

ന്യൂഡല്‍ഹി: പഹല്‍ഗാമിലുണ്ടായ ഭീകരാക്രണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനെതിരെ നടപടികള്‍ കടുപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രണ്ടര മണിക്കൂര്‍ നീണ്ട സുരക്ഷാ സമിതി യോഗത്തിലാണ് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.

പാകിസ്താനുമായുള്ള സിന്ധു നദീജല കരാര്‍ മരവിപ്പിക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ ഇന്ത്യ സ്വീകരിക്കും. അട്ടാരിയിലെ ഇന്ത്യ- പാകിസ്താന്‍ അതിര്‍ത്തി പൂര്‍ണമായും അടച്ചു.

ഇന്ത്യയിലുള്ള എല്ലാ പാകിസ്താന്‍ പൗരന്മാരുടേയും വിസയും റദ്ദാക്കുകയും 48 മണിക്കൂറിനകം രാജ്യം വിടണമെന്ന അന്ത്യശാസനം നല്‍കുകയും ചെയ്തു. പാകിസ്താന്‍ പൗരന്മാര്‍ക്ക് ഇന്ത്യ ഇനി വിസ അനുവദിക്കില്ല.
സാര്‍ക് വിസ എക്സ്റ്റന്‍ഷന്‍ സ്‌കീം പ്രകാരം വിസ ലഭിച്ച എല്ലാ പാകിസ്താനികളുടേയും വിസ റദ്ദാക്കിയതിന് പുറമേ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ക്ക് രാജ്യം വിടാന്‍ ഒരാഴ്ച സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിലുള്ള പാകിസ്താന്‍ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം 55ല്‍ നിന്ന് 30 ആക്കി വെട്ടിക്കുറക്കാനും തീരുമാനിച്ചു.
പാകിസ്താന്‍ പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്നും പുറത്താക്കുന്നതിന് പുറമേ പാകിസ്താനിലുള്ള ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയും ചെയ്യും.

