Connect with us

Special

പാരസ്പര്യത്തിന്റെ നറു മണം വീശി ഈദുല്‍ ഫിത്വര്‍

Published

on


ഒരു മാസത്തെ ആരാധനയുടെ പരിസമാപ്തി കുറിച്ച് ഈദുല്‍ ഫിത്വര്‍ വീണ്ടും കടന്നു വരികയാണ്.

ഈദിന്റെ കടന്നു വരവ് യഥാര്‍ഥ വിശ്വാസിയെ സംബന്ധിച്ചേടത്തോളം സന്തോഷമുളവാക്കുന്നതാണ്. കാരണം ഈദ് ഇസ്‌ലാം മത വിശ്വാസിക്ക് ദൈവം നിശ്ചയിച്ച ആഘോഷമാണ്. എന്നാല്‍ ആധുനിക സങ്കല്‍പത്തിലെ ആഘോഷത്തില്‍ നിന്നും വളരെ വ്യവസ്തവും വ്യതിരിക്തത വുമാണ് ഇസ്‌ലാമിലെ ആഘോഷം.

മനുഷ്യ സൃഷ്ടിപ്പിന്റെയും ജീവിതത്തിന്റെയും ലക്ഷ്യമായി വിശുദ്ധ ഇസ്‌ലാം പഠിപ്പിക്കുന്ന ആരാധന (ഖുര്‍ആന്‍ 51:56) ആഘോഷത്തിലും പ്രകടമാണ്. ദൈവം ഏറെ ശ്രേഷ്ഠമായി പ്രഖ്യാപിച്ച റമദാനില്‍ പൂര്‍ണ്ണമായി സഹവസിക്കാന്‍ അല്ലാഹു നല്‍കിയ അനുഗ്രഹത്തിന്ന് കൃതജ്ഞത പ്രകടിപ്പിച്ചു കൊണ്ടുള്ള ആഘോഷമാണ്.

ആഘോഷദിനമായ പെരുന്നാളില്‍ ഒരാളും പട്ടിണികിടക്കരുതെന്ന സന്ദേശമാണത്. ദരിദ്രരും ധനികരും തമ്മിലുള്ള സ്‌നേഹബന്ധം ഇതിലൂടെ ഊട്ടിയുറപ്പിക്കാനുമാവും.

മനുഷ്യഹൃദയങ്ങള്‍ തമ്മില്‍ നന്മകള്‍ കൈമാറുന്നതിലൂടെ സാമൂഹികബന്ധങ്ങളും സുശക്തമാവുമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. അതിലുപരി മനുഷ്യമനസ്സിനെ സംസ്്കരിക്കാനും സക്കാത്ത് കാരണമാവും. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ‘പ്രവാചകരേ, അവരുടെ ധനങ്ങളില്‍നിന്ന് നിര്‍ബന്ധ ദാനം നീ വാങ്ങുക. അത് അവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നതാണ്’ (തൗബ: 103).

ഈദുല്‍ ഫിത്വ്റിന് മുന്നോടിയായി, ഫിത്വര്‍ സകാത്ത് നല്‍കി റമദാനില്‍ വ്രതം അനുഷ്ഠിക്കുന്നതിലും മറ്റും കടന്നു കൂടിയ പിഴവുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യുന്നു. അങ്ങനെ ആത്മീയ സംസ്‌കരണം നേടുന്നതോടൊപ്പം സമൂഹത്തോടുള്ള ബാധ്യതകൂടി നിര്‍വഹിക്കപ്പെടുന്നു. അന്നേ ദിവസം ആരും പട്ടിണി കിടക്കാതിരിക്കാനുള്ള മുന്‍കരുതലും വേണം.

മറ്റൊന്ന് ശുചിത്വം അത് വിശ്വാസത്തിന്റെ പകുതിയാണ്’ (മുസ്ലിം) എന്ന് പഠിപ്പിച്ച നബിയുടെ പെരുന്നാള്‍ ദിനത്തില്‍ നമസ്‌കാരത്തിന് മുന്‍പ് കുളിക്കുന്നത് പ്രത്യേകം പ്രോത്സാഹിപ്പിച്ചതായി കാണാം. അന്നേ ദിവസം പുതുവസ്ത്രം ധരിക്കുന്നതും പുരുഷന്മാര്‍ സുഗന്ധം പൂശുന്നതും സുന്നത്തായി പഠിപ്പിക്കുന്നുണ്ട്. പ്രവാചകന് ജുമുഅ ദിനത്തിലും ഈദ് ദിനത്തിലും ധരിക്കാന്‍ പ്രത്യേകം വസ്ത്രം ഉണ്ടായിരുന്നു എന്ന് ഇബ്നു ഖുസൈമയുടെ സ്വഹീഹില്‍ രേഖപ്പെടുത്തിയതായി കാണാം.

