Connect with us

Special

അര്‍ബുദത്തെ കീഴടക്കിയ അധ്യാപികയ്ക്ക് കണ്ണീരോടെ വിട

Published

on


ആദ്യത്തേയും പ്രിയപ്പെട്ടതുമായ ടീച്ചറായിരുന്നു ഷാജി ടീച്ചര്‍. തലശ്ശേരി സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ എല്ലാ ഗുണങ്ങളുമുള്ള മികച്ച അധ്യാപികയായിരുന്നു ഒന്നാം ക്ലാസുകാരിയായ എനിക്ക് ടീച്ചര്‍.

എല്ലാവര്‍ക്കും മാതൃകയാക്കാനാവുന്ന വ്യക്തിത്വമാണ് ടീച്ചറുടേതെന്ന് എല്ലാകാലത്തും പറയാന്‍ സാധിക്കുന്നത് അവരുടെ സ്വഭാവ സവിശേഷതകള്‍ കാരണം തന്നെയാണ്. ഒരു അധ്യാപിക എങ്ങനെയായിരിക്കണമെന്നതിന് ഉത്തമ ഉദാഹരണമായിരുന്നു അവര്‍. തന്റെ കുട്ടികള്‍ ക്ലാസ് കഴിഞ്ഞ് പോയാലും അവര്‍ എന്തു ചെയ്യുന്നുവെന്നും, എങ്ങനെയൊക്കെ മുന്നോട്ടു പോകുന്നുവെന്നും ഏതു മേഖലയിലാണുള്ളതെന്നുമൊക്കെ ടീച്ചര്‍ വ്യക്തമായി നിരീക്ഷിക്കകയും അന്വേഷിക്കുകയും ചെയ്തിരുന്നു ഷാജി ടീച്ചര്‍.
സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റിലെ പഠനം അവസാനിച്ച് പ്ലസ് ടു തൃശൂരിലും മെഡിസിന്‍ പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളജിലും പഠിച്ച് ജോലിയില്‍ ചേര്‍ന്നതിന് ശേഷമാണ് ടീച്ചറെ കാണാന്‍ സ്‌കൂളില്‍ വീണ്ടും പോയത്. ഷാജി ടീച്ചറേ എന്നു വിളിച്ച് അടുത്തു ചെന്നപ്പോള്‍ ഒറ്റ നോട്ടത്തില്‍ തിരിച്ചറിഞ്ഞ ടീച്ചര്‍ ഒന്നാം ക്ലാസിലെ അതേ മുഖമാണ് നിനക്കെന്നും അതൊന്നും മാറിയിട്ടില്ലെന്നും പറഞ്ഞ് ചേര്‍ത്തു പിടിച്ച ടീച്ചറുടെ രീതി അത്ഭുതപ്പെടുത്തുന്നതായിരുന്നു.

ഞാന്‍ മെഡിസിന് പഠിക്കുന്ന കാലത്തൊരു ദിവസം അബ്ബയെ ടീച്ചര്‍ നേരില്‍ കണ്ടപ്പോള്‍ എന്റെ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. പണ്ടെന്നോ പഠിപ്പിച്ചൊരു വിദ്യാര്‍ഥിനിയുടെ രക്ഷിതാവിനെ പോലും ടീച്ചര്‍ മറന്നിട്ടില്ലെന്നത് അപ്പോഴത്തെ അത്ഭുതമായിരുന്നു. അന്ന് അബ്ബയോട് ഞാനെന്തു ചെയ്യുന്നുവെന്ന് അന്വേഷിക്കുകയും തുടര്‍ന്ന് അവര്‍ കാര്യങ്ങളെല്ലാം മനസ്സിലാക്കുകയും ചെയ്തു.

ടീച്ചറുടെ റിട്ടയര്‍മെന്റ് പരിപാടിയില്‍ സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂളില്‍ അതിഥിയായി പങ്കെടുക്കാന്‍ സാധിച്ചത് എന്റെ ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിലൊന്നായി കണക്കാക്കുകയാണ്. എന്റെ അരുമ ശിഷ്യ എന്നു പറഞ്ഞാണ് ടീച്ചര്‍ എന്നെ പരിചയപ്പെടുത്തിയത്.

കഴിഞ്ഞ ഡോക്ടേഴ്‌സ് ഡേയില്‍ സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂളിന്റെ എല്‍ പി വിഭാഗത്തില്‍ ടീച്ചറുടെ നേതൃത്വത്തില്‍ ഞാനുള്‍പ്പെടെയുള്ള ഡോക്ടര്‍ വിദ്യാര്‍ഥിനികളെ ആദരിക്കാനും മുന്‍കൈ എടുത്തു. എന്നും വിദ്യാര്‍ഥിനികളുടെ സന്തോഷങ്ങളില്‍ ആഹ്ലാദിക്കുകയും ദുഃഖങ്ങളില്‍ സങ്കടപ്പെടുകയും ചെയ്തിരുന്ന ഷാജി ടീച്ചര്‍ എങ്ങനെ തന്റെ വിദ്യാര്‍ഥിനികള്‍ മുന്നേറണമെന്ന ഗൈഡന്‍സും മോട്ടിവേഷനുമൊക്കെ നല്‍കിയിരുന്നു.

ഷാജി ടീച്ചര്‍ക്ക് അസുഖമാണെന്നറിഞ്ഞ് രക്ഷിതാക്കളേയും കൂട്ടി ടീച്ചറുടെ വീട്ടിലെത്തിയപ്പോള്‍ മനക്കരുത്തോടെ രോഗത്തെ നേരിടുന്ന ടീച്ചറെയാണ് നേരില്‍ കാണാന്‍ കഴിഞ്ഞത്. അര്‍ബുദ രോഗം ടീച്ചറെ കീഴടക്കി എന്നല്ല ടീച്ചര്‍ അര്‍ബുദത്തെ കീഴടക്കിയെന്നാണ് എനിക്ക് തോന്നിയത്. മനോധൈര്യത്തോടെയും ശക്തിയോടെയും മുന്നോട്ടു പോയ ടീച്ചര്‍ നിരാശ പ്രകടിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല പ്രതീക്ഷകളാണ് മുന്നോട്ടു വെച്ചത്. അസുഖങ്ങള്‍ വന്ന് നിരാശപ്പെടുന്ന രോഗികള്‍ക്ക് വലിയ മാതൃകയായിരുന്നു ഷാജി ടീച്ചര്‍.

അര്‍ബുദം വന്ന് മാറിയതിന് ശേഷം വീണ്ടും രോഗം വരികയും അത് പടരുകയും ചെയ്തിട്ടും തന്നെകൊണ്ട് കഴിയുന്ന വിധത്തില്‍ പോസിറ്റീവായി ജീവിതം മുമ്പോട്ടു കൊണ്ടുപോയതിന്റെ ഉത്തമ ഉദാഹരണം കൂടിയായിരുന്നു ടീച്ചര്‍.

ടീച്ചറുടെ വേര്‍പാട് എന്നത് ഞങ്ങള്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് കനത്ത നഷ്ടമാണുണ്ടാക്കുന്നത്. ടീച്ചറുടെ കുടുംബത്തിന്റേതെന്നതുപോലെ ഞങ്ങള്‍ വിദ്യാര്‍ഥിനികളും ഏറെ സങ്കപ്പെടുകയും വിഷമിക്കുകയും ചെയ്യുന്നുണ്ട് ടീച്ചറുടെ നിര്യാണത്തില്‍.

മറ്റു അധ്യാപകര്‍ക്കു കൂടി മാതൃകയായ ടീച്ചറുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.


error: Content is protected !!