Business
പത്തു മാസത്തിനുള്ളില്‍ 17 പദ്ധതികളുടെ നിര്‍മാണ പൂര്‍ത്തീകരണം പ്രഖ്യാപിച്ച് അസറ്റ് ഹോംസ്
കൊച്ചി: തുടര്‍ച്ചയായി നാലാം വര്‍ഷം ക്രിസില്‍ ഡിഎ2+ റേറ്റിംഗ് നിലനിര്‍ത്തിയതിനും സിഐഡിസി 2024 അവാര്‍ഡുകളില്‍ നാലെണ്ണം നേടിയതിനുമൊപ്പം പത്തുമാസത്തിനുള്ളില്‍ 17 പദ്ധതികളുടെ സമയബന്ധിത നിര്‍മാണ പൂര്‍ത്തീകരണം പ്രഖ്യാപിച്ച് പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഈ സാമ്പത്തികവര്‍ഷത്തില്‍ 17 പദ്ധതികള്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറുമെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി അറിയിച്ചു.
ഈ സാമ്പത്തിക വര്‍ഷം പുതുതായി 26 പദ്ധതികളുടെ നിര്‍മാണമാരംഭിക്കുമെന്നും സുനില്‍ കുമാര്‍ അറിയിച്ചു. മൊത്തം 37.5 ലക്ഷം ചതുരശ്ര അടി വിസ്തൃതി വരുന്ന 3000 പാര്‍പ്പിട യൂണിറ്റുകളാണ് ഈ 26 പദ്ധതികളിലായി നിര്‍മിക്കുക. തുടര്‍ച്ചയായി നാലാം വര്‍ഷവും അസറ്റ് ഹോംസ് നിലനിര്‍ത്തിയ ക്രിസിലിന്റെ ഡിഎ2+ റേറ്റിംഗിന്റെ അംഗീകാരപത്രം ചടങ്ങില്‍ ക്രിസില്‍ ബിസിനസ് ഹെഡ് ബിനൈഫര്‍ ജെഹാനി, അസോസിയേറ്റ് ഡയറക്ടര്‍ അബ്ബാസ് മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് സുനില്‍ കുമാറിനു കൈമാറി.
സിഐഡിസി 2024 അവാര്‍ഡുകളില്‍ 100- 1000 കോടി രൂപ വരെ ടേണോവറുള്ള കമ്പനികളുടെ വിഭാഗത്തില്‍ രാജ്യത്തെ മികച്ച പ്രൊഫഷണലി മാനേജ്ഡ് സ്ഥാപനത്തിനുള്ള അവാര്‍ഡ്, ചെയര്‍മാന്‍ സ്പെഷ്യല്‍ കമന്റേഷന്‍ അവാര്‍ഡ്, കണ്ണൂരിലെ അസറ്റ് സെനറ്റിന് മികച്ച പാര്‍പ്പിട പദ്ധതിക്കുള്ള അവാര്‍ഡ്, തൃശൂരിലെ അസറ്റ് മജസ്റ്റിക്കിന് സുരക്ഷാ, പരിസ്ഥിതി മാനദണ്ഡങ്ങള്‍ക്കുള്ള മികച്ച കണ്‍സ്ട്രക്ഷന്‍ സൈറ്റ് അവാര്‍ഡ് എന്നിവ ചടങ്ങില്‍ സിഐഡിസി ഡെപ്യൂട്ടി ഡയറക്ടര്‍ പ്രവീണ്‍ തിവാരി, ഡയറക്ടര്‍ ഫിനാന്‍സ് എസ് എന്‍ മൂര്‍ത്തി വഡ്ഡാഡി എന്നിവര്‍ ചേര്‍ന്ന് അസറ്റ് ഹോംസ് പ്രതിനിധികള്‍ക്ക് സമ്മാനിച്ചു.
നാലു വര്‍ഷവും തുടര്‍ച്ചയായി ക്രിസില്‍ ഡിഎ2+ റേറ്റിംഗ് നിലനിര്‍ത്താനായതിലും നാല് സിഐഡിസി അവാര്‍ഡുകള്‍ നേടിയതിലും അസറ്റ് ഹോംസിന് ഏറെ അഭിമാനമുണ്ടെന്ന് സുനില്‍കുമാര്‍ പറഞ്ഞു. കേരളത്തിലെ ബില്‍ഡര്‍മാര്‍ക്ക് ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന ക്രിസില്‍ റേറ്റിംഗായ ഡിഎ2+ ഈ വര്‍ഷവും നിലനിര്‍ത്താനായതില്‍ അസറ്റ് ഹോംസിനെ അഭിനന്ദിക്കുന്നുവെന്ന് ക്രിസില്‍ ബിസിനസ് ഹെഡ് ബിനൈഫര്‍ ജെഹാനി പറഞ്ഞു. ക്രിസിലിന്റെ ഈ ഉയര്‍ന്ന റേറ്റിംഗ് ഉന്നത ഗുണനിലവാരത്തിലും നിശ്ചിത സമയത്തിനുള്ളിലും പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുള്ള ഒരു ഡെവലപ്പറുടെ കഴിവിനെയും 100 ശതമാനം നിയമാനുസൃതമായ ഉടമസ്ഥാവകാശം കെമാറുന്നതിനേയുമാണ് സൂചിപ്പിക്കുന്നതെന്നും ബിനൈഫര്‍ ജഹാനി പറഞ്ഞു.