എന്നാല്‍, ഇസ്ലാം വിരോധിച്ച വസ്ത്രവും വസ്ത്രധാരണ രീതിയും ആഘോഷത്തിന്റെ പേരില്‍ സ്വീകരിക്കാന്‍ മതം ഒരിക്കലും അനുവദിക്കുന്നില്ല. ഇമാം ബുഖാരിയും ഇമാം മുസ്ലിമും തങ്ങളുടെ സ്വഹീഹു കളില്‍ ഉദ്ധരിക്കുന്ന ഒരു ഹദീസീല്‍ ഉമര്‍(റ) നബി(സ്വ)ക്ക് വേണ്ടി ഇസ്തബ്റകിന്റെ (ഒരുതരം പട്ടു വസ്ത്രം) അങ്ങാടിയില്‍ നിന്ന് വാങ്ങി നല്‍കി ഈദിന് ഉപയോഗിക്കാം എന്ന് പറഞ്ഞതായും ‘ഈ വസ്ത്രം (സൂക്ഷ്മതയിലും പരലോകത്തിലും) യാതൊരു പങ്കുമില്ലാത്തവരുടെയാണ്’ എന്ന് നബി പ്രതികരിച്ചതായും കാണാം.

ഈദ് ആഘോഷത്തിന്റെ ഭാഗമായോ അതല്ലാത്ത അവസരത്തിലോ സ്ത്രീകള്‍ വസ്ത്രം ധരിക്കുമ്പോള്‍ തങ്ങളുടെ ഭംഗി ‘പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുന്ന’ (ഖുര്‍ആന്‍ 24:31) പരിമിതിയില്‍ നിലനിര്‍ത്തിയായിരിക്കണം.

വിനയം, ലജ്ജ തുടങ്ങിയ ഗുണങ്ങള്‍ പ്രകടമാകുന്നതായിരിക്കണം വസ്ത്രധരണ രീതി. പുരുഷനില്‍ നിന്ന് വിഭിന്നമായി പട്ടു വസ്ത്രം സ്ത്രീക്ക് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ സുഗന്ധം ഉപയോഗിക്കല്‍ പുറത്തിറങ്ങുമ്പോള്‍ സ്ത്രീക്ക് നിഷിദ്ധമാണ്.

ധൂര്‍ത്ത്, അഹങ്കാരം, പൊങ്ങച്ചം മുതലായവ പ്രകടിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിക്കുവാന്‍ പാടില്ല. വസ്ത്രത്തിന്റെ കാര്യത്തിലും സമൂഹത്തില്‍ പ്രയാസപ്പെടുന്നവര്‍ക്ക് കൈത്താങ്ങായി വര്‍ത്തിക്കാന്‍ വിശ്വാസിക്ക് സാധിക്കണം. തന്റെ മക്കള്‍ക്ക് വിലയേറിയ പുതുവസ്ത്രം വാങ്ങിക്കൊടുക്കുമ്പോള്‍ അയല്‍പക്കത്തുള്ള പാവപ്പെട്ടവന്റെ മക്കള്‍ കീറിപ്പോയ വസ്ത്രം ധരിച്ച് നടക്കുന്നതു കാണുകയാന്നെങ്കില്‍ അവര്‍ക്ക് വസ്ത്രം വാങ്ങിക്കൊടുക്കാന്‍ സമ്പന്നനായ ഓരോരുത്തരും സന്മനസ്സ് കാണിക്കേണ്ടതാണ്.

പെരുന്നാള്‍ ആഘോഷത്തിലെ ഏറ്റവും വലിയ ഘടകം നമസ്‌കാരവും അതിനുശേഷമുള്ള ഉദ്ബോധനം കേട്ടിരിക്കലുമാണ്. ഇസ്ലാമിലെ ആഘോഷങ്ങള്‍ തികഞ്ഞ ആരാധനയിലും ദൈവസ്മരണയിലും അധിഷ്ഠിതമാണെന്ന് മനസ്സിലാക്കിത്തരുന്നു. നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക എന്ന ഉദാത്തമായ കാര്യം നിര്‍വഹിക്കുക വഴി ആഘോഷം എന്ന പൊതു സങ്കല്‍പത്തിന് ഇസ്ലാം സവിവേശഷമായ ഒരു മുഖം നല്‍കുകയാണ്.

