

കോഴിക്കോട്: കെ പി സി സി യോഗത്തില്‍ കോഴിക്കോട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍ തനിക്കെതിരെ വിമര്‍ശനം നടത്തിയെന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതെന്ന് ടി സിദ്ദീഖ്. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് പാര്‍ട്ടിക്കുള്ളില്‍ കലാപം സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമമെന്ന് കെ പി സി സി വൈസ്പ്രസിഡന്റു കൂടിയായ സിദ്ദീഖ് ആരോപിച്ചു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ദീഖ്.

ചേവായൂര്‍ ബാങ്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പാര്‍ട്ടിയിലുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ചിലര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. വിഷയത്തില്‍ തനിക്കെതിരെ രാഘവന്‍ വിമര്‍ശനം ഉന്നയിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സിദ്ദീഖ് പറഞ്ഞു. അതേസമയം, നിര്‍ണായകഘട്ടത്തില്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുന്ന ചിലരുടെ പരസ്യ നിലപാടും രാജിയും പ്രതിസന്ധി സൃഷ്ടിച്ചതായി എം കെ രാഘവന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. ഇത്തരക്കാര്‍ക്കെതിരെ കെ പി സി സി അന്വേഷണം നടത്തണമെന്നും രാഘവന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന കെ പി സി സി യോഗത്തില്‍ ഇതേ വിഷയം രാഘവന്‍ ഉന്നയിച്ചതാണ് സിദ്ദീഖിനെ വാര്‍ത്താസമ്മേളനത്തിലേക്ക് നയിച്ചത്.

തെരഞ്ഞെടുപ്പിന് ആറു ദിവസം മാത്രം ബാക്കി നില്‍ക്കെ കെ പി സി സി അംഗം കെ വി സുബ്രഹ്‌മണ്യന്റെ നേതൃത്വത്തില്‍ 53 പേര്‍ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചു നടത്തിയ വാര്‍ത്താ സമ്മേളനം വലിയ പ്രതിസന്ധി സൃഷ്ടിച്ചതായി എം കെ രാഘവന്‍ യോഗത്തില്‍ പറഞ്ഞു. ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളായിരുന്നു രാജിയിലേക്ക് നയിച്ചതെങ്കിലും ജില്ലയില്‍ നിന്നുള്ള പ്രമുഖ നേതാവിന്റെ പിന്തുണയുള്ള സംഘമാണിതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സംഘത്തിന്റെ തായ്‌വേര് അറുക്കണം എന്നുകൂടി രാഘവന്‍ യോഗത്തില്‍ പറഞ്ഞു. അതോടെ ഈ സൂചന സിദ്ദിഖിനെക്കുറിച്ചാണെന്ന വ്യാഖ്യാനങ്ങളും പുറത്തുവന്നു. ഇക്കാര്യം നിഷേധിച്ചാണ് സിദ്ദീഖ് വാര്‍ത്താ സമ്മേളനം നടത്തിയത്.
അതേസമയം മാധ്യമങ്ങളില്‍ വന്ന പല വാര്‍ത്തകളും തെറ്റെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ച എം കെ രാഘവന്‍, തെരഞ്ഞെടുപ്പിന്റെ നിര്‍ണായക ഘട്ടത്തില്‍ വാര്‍ത്താസമ്മേളനം വിളിച്ച് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയവര്‍ക്കെതിരെ നടപടി വേണമെന്ന കാര്യം താന്‍ ആവശ്യപ്പെട്ടതായി വ്യക്തമാക്കുന്നു. എല്ലാവരും ഷാഫിക്കായി വടകര കേന്ദ്രീകരിച്ചെന്നും കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് യൂത്ത് കോണ്‍ഗ്രസിന്റെ സാന്നിധ്യം ശുഷ്‌കമായിരുന്നെന്നും വിമര്‍ശനമുന്നയിക്കുന്നു.

