്‍, വിവിധയിനം സസ്യങ്ങള്‍, വളങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം നടന്നു. എം ജി എം അംഗങ്ങള്‍ സ്വന്തമായി നിര്‍മ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിച്ചു.

കുട്ടികള്‍ക്കായി ഒരുക്കിയ കിഡ്‌സ് കോര്‍ണര്‍ വിവിധ കളികള്‍, മത്സരങ്ങള്‍ എന്നിവയാല്‍ സജീവമായി. പ്രവാസികളായ കുട്ടികള്‍ക്ക് തനതായ അനുഭവം സമ്മാനിച്ച കിഡ്സ് കോര്‍ണറില്‍ തത്സമയ മൈലാഞ്ചിയിടല്‍, ഫേസ് പെയിന്റിംഗ് തുടങ്ങിയവയും സംഘടിപ്പിച്ചു.
‘ഭൂമി ഒരു അമാനത്താണ്’ എന്ന സന്ദേശത്തില്‍ ക്യു എല്‍ എസ് വിങ്ങിന്റെ നേതൃത്വത്തില്‍ വിവിധ പ്രദര്‍ശനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ വിദ്യാഭ്യാസ വിഭാഗം ബോധവത്ക്കരണ സ്റ്റാളുകളും മത്സരങ്ങളുമായി എക്‌സ്‌പോയില്‍ പങ്കാളികളായി. മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള അത്ഭുതകരമായ യാത്രയുടെ ദൃശ്യവിവരണവും സംവിധാനിച്ചിരുന്നു.

വായനാപ്രേമികള്‍ക്കായി ഒരുക്കിയ ‘ബുക്ക് ലവേഴ്‌സ് കോര്‍ണര്‍’ മറ്റൊരു സവിശേഷതയായിരുന്നു. നസീം മെഡിക്കല്‍ സെന്ററിന്റെ നേതൃത്വത്തില്‍ സന്ദര്‍ശകര്‍ക്കായി സൗജന്യ വൈറ്റല്‍ ഹെല്‍ത്ത് ചെക്കപ്പും ഒരുക്കി. പരിപാടിക്ക് എം ജി എം ഖത്തര്‍ പ്രസിഡണ്ട് സനിയ ടീച്ചര്‍, ജനറല്‍ സെക്രട്ടറി തൗഹീദ റഷീദ്, ട്രഷറര്‍ ജാസ്മിന്‍ നൗഷാദ്, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ റഷീദ് അലി വി പി, ഹമീദ് കല്ലിക്കണ്ടി, അസ്ലം മാഹി, കൂടാതെ എം ജി എം പ്രവര്‍ത്തക സമിതി അംഗങ്ങളും നേതൃത്വം നല്‍കി.

