Connect with us

Entertainment

വെള്ളിത്തിരയുടെ ആകാശത്തില്‍ നക്ഷത്രങ്ങള്‍ സൃഷ്ടിച്ച് നെബാല്‍ ഷാഫി

Published

on


തിരുവനന്തപുരം സ്വദേശിയായ ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ നെബാല്‍ ഷാഫി സൗദി അറേബ്യയിലാണ് വളര്‍ന്നത്. ചെറുപ്പം മുതലേ കഥാകാരനായിരുന്നു. ഒരു കാഴ്ചക്കാരന്‍ എന്ന നിലയില്‍ സിനിമയോട് അഗാധമായ അഭിനിവേശവുമുണ്ടായിരുന്നു. പക്ഷേ പത്രപ്രവര്‍ത്തനത്തില്‍ ബിരുദം നേടുകയും ഫിലിം മേക്കിംഗ് പഠനം തുടങ്ങിയതിനു ശേഷമാണു അദ്ദേഹം ലെന്‍സിനും അപ്പുറത്തേക്ക് കടന്ന് ചെന്നത്.

നെബാല്‍ ഷാഫി ഇന്ത്യയിലും ബഹ്റൈനിലും യു എസ് എയിലും ഹ്രസ്വചിത്രങ്ങളും പരസ്യങ്ങളും സംഗീത വീഡിയോകളും നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ സൈക്കോളജിക്കല്‍ ഡ്രാമ സിനിമയായ ‘ജോണ്‍’ ചെന്നൈയിലെ ഫ്രെയിം ഓഫ് മൈന്‍ഡ് ഫിലിം ഫെസ്റ്റിവലിലും ക്രൗണ്‍ വുഡ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചു. ഈ അംഗീകാരം കോളേജ് പഠനകാലത്തും അതിനുശേഷവും ഒന്നിലധികം ഹ്രസ്വചിത്രങ്ങള്‍ നിര്‍മ്മിക്കാനും സംവിധാനം ചെയ്യാനും നെബാലിന് ആത്മവിശ്വാസം നല്‍കി.

നെബാലിന്റെ കുടുംബം ആശങ്കാകുലരായിരുന്നുവെങ്കിലും ചലച്ചിത്രനിര്‍മ്മാണത്തില്‍ തന്റെ കരിയര്‍ തുടരാനാണ് നെബാല്‍ ആഗ്രഹിച്ചത്. കൂടാതെ ഫിലിം മേക്കിംഗില്‍ മാസ്റ്റര്‍ ബിരുദം നേടുന്നതിനായി ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ അംഗമാവുകയും ചെയ്തു. ”ഓരോ സിനിമ കഴിയുന്തോറും എന്റെ കഴിവുകള്‍ വര്‍ധിക്കുന്നതായി എനിക്ക് തോന്നി, പക്ഷേ സിനിമകളെക്കുറിച്ചുള്ള എന്റെ അറിവ് പരിമിതമാണെന്നും എനിക്ക് തോന്നി. കൂടുതല്‍ പര്യവേക്ഷണം ചെയ്യാനും വ്യത്യസ്ത ശൈലികളും സാങ്കേതികതകളും രീതികളും പഠിക്കാനും ഞാന്‍ ആഗ്രഹിച്ചു’, നെബാല്‍ പറയുന്നു.

2021-ല്‍ നെബാല്‍ സ്വപ്നങ്ങളുടെ നഗരമായ ലോസ് ഏഞ്ചല്‍സിലേക്ക് മാറി. ലൂപ്ഡ്, ദി അര്‍ജ്, ഗ്രിഡ് തുടങ്ങിയ ഹൊറര്‍, ത്രില്ലര്‍, നാടകം എന്നിവയില്‍ ഒന്നിലധികം സിനിമകള്‍ നിര്‍മ്മിച്ചുകൊണ്ട് അദ്ദേഹം തന്റെ സര്‍ഗ്ഗാത്മകതയെ പരമാവധി പ്രയോജനപ്പെടുത്തി. ലോസ് ഏഞ്ചല്‍സിലെ ഫിലിം ബേസ്മെന്റ് ഹൊറര്‍ അവാര്‍ഡില്‍ മികച്ച ഷോര്‍ട്ട് ഫിലിം അവാര്‍ഡ് നെബാലിന്റെ അപ്പോക്കലിപ്റ്റിക് സോംബി ഡ്രാമ ഷോര്‍ട്ട് ഫിലിമായ ‘ഗ്രീഡ്’ നേടി.