വെല്ലുവിളികള്‍ നിറഞ്ഞ വിപണി സാഹചര്യങ്ങളിലും മികച്ച ഗുണനിലവാരത്തില്‍ സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ അസറ്റ് ഹോംസ് പ്രതിജ്ഞാബദ്ധമാണെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായാണ് പത്തു മാസത്തിനുള്ളില്‍ 17 പദ്ധതികളുടെ സമയബന്ധിത നിര്‍മാണ പൂര്‍ത്തീകരണ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതനുസരിച്ച് 2024 മെയ് തൃശൂരിലെ അസറ്റ് ഫൊര്‍ച്യൂണ, 2024 ജൂലൈയില്‍ കൊച്ചിയിലെ അസറ്റ് ലുമിനന്‍സ് 2024 ജൂണ്‍, കോട്ടയത്തെ അസറ്റ് സെലേസ്റ്റ്, കോഴിക്കോട്ടെ അസറ്റ് എന്‍സൈന്‍, തൃശൂരിലെ അസറ്റ് പ്ലാറ്റിന, 2024 സെപ്തംബറില്‍ കൊച്ചിയിലെ അസറ്റ് മൂണ്‍ഗ്രേസ്, 2024 നവംബറില്‍ പത്തനംതിട്ടയിലെ അസറ്റ് ഗേറ്റ് വേ, കോഴിക്കോട്ടെ അസറ്റ് പികെഎസ് ഹെറിറ്റന്‍സ്, 2024 ഡിസംബറില്‍ കൊച്ചി ആലുവയിലെ അസറ്റ് ഈസ്റ്റ് ബ്രൂക്ക്, കൊച്ചിയിലെ അസറ്റ് റേഡിയന്‍സ്, തിരുവനന്തപുരത്തെ അസറ്റ് സോവറിന്‍, 2025 ഫെബ്രുവരിയില്‍ കൊച്ചിയിലെ അസറ്റ് ആല്‍പ്പെന്‍ മേപ്പ്ള്‍, അസറ്റ് ജൂബിലന്‍സ്, 2025 മാര്‍ച്ചില്‍ കോട്ടയത്തെ അസറ്റ് ബെല്‍ഫോര്‍ഡ്, അസറ്റ് ആല്‍പ്സ്, കണ്ണൂരിലെ അസറ്റ് ചേംബര്‍, കൊച്ചിയിലെ അസറ്റ് എമിനന്‍സ് എന്നീ 17 പദ്ധതികളാണ് 2025 മാര്‍ച്ച് 31ന് മുമ്പ് നിര്‍മാണം പൂര്‍ത്തീകരിച്ചു ഉടമകള്‍ക്ക് കൈമാറുക.
കേരളത്തിലെ നിര്‍മാണ മേഖലയെ നൂതന പ്രവണതകളും ബെസ്റ്റ് പ്രാക്റ്റീസസും പരിചയപ്പെടുത്തുന്നതിന് സിഐഡിസി ഓഗസ്റ്റ് 9ന് കൊച്ചിയില്‍ പ്രൊജക്റ്റ് ബ്രാന്‍ഡ് കണക്റ്റ് എന്ന ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കുമെന്ന് സിഐഡിസി ഡയറക്ടര്‍ ഫിനാന്‍സ് എസ് എന്‍ മൂര്‍ത്തി വഡ്ഡാഡി ചടങ്ങില്‍ അറിയിച്ചു.
അസറ്റ് ഹോംസ് ഡയറക്ടര്‍മാരായ മോഹനന്‍ എന്‍, സി വി റപ്പായി, സിഇഒ ടോണി ജോണ്‍, സിടിഒ മഹേഷ് എല്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
പതിനേഴ് പദ്ധതികള്‍ കൈമാറ്റം ചെയ്യുന്നതോടെ അസറ്റ് ഹോംസ് നിര്‍മാണം പൂര്‍ത്തീകരിച്ച് ഉടമകള്‍ക്ക് കൈമാറുന്ന പദ്ധതികളുടെ എണ്ണം 93 ആകും. പതിനേഴ് വര്‍ഷത്തിനിടെ 76 പദ്ധതികളാണ് അസറ്റ് ഹോംസ് ഇതുവരെ പൂര്‍ത്തീകരിച്ച് കൈമാറിയിട്ടുള്ളത്. നിലവില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി കമ്പനിക്ക് 36 ഭവനപദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ട്.