
കൊച്ചി: നവാഗതനായ രജീഷ് രാജന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അരികില്‍ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു.

ലൂസിഫര്‍, ഗുമസ്തന്‍, ആഘോഷം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജെയ്സ് ജോസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം അവതരണത്തിലും കഥയിലും വലിയ പ്രത്യേകതകള്‍ നിറഞ്ഞതാണ്. തികഞ്ഞ ഒരു പരീക്ഷണ ചിത്രമെന്നാണ് സംവിധായകന്‍ ഈ ചിത്രത്തേക്കുറിച്ച് പറഞ്ഞത്.

സ്‌നേഹം പറയാനോ പ്രകടിപ്പിക്കുവാനോ ശീലിച്ചിട്ടില്ലാത്ത ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥാ പുരോഗമിക്കുന്നത്. സ്‌നേഹം മാത്രം മനസ്സിലുള്ള ഭാര്യയുടെ ആ സ്‌നേഹം പോലും തിരിച്ചറിയുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. ചില പ്രത്യേക സാഹചര്യങ്ങള്‍ അദ്ദേഹത്തെ ഒറ്റപ്പെട്ട ജീവിതത്തിലെത്തിച്ചു. ഈ ഒറ്റപ്പെട്ട ജീവിതത്തിനിടയിലാണ് ചില സത്യങ്ങള്‍ അദ്ദേഹത്തിനു തിരിച്ചറിയുവാന്‍ കഴിഞ്ഞത്. ഈ തിരിച്ചറിവുകള്‍ അകന്നുപോയവരെ അരികിലേക്ക് എത്താന്‍ ആഗ്രഹമുദിക്കുകയും ചെയ്തു. ഈ സംഭവങ്ങളാണ് ഹൃദ്യമായ മുഹൂര്‍ത്തങ്ങളിലൂടെ അരികില്‍ എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മാധവന്‍ നായര്‍ എന്ന കഥാപാത്രത്തെ ജെയ്സ് ജോസ് ഭദ്രമാക്കുന്നു.
ഡാഡീസ് ഡ്രീം എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കോ പ്രൊഡക്ഷന്‍ സിജി ഗ്രൂപ്പാണ്. ശ്രീജിത്ത് ഇടവനയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം- സിബി ജോസഫ്, എഡിറ്റിംഗ്- സുജീര്‍ ബാബു സുരേന്ദ്രന്‍, പ്രൊജക്ട് ഡിസൈനര്‍- ഷാജു സെബാസ്റ്റ്യന്‍, കലാ സംവിധാനം- മോഹന്‍ദാസ്, കോസ്റ്റിയും ഡിസൈന്‍- ഷാജു സെബാസ്റ്റിയന്‍, മേക്കപ്പ്- മാളു എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് കെ മത്തായി.
നവംബര്‍ ഇരുപത്തിയൊന്നുമുതല്‍ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം വടക്കഞ്ചേരി, പാലക്കാട് ഭാഗങ്ങളിലായി പൂര്‍ത്തിയാകും.