നമസ്‌കാര സ്ഥലത്തേക്ക് കുടുംബാംഗങ്ങള്‍ ഒരുമിച്ചാണ് പോകേണ്ടത്. ഈദിന്റെ സന്തോഷം കൂടുതല്‍ പേരുമായി പങ്കുവെക്കുവാനും ആശംസകള്‍ കൈമാറുവാനും വേണ്ടി റസൂല്‍ ഈദ് നമസ്‌കാരത്തിന് പോകുന്നതും തിരിച്ചു വരുന്നതും വ്യത്യസ്ത വഴികളിലൂടെയായിരുന്നു. രണ്ടു വഴികള്‍ ഉയിര്‍ത്തെഴുനേല്‍പ്പ് നാളില്‍ വിശ്വാസിക്ക് വേണ്ടി സാക്ഷിപറയും എന്ന ഗുണം കൂടി ഇതുവഴി ലഭിക്കും.

ഈദ് ദിനത്തില്‍ നല്ല ഭക്ഷണം കഴിക്കുന്നതും റസൂല്‍ പ്രത്യേകം ഓര്‍മ്മപ്പെടുത്തിയതായി കാണാം
ആരാധനയുടെ വ്യത്യസ്ത തലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മുസ്ലിമിന് ഈദ് എന്ന ആഘോഷം. അതോടൊപ്പം അനുവദനീയമായ വിനോദങ്ങളുമാവാം. ജീവിത ലക്ഷ്യം മറക്കാതെയും അല്ലാഹുവിന്റ വിധി വിലക്കുകള്‍ പാലിച്ചു കൊണ്ടായിരിക്കണം വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത്.

Advertisement

കുടുംബനാഥന്‍ തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വമുള്ള വ്യക്തി എന്ന നിലയില്‍ അനുവദിക്കപ്പെട്ട വിനോദങ്ങളില്‍നിന്ന് കുടുംബാംഗങ്ങളെ തടഞ്ഞുകൂടാ. നിഷിദ്ധമായതിനെ അയാള്‍ വിലക്കുകയും വേണം.

കുടുംബബന്ധങ്ങള്‍ ചേര്‍ക്കുന്നതിന്നു വേണ്ടി വിരുന്നുപോയും വിരുന്ന് ക്ഷണിച്ചും ഉറ്റവരെയും ഉടയവരെയും ചേര്‍ത്ത് പിടിക്കാനുമാണ് പെരുന്നാള്‍ ദിനത്തില്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. അതിനെക്കാള്‍ ആനന്ദം നല്‍കുന്ന മറ്റൊരു വിനോദവും ഇല്ല എന്ന് തന്നെ പറയാം.

വര്‍ത്തമാനകാലത്ത് എല്ലായിടത്തും മനുഷ്യത്വത്തിന്റെ വില നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നമുക്കുചുറ്റിലും പട്ടിണിയും പരിവട്ടവും ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുമ്പോഴും പലര്‍ക്കും അത് തിരിച്ചറിയാനാകുന്നില്ല. സൃഷ്ടാവ് ചൊരിയുന്ന അനുഗ്രഹങ്ങള്‍ നമ്മള്‍ മറ്റുള്ളവനു കൂടി പകര്‍ന്നുനല്‍കേണ്ടതാണ്. നമ്മുടെ രാജ്യംതന്നെ ദാരിദ്ര്യ സൂചികയില്‍ മുന്നില്‍ നില്‍ക്കുകയാണ്. അത്തരം പരിതഃസ്ഥിതിയില്‍ മറ്റുള്ളവന്റെ സാഹചര്യങ്ങളും ചുറ്റുപാടുകളും നമ്മുടേതുകൂടിയാകണം.

ഒരുമാസത്തെ വ്രതംകൊണ്ട് സ്ഫുടംചെയ്‌തെടുത്ത മനസ്സും ശരീരവും ആത്മീയചൈതന്യം കെടാതെ സൂക്ഷിക്കാനും മനുഷ്യമനസ്സുകള്‍ക്കിടയില്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഊഷ്മളബന്ധം ശക്തിപ്പെടുത്താനും ഊട്ടിയുറപ്പിക്കാനും വേണ്ടിയുള്ള പ്രതിജ്ഞ ചെയ്യാനുള്ള അമൂല്യ മുഹൂര്‍ത്തമായിരിക്ക ഈ പെരുനാളും.

സര്‍വ്വലോക രക്ഷിതാവ് അതിനുള്ള അനുഗ്രഹം ചൊരിയട്ടെയെന്ന പ്രാര്‍ഥനയോടെ ഈദ് ആശംസകള്‍ നേരുന്നു.

error: Content is protected !!