

കോഴിക്കോട്: മലപ്പുറത്തെ പോക്‌സോ കേസ് പ്രതിയായ കൊണ്ടോട്ടി സ്വദേശി ആഷിക്കിനെ അറസ്റ്റ് ചെയ്യാതെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് ഒത്തുകളിക്കുകയാണെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂണില്‍ കോഴിക്കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

അതിജീവിതയുടെ പിതാവ് ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
12കാരിയായ മകളെ മാതാവിന്റെ ആണ്‍സുഹൃത്ത് വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പിതാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിന് നല്‍കിയ പരാതി. കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. വയനാട്ടിലെ റിസോര്‍ട്ടിലും കോഴിക്കോടും കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. വിവരം പുറത്തു പറയുമെന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ പിതാവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് പ്രതി പറഞ്ഞു. മാതാവിനോട് വിവരം പറഞ്ഞെങ്കിലും പുറത്തു പറയരുതെന്ന് മാതാവ് അതിജീവിതയോട് ആവശ്യപ്പെട്ടു. അതിജീവിതയെ പ്രതിയെന്ന നിലയിലാണ് പൊലീസ് കൈകാര്യം ചെയ്തതെന്നും പിതാവ് പറഞ്ഞു.
ഒരാഴ്ച മുമ്പ് മാത്രമാണ് പൊലീസ് പോക്‌സോ കേസെടുത്തത്. എന്നാല്‍ പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് പിതാവ് പറഞ്ഞു.

