Featured
നിദ അന്‍ജും ചേലാട്ട് ഇനി ചരിത്രത്തിന്റെ ഭാഗം
പാരീസ്: ഇന്റര്‍നാഷണല്‍ എക്യുസ്ട്രിയന്‍ ഫെഡറേഷന്‍ സംഘടിപ്പിച്ച എഫ് ഇ ഐ എന്‍ഡ്യൂറന്‍സ് ലോക ചാംപ്യന്‍ഷിപ്പ് ദീര്‍ഘദൂര കുതിയോട്ടത്തിലെ സീനിയര്‍ വിഭാഗം മത്സരം പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി നിദ അന്‍ജും ചേലാട്ട്. ഫ്രാന്‍സിലെ മോന്‍പാസിയറില്‍ നടന്ന മത്സരത്തില്‍ 17-ാം സ്ഥാനത്താണ് നിദ ഫിനിഷ് ചെയ്തത്. ഈ വിഭാഗത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ ആദ്യ ഇന്ത്യക്കാരി കൂടിയാണ് നിദ.
പത്തുമണിക്കൂര്‍ 23 മിനുട്ട് സമയം കൊണ്ടാണ് 22 നിദ അന്‍ജും ചേലാട്ട് എന്ന കല്‍പകഞ്ചേരിക്കാരി 160 കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയാക്കിയത്. തന്റെ പന്ത്രണ്ടുകാരി പെട്ര ഡെല്‍ റേയെന്ന പെണ്‍കുതിരപ്പുറത്താണ് നിദ നേട്ടം കൊയ്തത്.
നാല്‍പ്പത് രാജ്യങ്ങളില്‍ നിന്നായി 118 കുതിരയോട്ടക്കാരാണ് മത്സരത്തില്‍ അണിനിരന്നത്. എന്നാല്‍ നിദ ഉള്‍പ്പെടെ 45 പേരാണ് 160 കിലോമീറ്ററും പൂര്‍ത്തിയാക്കിയത്.
യു എ ഇ, ബഹറൈന്‍, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച കുതിരയോട്ടക്കാരായിരുന്നു ഈ യുവതിക്ക് എതിരാൡകളായി രംഗത്തെത്തിയത്. ചാംപ്യന്‍ഷിപ്പിലെ ജൂനിയര്‍ വിഭാഗം മത്സരവും നിദ നേരത്തെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
പാറയിടുക്കുകളും ജലാശയങ്ങളും കാടും താണ്ടുന്ന ആറ് ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തില്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ കുതിര മുന്നേറിയാല്‍ മാത്രമേ ഓരോ ഘട്ടങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളു. ഓരോ ഘട്ടത്തിലും കുതിരയെ വിദഗ്ധ സംഘം പരിശോധിക്കും.
ആദ്യ ഘട്ടത്തില്‍ 61-ാം സ്ഥാനത്തായിരുന്ന നിദ രണ്ടാം ഘട്ടത്തില്‍ 56-ാം സ്ഥാനത്തും മൂന്നാം ഘട്ടത്തില്‍ 41-ാം സ്ഥാനത്തും നാലാം ഘട്ടത്തില്‍ 36-ാം സ്ഥാനത്തും അഞ്ചാംഘട്ടത്തില്‍ 27-ാം സ്ഥാനത്തുമായിരുന്ന നിദ അവസാന ഘട്ടത്തില്‍ 17-ാം സ്ഥാനത്തേക്ക് മുന്നേറുകയായിരുന്നു. ചാംപ്യന്‍ഷിപ്പിലെ വ്യക്തിഗത മത്സരത്തില്‍ ബഹറൈന്‍ സ്വര്‍ണവും യു എ ഇ വെള്ളിയും നേടി. ഗ്രൂപ്പ് മത്സരത്തില്‍ ഫ്രാന്‍സും ചൈനയുമാണ് ജേതാക്കളായത്.
ഒന്നില്‍ കൂടുതല്‍ തവണ 160 കിലോമീറ്റര്‍ കുതിരയോട്ടം പൂര്‍ത്തിയാക്കി ത്രീസ്റ്റാര്‍ റൈഡര്‍ പദവി നേടിയ ആദ്യത്തെ ഇന്ത്യന്‍ വനിതയാണ് നിദ.
പ്ലസ് ടു കാലത്ത് അബൂദാബി എന്‍ഡ്യൂറന്‍സ് ചാംപ്യന്‍ഷിപ്പില്‍ ഗോള്‍ഡ് സ്വാര്‍ഡ് പുരസ്‌ക്കാരം നേടിയ നിദ അലി അല്‍ മുഹൈരിയുടെ കീഴിലാണ് കുതിരയോട്ടം പരിശീലിക്കുന്നത്. ഇപ്പോള്‍ സ്‌പെയിനില്‍ മാനേജ്‌മെന്റിലും ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റിലും മാസ്റ്റേഴ്‌സ് വിദ്യാര്‍ഥിനിയായ നിദ യു കെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബിര്‍മിംഗ്ഹാമില്‍ നിന്നും സാമൂഹിക പ്രവര്‍ത്തനത്തില്‍ ബിരുദവും ദുബായിലെ റാഫിള്‍സ് വേള്‍ഡ് അക്കാദമിയില്‍ നിന്ന് ഐ ബി ഡിപ്ലോമയും നേടിയിരുന്നു.
യു എ ഇയിലെ റീജന്‍സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടിന്റേയും മിന്നത്ത് അന്‍വര്‍ അമീന്റേയും മകളാണ് നിദ. ഡോ. ഫിദ അന്‍ജും ചേലാട്ടാണ് സഹോദരി.