Connect with us

NEWS

കെ എം എ വാര്‍ഷിക അവാര്‍ഡുകള്‍ സമ്മാനിച്ചു

Published

on


കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്‍ (കെ എം എ) ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ സമ്മാനിച്ചു. കലൂര്‍ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് ഡയറക്ടര്‍ കെ ജയകുമാര്‍ മുഖ്യാതിഥിയായിരുന്നു.

സുസ്ഥിര വികസനത്തിനായി ഹരിത സമ്പദ് വ്യവസ്ഥയിലേക്ക് മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. തീരുമാനം എടുക്കാനുള്ള കഴിവാണ് ഏതൊരു രംഗത്തും ജയപരാജയങ്ങള്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേതൃഗുണമല്ല മറിച്ച് പ്രതിരോധമാണ് ഇന്ന് ആവശ്യം. ജനങ്ങളുടെ പ്രതീക്ഷയിലുണ്ടായ മാറ്റം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. എന്നാല്‍ സ്വകാര്യ മേഖല വളരെ വേഗം മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നു. പല സര്‍ക്കാര്‍ വകുപ്പുകളും ഓഫീസുകളും ഇപ്പോഴും 1947ന് മുന്‍പത്തെ അവസ്ഥയിലാണെന്ന് ജയകുമാര്‍ പറഞ്ഞു.

കെ എം എ പ്രസിഡന്റ് എ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഓണററി സെക്രട്ടറി ദിലീപ് നാരായണന്‍ സ്വാഗതവും സീനിയര്‍ വൈസ് പ്രസിഡന്റ് ബിബു പുന്നൂരാന്‍ നന്ദിയും പറഞ്ഞു.

ഐ ടി ലീഡര്‍ഷിപ്പ് അവാര്‍ഡ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് വൈസ് പ്രസിഡന്റും ഡെലിവറി സെന്റര്‍ കേരള മേധാവിയുമായ ദിനേശ് തമ്പിക്കും മാനേജര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഫെഡറല്‍ ബാങ്ക് ടാലന്റ് അക്വിസിഷന്‍ ആന്റ് ഡിപ്ലോയ്‌മെന്റ് വൈസ് പ്രസിഡന്റ് എ സബീന ഷാജിക്കും കെ ജയകുമാര്‍ സമ്മാനിച്ചു.

മറ്റ് കെ എം എ എക്‌സലന്‍സ് അവാര്‍ഡുകള്‍: നിര്‍മാണ മേഖലയില്‍ ഹാരിസണ്‍സ് മലയാളം (വിജയി), കെ എസ് ബി മില്‍ കണ്‍ട്രോള്‍സ് (റണ്ണര്‍ അപ്), ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (സ്‌പെഷ്യല്‍ ജൂറി), സേവന മേഖലയില്‍ ഫെഡറല്‍ ബാങ്ക് (വിജയി), സിയാല്‍ (റണ്ണര്‍ അപ്), ഐ ടി മേഖലയില്‍ ഫിന്‍ജന്റ് ഗ്ലോബല്‍ സൊല്യൂഷന്‍സ്, റിപ്ലൈ വലോരെം (വിജയികള്‍), ആശുപത്രി മേഖലയില്‍ രാജഗിരി ഹോസ്പിറ്റല്‍സ് (സ്‌പെഷ്യല്‍ ജൂറി), മാനുഫാക്ചറിംഗ് ഇന്നവേഷന്‍സില്‍ നിറ്റ ജെലാറ്റിന്‍ (വിജയി), ഹെര്‍ബല്‍ ഐസൊലേറ്റ്‌സ് (റണ്ണര്‍ അപ്), ഫ്യൂസിലേഗ് ഇന്നവേഷന്‍സ് (സ്‌പെഷ്യല്‍ ജൂറി) എന്നിവര്‍ക്കും അവാര്‍ഡുകള്‍ സമ്മാനിച്ചു.

ഏറ്റവും മികച്ച ഇന്‍ ഹൗസ് മാഗസിനുകള്‍ക്കുള്ള അവാര്‍ഡ് അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് (വിജയി), പെട്രോനെറ്റ് എല്‍ എന്‍ ജി (റണ്ണര്‍ അപ്), വൈദ്യരത്‌നം ഔഷധശാല (സ്‌പെഷ്യല്‍ ജൂറി) അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. കെ എം എ യങ്ങ് മാനേജേഴ്‌സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ടീം 1, രണ്ടാം സ്ഥാനം നേടിയ വി ഗാര്‍ഡ് ടീം 2, മൂന്നാം സ്ഥാനം നേടിയ യു എസ് ടി കൊച്ചി എന്നിവര്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു.

കെ എം എ ഐ ടി ലീഡര്‍ഷിപ്പ് അവാര്‍ഡ് ടി സിഎസ് വൈസ് പ്രസിഡന്റ് ദിനേശ് തമ്പിക്ക് കെ.ജയകുമാര്‍ സമ്മാനിക്കുന്നു. ദിലീപ് നാരായണന്‍, എ.ബാലകൃഷ്ണന്‍, ബിബു പുന്നുരാന്‍, അല്‍ജിയേഴ്‌സ് ഖാലിദ് എന്നിവര്‍ സമീപം


error: Content is protected !!