

കോഴിക്കോട്: ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് പേരാമ്പ്രയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനും ഒന്നാം പ്രതിയുമായ മേപ്പയ്യൂര്‍ സ്വദേശി പ്രസൂണിനെ സസ്‌പെന്‍ഡ് ചെയ്ത് ഇന്‍ഡസ് മോട്ടോഴ്‌സ്. കമ്പനിയുടെ കുറ്റ്യാടി ബ്രാഞ്ച് മാനജേര്‍ (ടെറിറ്റോറിയല്‍ ഹെഡ്) ആണ് പ്രസൂണ്‍. ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി കമ്പനി അധികൃതര്‍ പറഞ്ഞു.

ക്രിമിനല്‍ കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇന്‍ഡസ് മോട്ടോഴ്‌സിന്റെ ചട്ട പ്രകാരം അന്വേഷണ വിധേയമായി പ്രസൂണിനെ സസ്‌പെന്‍ഡ് ചെയ്യുകയാണ് ആദ്യ നടപടി. തുടര്‍ന്ന് കമ്പനിയുടെ അന്വേഷണ ശേഷവും പിന്നീടുള്ള പൊലീസ്- കോടതി നടപടിയും കണക്കിലെടുത്ത് അന്തിമ തീരുമാനം പിന്നീടെടുക്കുമെന്നും ഇന്‍ഡസ് അറിയിച്ചു.

സംഭവത്തില്‍ ഒന്നാം പ്രതിയാണ് മേപ്പയൂര്‍ മഠത്തുംഭാഗം സ്വദേശി പ്രണവ് ഹൗസില്‍ പ്രസൂണ്‍ നാരായണന്‍. ഇയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട രണ്ടാം പ്രതി ഹരികൃഷ്ണനെ കുറിച്ച് വിവരമൊന്നും കിട്ടിയിട്ടില്ലെന്നും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും സാക്ഷികളുടെ മൊഴിയെടുക്കേണ്ടതുണ്ടെന്നും എസ് ഐ പറഞ്ഞു.
പ്രതികള്‍ക്കെതിരെ ഐ പി സി 308 (വധശ്രമം), 341 (തടഞ്ഞുവയ്ക്കല്‍), 323 (ദേഹോപദ്രവം ഏല്‍പ്പിക്കല്‍), 324 (അപകടകരമായ ആയുധങ്ങളോ മാര്‍ഗങ്ങളോ ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പേരാമ്പ്ര പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, ആളുകള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിച്ച് ലഹള ഉണ്ടാക്കാനെന്ന ഉദ്ദേശത്തോടെയാണ് അതിക്രമം നടത്തിയതെന്ന് എഫ് ഐ ആറില്‍ ഉണ്ടായിട്ടും പ്രതികള്‍ക്കെതിരെ കലാപശ്രമ വകുപ്പ് ചുമത്താത്തത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ടോടെയാണ് പേരാമ്പ്രയിലെ ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തിയ രണ്ടു പേരടങ്ങുന്ന സംഘം ഹലാല്‍ സ്റ്റിക്കറുള്ള ബീഫുണ്ടോയെന്ന് ചോദിച്ച് ആക്രമണം നടത്തിയത്. ബീഫ് സൂക്ഷിച്ചിരുന്ന ഫ്രീസറിനു മുകളില്‍ ഹലാല്‍ സ്റ്റിക്കര്‍ പതിച്ചിരുന്നു. ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു. അക്രമികള്‍ വാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് സൂപ്പര്‍മാര്‍ക്കറ്റിലെത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
പ്രസൂണും ഹരിനാരായണനും നടത്തിയ ആക്രമണത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരായ ആനന്ദ് (24), സുജിത്ത് (27), രജിലേഷ് (32) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.

