Connect with us

NEWS

വൈദ്യുതി പ്രതിസന്ധി; അന്‍വര്‍ സാദത്ത് എം എല്‍ എയുടെ നേതൃത്വത്തില്‍ ആലുവ മണ്ഡലത്തില്‍ യോഗം ചേര്‍ന്നു

Published

on


ആലുവ: കാലാവസ്ഥാവ്യതിയാനം മൂലം ചൂട് കൂടി, വൈദ്യുതി ഉപയോഗത്തില്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ ആലുവ നിയോജക മണ്ഡലത്തില്‍ കെ എസ് ഇ ബിയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനുമായി സ്വീകരിക്കേണ്ട നടപടികള്‍ ആലോചിക്കുന്നതിന് അന്‍വര്‍ സാദത്ത് എം എല്‍ എയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്നു.

യോഗത്തില്‍ പ്രസിഡന്റുമാര്‍ തങ്ങളുടെ പഞ്ചായത്തുകളില്‍ കെ എസ് ഇ ബിയുടെ സേവനങ്ങള്‍ വേണ്ടുന്ന പ്രദേശങ്ങളുടെ വിവരണങ്ങള്‍ നല്കി. വോള്‍ട്ടേജ് ക്ഷാമം അനുഭവപ്പെടുന്നതും, സ്ഥിരമായി കറന്റ് പോകുന്നതുമായ പ്രദേശങ്ങളേക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റുമാര്‍ യോഗത്തില്‍ വിശദീകരണം നല്കി. ഈ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നാവശ്യപ്പെടുകയും ചെയ്തു. അതുപോലെ നിലാവ് പദ്ധതിയില്‍ ഫ്യൂസാകുന്ന ബള്‍ബുകള്‍ മാറ്റി കിട്ടുന്നില്ല എന്ന പരാതിയും പ്രസിഡന്റുമാര്‍ യോഗത്തില്‍ ഉന്നയിച്ചു.

പ്രസിഡന്റുമാരുടെ വിശദീകരണത്തിന് വോള്‍ട്ടേജ് ക്ഷാമമുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ കപ്പാസിറ്റിയുള്ള ട്രാന്‍സ്‌ഫോമറുകള്‍ വെക്കുന്നതിനായുള്ള ഡിമാന്റുകള്‍ നല്കിയിട്ടുണ്ടെന്നും ട്രാന്‍സ്‌ഫോമറുകള്‍ വരുന്ന മുറക്ക് പുതിയത് സ്ഥാപിച്ച് വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു.

എന്നാല്‍ ചൂട് കൂടിയത് കാരണം കറന്റിന്റെ ഉപയോഗത്തില്‍ വന്ന വര്‍ധനമൂലം ലോഡ് കൂടി സബ് സ്റ്റേഷനുകളില്‍ ഉപകരണങ്ങള്‍ ട്രിപ്പ് ആകുന്നത് കൊണ്ടാണ് കറന്റ് കട്ടുണ്ടാകുന്നതെന്നും അതുകൊണ്ട് വൈദ്യുതി ഉപയോഗം ശരിയായി ക്രിമീകരിച്ചാല്‍ മാത്രമേ ഈ സാഹചര്യം ഒഴുവാക്കുവാന്‍ സാധിക്കു എന്നും നിലവില്‍ ഉള്ള സ്റ്റാഫിനെ ഉപയോഗിച്ച് പരമാവധി പരിഹാരം കാണുവാന്‍ ശ്രമിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ രാത്രി ഷിഫ്റ്റില്‍ രണ്ടു ലൈന്‍മാരെ വച്ചുകൊണ്ടാണ് പരമാവധി ജോലികള്‍ തീര്‍ക്കുന്നതെന്നും കുറഞ്ഞത് നാലു ലൈന്‍മാരെങ്കിലും രാത്രി ഷിഫ്റ്റില്‍ ഉണ്ടായാലെ ഇങ്ങനെയുള്ള പരാതികള്‍ തീര്‍ക്കുവാന്‍ സാധിക്കു എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആലുവ നിയോജക മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റിയിലെ ബാക്കിയുള്ള പ്രദേശങ്ങളിലേയും ഓവര്‍ ഹെഡ് ലൈനുകള്‍ മാറ്റി അണ്ടര്‍ ഗ്രൗണ്ട് കേബിളുകള്‍ സ്ഥാപിച്ച് കെ എസ് ഇ ബിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ യോഗത്തില്‍ സന്നിഹിതനായിരുന്ന പെരുമ്പാവൂര്‍ സബ് ഡിവിഷന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറോടും മറ്റുദ്യോഗസ്ഥരോടും ആവശ്യപ്പെട്ടതനുസരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുവാന്‍ തീരുമാനിച്ചു.

യോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്‍വര്‍ സാദത്ത് എം എല്‍ എ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെട്ട് അറിയിച്ചു.

യോഗത്തിന്റെ പൊതുവായ തീരുമാനപ്രകാരം, വൈദ്യുതി ഉപയോഗം വളരെ കൂടിയിരിക്കുന്ന സാഹചര്യത്തില്‍ അനാവശ്യമായതും അലക്ഷ്യവുമായതുമായ വൈദ്യുതി ഉപയോഗം ഒഴിവാക്കി കെ എസ് ഇ ബിയോട് സഹകരിക്കണമെന്ന് പൊതുജനങ്ങളോട് യോഗം അഭ്യര്‍ഥിച്ചു.

പഞ്ചായത്ത് പ്രസിഡന്റുമാരായ വി എം ഷംസുദ്ധീന്‍, എ വി സുനില്‍, ജയ മുരളീധരന്‍, സതി ലാലു, വൈസ് പ്രസിഡന്റുമാരായ ബാബു പുത്തനങ്ങാടി, സിമി ടിജോ, ശോഭ ഭരതന്‍, മുനിസിപ്പല്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി കെ രാജന്‍, എക്സി എഞ്ചിനീയര്‍മാരായ ബിജൂമോന്‍ എം എ, കെന്നി ഫിലിപ്പ് എന്നിവരും മറ്റു ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.


error: Content is protected !!