Community
ടര്‍ബോ ജോസും സംഘവുമെത്തി; ആരവം മുഴക്കി ജനക്കൂട്ടം

ദോഹ: ടര്‍ബോ ജോസും സംഘവും ഖത്തറിലെത്തി. ജൂണ്‍ 23ന് റിലീസ് ചെയ്യുന്ന സിനിമ ടര്‍ബോയുടെ പ്രചരണാര്‍ഥമാണ് മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടര്‍ബോയുടെ സംഘം ഖത്തറിലെത്തിയത്.



മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ടര്‍ബോ വൈശാഖാണ് സംവിധാനം ചെയ്തിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. മമ്മൂട്ടിക്കു പുറമേ രാജ് ബി ഷെട്ടി, സുനില്‍, അഞ്ജന ജയപ്രകാശ്, കബീര്‍ ദുഹാന്‍ സിംഗ്, ബിന്ദു പണിക്കര്‍, ജനാര്‍ദ്ദനന്‍, സിദ്ദീഖ്, ശബരീഷ് വര്‍മ, ആദര്‍ശ് സുകുമാരന്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, വിനീത് തട്ടില്‍, സണ്ണി വെയ്ന്‍, നിരഞ്ജന അനൂപ്, ജോണി ആന്റണി തുടങ്ങി വന്‍ താരനിരയാണ് ടര്‍ബോയില്‍ വേഷമിടുന്നത്.


ദുര്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ടര്‍ബോയുടെ ഓവര്‍സീസ് അവകാശം ഖത്തര്‍ പ്രവാസി സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനാണ്.



സെയ്‌ലിയ സിദ്‌റ മാളില്‍ നടന്ന പ്രമോഷന് സാക്ഷ്യം വഹിക്കാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്. മമ്മൂട്ടിക്കു പുറമേ സമദ് ട്രൂത്ത്, തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസ് തുടങ്ങിയവരും പങ്കെടുത്തു.
അസുഖബാധിതയായ പിഞ്ചുകുഞ്ഞ് മല്‍ഖാ റൂഹിയുടെ ചികിത്സാ സഹായമായി ഖത്തര്‍ ചാരിറ്റിക്ക് മമ്മൂട്ടി ചെക്ക് കൈമാറി.


