

ദോഹ: ഖത്തര്‍ എനര്‍ജിയുടെ ചരിത്രപരമായ എല്‍ എന്‍ ജി ഫ്‌ളീറ്റ് വിപുലീകരണ പരിപാടിയില്‍ പ്രധാന കൂട്ടിച്ചേര്‍ക്കലായി 18 അത്യാധുനിക ക്യുസിമാക്‌സ് വലുപ്പമുള്ള എല്‍ എന്‍ ജി കപ്പലുകളുടെ നിര്‍മ്മാണത്തിനായി ചൈന സ്റ്റേറ്റ് ഷിപ്പ് ബില്‍ഡിംഗ് കോര്‍പ്പറേഷനുമായി കരാര്‍ ഒപ്പിട്ടു.

271,000 ക്യുബിക് മീറ്റര്‍ വീതം ശേഷിയുള്ള പുതിയ കപ്പലുകള്‍ ചൈനയുടെ ഹുഡോങ്-ഷോങ്ഹുവ ഷിപ്പ്യാര്‍ഡില്‍ നിര്‍മ്മിക്കും. ചൈന സ്റ്റേറ്റ് ഷിപ് ബില്‍ഡിംഗ് കോര്‍പറേഷന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണിത്.

ഖത്തര്‍ എനര്‍ജി പ്രസിഡന്റും സി ഇ ഒയും ഊര്‍ജകാര്യ സഹമന്ത്രിയുമായ സാദ് ഷെരീദ അല്‍-കാബിയും ഹുഡോങ്-ഷോങ്ഹുവ ഷിപ്പ്ബില്‍ഡിംഗ് കമ്പനി ലിമിറ്റഡ് ചെയര്‍മാന്‍ ചെന്‍ ജിയാന്‍ലിയാംഗും ലി ഹോങ്ടാവോയും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്. ഖത്തര്‍ എനര്‍ജി, ഖത്തര്‍ എനര്‍ജി എല്‍ എന്‍ ജി, ചൈന സ്റ്റേറ്റ് ഷിപ്പ് ബില്‍ഡിംഗ് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ പങ്കെടുത്ത പ്രത്യേക ഒപ്പിടല്‍ ചടങ്ങില്‍ നിരവധി മുതിര്‍ന്ന ചൈനീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയിലെ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ദെഹൈമിയും പങ്കെടുത്തു.
