

കൊച്ചി: ഗര്‍ഭിണികളില്‍ കണ്ടുവരുന്ന പ്രമേഹത്തിന് നൂതന സാങ്കേതികവിദ്യകള്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. ജ്യോതിദേവ് കേശവദേവ്. കൊച്ചിയില്‍ ആരംഭിച്ച ത്രിദിന ഡി-ടെക് ലോക പ്രമേഹ സാങ്കേതിക വിദ്യാസമ്മേളനത്തിന്റെ പ്രാരംഭ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആധുനിക വൈദ്യശാസ്ത്രരംഗത്തെ മുന്നേറ്റങ്ങള്‍ മൂലം ഗര്‍ഭകാലവും പ്രസവവും സുരക്ഷിതമായെങ്കിലും ഗര്‍ഭസമയത്തു പിടിപെടുന്ന ടൈപ്പ് വണ്‍ പ്രമേഹം അമ്മയ്ക്കും കുഞ്ഞിനും ഹ്രസ്വ- ദീര്‍ഘകാല സങ്കീര്‍ണതകളുണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. ഈ രംഗത്തെ നൂതന സാങ്കേതികവിദ്യയായ കണ്‍സെപ്റ്റ് ടിടിയുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വലിയ പ്രതീക്ഷകളാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ടൈപ്പ്1 പ്രമേഹത്തില്‍ കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിന്റെ ഉപയോഗത്തിലൂടെ ഒമ്പതാം മാസത്തിലെ പ്രമേഹ വര്‍ധന, പ്രസവശേഷം പഞ്ചസാരയുടെ അളവ് അമിതമായി താഴുന്നത് തുടങ്ങിയവ നിയന്ത്രണ വിധേയമാക്കാമെന്നാണ് പ്രാഥമികഘട്ട പരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു ദിവസമായി ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന സമ്മേളനം ഇന്‍ഫോപാര്‍ക്ക് സി ഇ ഒ സുശാന്ത് കുറുന്തില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 600-ഓളം ഡോക്ടര്‍മാരും പ്രമേഹരോഗവിദഗ്ധരും പങ്കെടുക്കുന്ന സമ്മേളനത്തെ മൂന്നു ദിവസങ്ങളിലായി ഡോ. റോബര്‍ട്ട് വിഗേര്‍സ്‌കി (യു എസ് എ), ഡോ. വിരല്‍ ശാഹ് (യു എസ് എ), ഡോ. പ്രതീക് ചൗധരി (യു കെ), ഡോ. ജൂലിയ മാഡര്‍ (ഓസ്ട്രിയ), ഡോ. വാരെന്‍ ലീ (സിംഗപ്പൂര്‍) തുടങ്ങിയ അന്തര്‍ദേശീയ പ്രഭാഷകര്‍ അഭിസംബോധന ചെയ്യും.
ഡോ. ജ്യോതിദേവ് കേശവദേവ്,
ഡോ. ബന്‍ഷി സാബു, ഡോ. മനോജ് ചൗള, ഡോ. മിഥുന്‍ ഭാര്‍തിയ, ഡോ. അമിത് ഗുപ്ത, ഡോ. രാകേഷ് പരീഖ് എന്നവരുള്‍പ്പെടുന്നതാണ് ഡിടെക് സമ്മേളനത്തിന്റെ സംഘാടകസമിതി.
ആദ്യസെഷനില്‍ ഡോ. ജ്യോതിദേവ് കേശവദേവും ഡോ. മിഥുന്‍ ഭാര്‍തിയയും നേതൃത്വം നല്‍കിയ ഇന്‍സുലിന്‍ പമ്പ് ശില്‍പ്പശാല നടന്നു. എച്ച് ബി എ1സി, ഗ്ലൂകോസ് മീറ്ററുകള്‍, ഓട്ടോമേറ്റഡ് ഇന്‍സുലിന്‍ ഡെലിവറി, ടി ഐ ആര്‍ തുടങ്ങിയവയുടെ പ്രാധാന്യവും ഈ രംഗത്തെ നൂതന പ്രവണതകളേയും തുടര്‍ന്നുള്ള സെഷനില്‍ മെഡ്ട്രോണിക് ഡയബറ്റീസ് എം ഡി ഡോ. റോബര്‍ട്ട് വിഗേര്‍സ്‌കി വിശദീകരിച്ചു. കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്റര്‍ (സി ജി എം) മേഖലയിലെ പുതിയ ഗവേഷണഫലങ്ങള്‍ ചര്‍ച്ച ചെയ്ത തുടര്‍ന്നുള്ള സെഷനില്‍ ഡോ. ബന്‍ഷി സാബു, ഡോ. ജ്യോതിദേവ് കേശവദേവ്, ഡോ. മനോജ് ചാവ്ല എന്നിവര്‍ പങ്കെടുത്തു.
സിജിഎം ഇന്ത്യയിലെത്തിയിട്ട് വിജയകരമായ രണ്ടു ദശകം പിന്നിടുന്ന വേളയില്‍ ഓട്ടോമേറ്റഡ് ഇന്‍സുലിന്‍ ഡെലിവറി ഉള്‍പ്പെടെയുള്ള നൂതന സേവനങ്ങളിലെ മുന്നേറ്റങ്ങള്‍ വിജയകരമായ പ്രമേഹ മാനേജ്മെന്റില്‍ നിര്‍ണായകമാണെന്ന് സെഷന്‍ വിലയിരുത്തി.

