

കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇന്ന് 78-ാം പിറന്നാള്‍. പതിവുപോലെ ഇത്തവണയും ആഘോഷങ്ങളൊന്നുമില്ല. രാവിലെ പുതുപ്പള്ളി പള്ളിയിലെ പ്രാര്‍ഥനയ്ക്കുശേഷം കാരോട്ട് വള്ളക്കാലില്‍ വീട്ടില്‍ അദ്ദേഹം സന്ദര്‍ശകരെ കാണും. പിന്നീട് മണ്ഡലത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

കോവിഡ് കാലമായതിനാല്‍ ഫോണില്‍ വിളിച്ചും വിഡിയോ കോളിലൂടെയും മറ്റുമാണ് പാര്‍ട്ടിപ്രവര്‍ത്തകരും സുഹൃത്തുക്കളും ഇത്തവണയും ആശംസകള്‍ നേരുന്നത്.

നിയമസഭാ സാമാജികത്വത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ 78-ാം ജന്മദിനം. പുതുപ്പള്ളി കാരോട്ട് വള്ളക്കാലില്‍ വീട്ടില്‍ കെ ഒ ചാണ്ടിയുടെയും ബേബിയുടെയും മകനായി 1943 ഒക്ടോബര്‍ 31നാണ് ഉമ്മന്‍ ചാണ്ടിയുടെ ജനനം.
2004- 06 കാലത്തും 2011- 16 കാലത്തുമായി രണ്ടുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. 1977- 78ല്‍ തൊഴില്‍ മന്ത്രി, 1982ല്‍ ആഭ്യന്തര മന്ത്രി, 1991- 94 ധനകാര്യ മന്ത്രി, 2006- 11 പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
1970 മുതല്‍ പുതുപ്പള്ളിയില്‍ തുടര്‍ച്ചയായി 11 തവണ കേരള നിയമസഭയില്‍ എത്തിയ അദ്ദേഹം നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും ആന്ധ്രാ പ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമാണ്.
പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂള്‍, കോട്ടയം സി എം എസ് കോളജ്, ചങ്ങനാശ്ശേരി എസ് ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം നടത്തിയത്. സ്‌കൂള്‍ കാലത്ത് കെ എസ് യുവിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തനം ആരംഭിച്ച ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ജനസമ്പര്‍ക്ക് പരിപാടി നടത്തിയാണ് കൂടുതല്‍ ജനകീയനായത്.
കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവരാണ് മക്കള്‍.
പ്രസ് സെക്രട്ടറിയായിരുന്ന പി ടി ചാക്കോ ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കുഞ്ഞൂഞ്ഞ് കഥകള്‍- അല്‍പം കാര്യങ്ങളും എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

