

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ലുസൈലില്‍ ഈദുല്‍ ഫിത്വര്‍ നമസ്‌കാരം നിര്‍വഹിച്ചു.

അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍താനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി, ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനെം, നിരവധി ശൈഖുമാര്‍, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍, നിരവധി അംബാസഡര്‍മാര്‍, മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാസേഷന്‍ കോടതിയിലെ ജഡ്ജിയും സുപ്രിം ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. തഖീല്‍ സയര്‍ അല്‍ ഷമ്മാരി ഈദ് ഖുതുബ നടത്തി.
ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് നോമ്പ് പൂര്‍ത്തിയാക്കുന്നതിന്റെയും ഈദ് ആഘോഷിക്കുന്നതിന്റെയും അനുഗ്രഹത്തെക്കുറിച്ച് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
ഗാസയിലെ ജനങ്ങള്‍ എന്താണ് അനുഭവിക്കുന്നതെന്ന് ഈ ദിവസം ഓര്‍ക്കാനും രക്തസാക്ഷികളുടെ രക്തവും അനാഥരുടെ കണ്ണീരും മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ നിലവിളിയും ഒരിക്കലും മറക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

