Business
മമ്മൂട്ടിയുടെ വീട്ടില്‍ താമസിക്കാന്‍ ആഗ്രഹമുണ്ടോ? അവസരമുണ്ട്

കൊച്ചി: മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടിയുടെ വീട്ടില്‍ താമസിക്കാന്‍ ആഗ്രഹമുണ്ടോ. എറണാകുളം പനമ്പള്ളി നഗറിലേക്കു വരൂ, ഒരു രാത്രി താമസിച്ചു മടങ്ങാം. എട്ടു പേര്‍ക്ക് താമസിക്കാന്‍ 75000 രൂപ കൊടുക്കണമെന്ന് മാത്രം.


മമ്മൂട്ടിയും കുടുംബവും നേരത്തെ താമസിച്ചിരുന്ന പനമ്പള്ളി നഗറിലെ ആഡംബര വീട്ടിലാണ് ഒരു രാത്രി താമസിച്ചു മടങ്ങാന്‍ അവസരം ഒരുങ്ങുന്നത്. മമ്മൂട്ടി സ്യൂട്ട്, ദുല്‍ഖര്‍ അബോഡ്, സുറുമീസ് സ്‌പേസ്, ഗസ്റ്റ് റൂം എന്നിങ്ങനെ നാലു മുറികളുള്ള വീട്ടില്‍ എട്ടുപേര്‍ക്ക് താമസിക്കാനുള്ള അവസരമുണ്ട്. പ്രൈവറ്റ് തിയേറ്റര്‍, ഗ്യാലറി, പ്രോപ്പര്‍ട്ടി ടൂര്‍ എന്നിവയും പാക്കേജിന്റെ ഭാഗമായിരിക്കും.


വികേഷന്‍ എന്ന ഹോസ്പിറ്റാലിറ്റി കമ്പനിയാണ് മമ്മൂട്ടീസ് ഹൗസ് എന്ന വീട് ആരാധകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി തുറക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ മമ്മൂട്ടിയുടെ പഴയ വീട് അതിഥി മന്ദിരമാകും.


എന്നാല്‍ പനമ്പള്ളി നഗറിലെ വീട്ടില്‍ മമ്മൂട്ടിയും കുടുംബവും ദുല്‍ഖറും ഭാര്യയും മകളുമൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്. കാരണം മമ്മൂട്ടിയും ദുല്‍ഖറുമെല്ലാം വര്‍ഷങ്ങള്‍ക്കു മുമ്പ് പനമ്പള്ളി നഗറില്‍ നിന്നും എളംകുളത്തെ വീട്ടിലേക്ക് താമസം മാറ്റിയിട്ടുണ്ട്. എന്നാല്‍ പനമ്പള്ളി നഗറിലെ മമ്മൂട്ടിയുടെ വീടിന് തൊട്ടടുത്ത് ചലച്ചിത്ര താരമായ കുഞ്ചനും കുടുംബവും താമസിക്കുന്നുണ്ട്.