2022-ല്‍ നെബാല്‍ ‘ക്രോസ്’ എന്ന പേരില്‍ ഒരു അമ്മ തന്റെ മക്കളുടെ ലൈംഗികതയുമായി ബന്ധപ്പെടുന്ന ഒരു ചിത്രം നിര്‍മ്മിച്ചു. ഈ ചിത്രം ഏറെ പ്രശംസിക്കപ്പെട്ടു. കൂടാതെ ലോകമെമ്പാടുമുള്ള നിരവധി ചലച്ചിത്രമേളകളില്‍ മികച്ച ഷോര്‍ട്ട് ഫിലിമായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. ഇന്‍ഡി ഷോര്‍ട്ട് ഫെസ്റ്റ് (ലോസ് ഏഞ്ചല്‍സ്), മോക്കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ (ഇന്ത്യ), മോന്‍സ ഫിലിം ഫെസ്റ്റ് (ഇന്ത്യ), ഹോങ്കോംഗ് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ (ഹോങ്കോംഗ്), പ്രശസ്തമായ റോഡ് ഐലന്‍ഡ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ (യു എസ് എ) തുടങ്ങി വിര്‍ജീനിയ എമര്‍ജിംഗ് ഫിലിം മേക്കേഴ്സ് ഫെസ്റ്റിവലില്‍ മികച്ച സിനിമയും മികച്ച നാടകവും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ക്രോസ് വാരിക്കൂട്ടി. വിന്‍ചെസ്റ്ററിലെ അലാമോ ഡ്രാഫ്റ്റ് ഹൗസ് തിയേറ്ററിലും ക്രോസ് ഔദ്യോഗികമായി പ്രദര്‍ശിപ്പിച്ചു.

2023-ല്‍, നെബാല്‍ തന്റെ ആദ്യ ഫീച്ചര്‍ ഫിലിമായ ‘ദി ബാക്ക് ബെഞ്ചേഴ്‌സ്’ എഴുതി പൂര്‍ത്തിയാക്കി, അത് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് (ഓസ്‌കാര്‍) നിക്കോള്‍ ഫെലോഷിപ്പില്‍ പോസിറ്റീവായി അവലോകനം ചെയ്യപ്പെട്ടു.

2024-ല്‍ നെബാല്‍ ഏറ്റവും ആഗ്രഹിച്ച ഹ്രസ്വചിത്രം ‘ഇന്‍സ്‌പൈര്‍ഡ്’ നിര്‍മിക്കുകയും ഈ ചിത്രം ആഗോളതലത്തില്‍ നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.

നെബാലിന്റെ അടുത്ത പ്രോജക്ട് ‘ഫ്‌ളവര്‍’ ഒരു സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രമാണ്. നെബാലും അദ്ദേഹത്തിന്റെ ദീര്‍ഘകാല സഹകാരിയായ ഹ്യുഞ്ജിന്‍ ലീയും ചേര്‍ന്ന് നിര്‍മ്മിക്കുകയും സഹസംവിധാനം ചെയ്യുകയും ചെയ്യുന്നു. ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്. 2024 സെപ്റ്റംബറില്‍ ഫിലിം ഫെസ്റ്റിവലിലേക്ക് പോകുമെന്നാണ് പ്രതീക്ഷ.

ഒന്നിലധികം പ്രൊജക്ടുകള്‍ കൈകാര്യം ചെയ്യാനും ഗുണനിലവാരമുള്ള ഉള്ളടക്കം നിര്‍മ്മിക്കാനും കഴിവുള്ള ഒരു ചലച്ചിത്ര നിര്‍മ്മാതാവാണ് നെബാല്‍ ഷാഫി. എന്നാല്‍ അദ്ദേഹത്തിന്റെ സമീപനമാണ് അദ്ദേഹത്തെ അസാധാരണനാക്കുന്നത്. പ്രേക്ഷകരുടെ മനസ്സിനെയും ഹൃദയത്തെയും സ്പര്‍ശിക്കാനും അവരെ ചിന്തിപ്പിക്കാനും അവര്‍ക്ക് വീട്ടിലേക്ക് മടങ്ങുമ്പോള്‍ എന്തെങ്കിലും നല്‍കാനും ആഗ്രഹിക്കുന്ന ഒരു ചലച്ചിത്രകാരനാണ് നെബാല്‍.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!