GCC News
ഖുര്‍ആന്‍ മനുഷ്യന്റെ പൊതുസ്വത്തെന്ന് ഡോ. ഹുസൈന്‍ മടവൂര്‍
മദീന: മൂന്ന് ദിവസമായി മദീനയില്‍ നടന്നുവരുന്ന അന്താരാഷ്ട്ര ഇസ്‌ലാമിക ഗവേഷണ സമ്മേളനം സമാപിച്ചു. മാറുന്ന ലോകത്ത് ഇസ്‌ലാമിക നിയമങ്ങളുടെ പ്രസക്തിയും പ്രായോഗികതയുമായി ബന്ധപ്പെട്ടായിരുന്നു സമ്മേളനത്തിലെ പ്രബന്ധങ്ങളും ചര്‍ച്ചകളും.
ഒന്‍പത് സെഷനുകളിലായി മുപ്പത്തിയാറ് പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ചക്ക് വിധേയമാക്കി. ഖുര്‍ആന്‍ വിജ്ഞാന സെഷനില്‍ ഡോ. ഹുസൈന്‍ മടവൂര്‍ അധ്യക്ഷത വഹിച്ചു.
വിശുദ്ധ ഖുര്‍ആന്‍ മുസ്‌ലിംകളുടെ മാത്രം വേദഗ്രന്ഥമല്ലെന്നും അത് മുഴുവന്‍ മനഷ്യര്‍ക്കുമുള്ള പൊതു സ്വത്താണെന്നും അത് വായിച്ച് മനസ്സിലാക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്നോറോളം പ്രതിനിധികള്‍ പങ്കെടുത്തു.
സൗദിയിലെ പ്രമുഖ സര്‍വ്വകലാശാലാകളായ മക്കാ ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റി, മദീനാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി, റിയാദ് ഇമാം മുഹമ്മദ് ബിന്‍ സുഊദ് യൂണിവേഴ്‌സിറ്റി, ജിദ്ദാ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി, മദീനാ ത്വെയ്ബാ യൂണിവേഴ്‌സിറ്റി തുടങ്ങിയവയില്‍ നിന്നുള്ള അക്കാദമിക വിഗ്ധര്‍ക്ക് പുറമെ ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അമേരിക്ക, ബ്രിട്ടണ്‍, ചൈന, മലേഷ്യ, ഖത്തര്‍, കുവൈറ്റ്, യു എ ഇ, ഒമാന്‍, സുഡാന്‍ മുതലായ രാഷ്ട്രങ്ങളിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഉന്നത വിദ്യാഭ്യാസ മന്ത്രാലയങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളും പങ്കെടുത്തു.
പ്രബന്ധമവതരിപ്പിച്ചതില്‍ പകുതിയോളം വനിതാ ഗവേഷകരാണെന്നത് ശ്രദ്ധേയമാണ്.
വിശ്വമാനവികതയും ഇസ്‌ലാമും, ധനസമ്പാദനവും വിനിയോഗവും, വാണിജ്യ വ്യവസായങ്ങളിലെ നൈതികത, മാനവ വിഭവശേഷി വികസനം, സ്ത്രീകളുടെ സാമൂഹിക രംഗത്തെ പങ്കാളിത്തം, ഇസ്‌ലാമും വിവിധ ചിന്താ പ്രസ്ഥാനങ്ങളും, സാങ്കേതിക വിദ്യാഭ്യാസം മനുഷ്യനന്മക്ക്, ആധുനിക വിഷയങ്ങളിലെ ഇസ്‌ലാമിന്റെ കാഴ്ചപ്പാടുകള്‍
തുടങ്ങി ഒട്ടേറെ നൂതന വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്.