20-ാമത് ഫ്രാങ്കോഫോണി ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുത്തു

Web Desk
2 Min Read

ഫ്‌നോംപെന്‍: കംബോഡിയന്‍ തലസ്ഥാനമായ ഫ്‌നോംപെനില്‍ നടന്ന 20-ാമത് ഫ്രാങ്കോഫോണി ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുത്തു. രാഷ്ട്രത്തലവന്മാരുടെയും ഭരണത്തലവന്മാരുടെയും തലത്തില്‍ നടന്ന ഉച്ചകോടിക്ക് ‘പങ്കിട്ട സമൃദ്ധിക്കും സുസ്ഥിര സമാധാനത്തിനുമായി സമാധാനത്തില്‍ വീണ്ടും നിക്ഷേപം’ എന്നതായിരുന്നു പ്രമേയം.

city exchange

ഫ്രാങ്കോഫോണി രാജ്യാന്തര സംഘടനയുടെ പ്രതിനിധിയും ഫ്രാന്‍സിലെ ഖത്തര്‍ അംബാസഡറുമായ ശൈഖ് അലി ബിന്‍ ജാസിം അല്‍താനിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഉച്ചകോടിയില്‍ ഖത്തറിനെ പ്രതിനിധീകരിച്ചത്.

ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷപദവി ഫ്രാന്‍സ് കംബോഡിയയ്ക്ക് കൈമാറി. അടുത്ത രണ്ടുവര്‍ഷത്തേക്ക് കംബോഡിയയ്ക്കായിരിക്കും ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഫ്രാങ്കോഫോണി സംഘടന സെക്രട്ടറി ജനറല്‍ ലൂയിസ് മുഷിക്കിവാബോ, കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റ്, കംബോഡിയന്‍ രാജാവ് നൊറോഡോം സിഹാമോണി എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.

ഫ്രാങ്കോഫോണി രാജ്യങ്ങള്‍ക്കിടയില്‍ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും അംഗരാജ്യങ്ങളും സര്‍ക്കാരുകളും തമ്മിലുള്ള സഹകരണവും ഐക്യദാര്‍ഢ്യവും ശക്തിപ്പെടുത്തുന്നതിനുമുള്ള മാര്‍ഗങ്ങള്‍ ദ്വൈവാര്‍ഷിക ഉച്ചകോടി ചര്‍ച്ച ചെയ്തു. പൊതുവായ രാഷ്ട്രീയ, സാമ്പത്തിക, വികസന വെല്ലുവിളികള്‍, കൂട്ടായ സമൃദ്ധിയും ദീര്‍ഘകാല സ്ഥിരതയും ഉറപ്പാക്കുന്നതിനായി ബഹുരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി.

- Advertisement -
Ad image

ഫ്‌നോംപെന്‍ പ്രഖ്യാപനം അംഗീകരിക്കുന്നതും ഫ്രാങ്കോഫോണി മേഖലയില്‍ പ്രതിസന്ധികള്‍, പ്രതിസന്ധിക്കുശേഷമുള്ള പുനരുജ്ജീവനം, സമാധാനനിര്‍മാണം എന്നിവ സംബന്ധിച്ച കരട് പ്രമേയവും ഉച്ചകോടിയുടെ പരിഗണനയ്ക്കു വന്നു. ഫെബ്രുവരി 28 മുതല്‍ മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷവും സൈനിക സംഘര്‍ഷാവസ്ഥയും അവസാനിപ്പിക്കുന്നതിനായി ഖത്തര്‍ നടത്തിയ മധ്യസ്ഥശ്രമങ്ങളെയും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായുള്ള നയതന്ത്ര ഇടപെടലുകളെയും പ്രമേയം പ്രത്യേകം പ്രശംസിക്കുന്നു.

2028-ല്‍ നടക്കാനിരിക്കുന്ന 21-ാമത് ഫ്രാങ്കോഫോണി ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള കാനഡയുടെ താത്പര്യവും ഉച്ചകോടിയുടെ അജണ്ടയില്‍ ഉള്‍പ്പെട്ടിരുന്നു. കൂടാതെ, 2027 മുതല്‍ 2030 വരെയുള്ള നാലുവര്‍ഷത്തേക്ക് ഫ്രാങ്കോഫോണി രാജ്യാന്തര സംഘടനയുടെ സെക്രട്ടറി ജനറലിനെ തെരഞ്ഞെടുക്കുന്നതും പരിഗണിച്ചു.

അംഗരാജ്യങ്ങളുമായും ഫ്രാങ്കോഫോണി രാജ്യാന്തര സംഘടനയിലെ സര്‍ക്കാരുകളുമായും സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും സംഭാഷണം, പരസ്പരധാരണ, ബഹുരാഷ്ട്ര സഹകരണം എന്നിവ മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള ഖത്തറിന്റെ പ്രതിബദ്ധതയാണ് ഉച്ചകോടിയിലെ പങ്കാളിത്തം വ്യക്തമാക്കുന്നത്.

ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലായി 90 രാജ്യങ്ങളെയും സര്‍ക്കാരുകളെയും ഉള്‍ക്കൊള്ളുന്ന സംഘടനയാണ് ഫ്രാങ്കോഫോണി രാജ്യാന്തര സംഘടന. 2012-ല്‍ അസോസിയേറ്റ് അംഗമായി സംഘടനയില്‍ ചേര്‍ന്ന ഖത്തര്‍, അതിന്റെ യോഗങ്ങളിലും വിവിധ പരിപാടികളിലും പതിവായി പങ്കെടുക്കുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!