എബോള ഭീഷണി: വിവിധ രാജ്യങ്ങള്‍ താത്ക്കാലിക യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

Web Desk
2 Min Read

ദോഹ: ലോകവ്യാപകമായി എബോള വൈറസ് വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നതിനിടെ നിരവധി രാജ്യങ്ങള്‍ പുതിയ യാത്രാ നിയന്ത്രണങ്ങളും ആരോഗ്യ സുരക്ഷാ നടപടികളും പ്രഖ്യാപിച്ചു. പ്രധാനമായും കോംഗോ, ഉഗാണ്ട, സൗത്ത് സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെയാണ് നിയന്ത്രണങ്ങള്‍ ബാധിക്കുന്നത്.

city exchange

ബഹ്‌റൈന്‍: കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നും നേരിട്ട് എത്തുന്ന എല്ലാ രാജ്യക്കാരായ യാത്രക്കാര്‍ക്കും ജൂണ്‍ 19 വരെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. കഴിഞ്ഞ 30 ദിവസത്തിനിടെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും വിലക്ക് ബാധകമാണ്. എന്നാല്‍ ബഹ്‌റൈന്‍ പൗരന്മാര്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ അനുമതിയുണ്ടാകും. ഇവര്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയേണ്ടിവരും.

കാനഡ: മെയ് 27 മുതല്‍ 90 ദിവസത്തേക്ക് ഉയര്‍ന്ന എബോള അപകടസാധ്യതയുള്ള രാജ്യങ്ങളിലെ താമസക്കാര്‍ക്കുള്ള ചില കുടിയേറ്റ രേഖകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ക്കായി അനുവദിച്ചിരുന്ന താത്ക്കാലിക റെസിഡന്റ് വിസകള്‍, ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷനുകള്‍, സ്ഥിര താമസ വിസകള്‍ എന്നിവയുടെ പ്രാബല്യം താത്ക്കാലികമായി റദ്ദാക്കും. പുതിയ അപേക്ഷകളുടെ പരിഗണനയും ഈ കാലയളവില്‍ നിര്‍ത്തിവെക്കും.

- Advertisement -
Ad image

കൂടാതെ മെയ് 30 മുതല്‍ ഓഗസ്റ്റ് 29 വരെ കഴിഞ്ഞ 21 ദിവസത്തിനിടെ ബാധിത പ്രദേശങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും രോഗലക്ഷണങ്ങളില്ലാതെ കാനഡയിലെത്തുന്നവര്‍ 21 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണം. രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലേക്ക് മാറ്റി കൂടുതല്‍ പരിശോധനകള്‍ നടത്തും.

ജോര്‍ദാന്‍: ജൂണ്‍ 19 വരെ കോംഗോയില്‍ നിന്നും ഉഗാണ്ടയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ജോര്‍ദാന്‍ പൗരന്മാര്‍ക്ക് മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇവര്‍ക്ക് രാജ്യത്തേക്ക് മടങ്ങാമെങ്കിലും 21 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ പാലിക്കണം. ഇത് സര്‍ക്കാര്‍ നിശ്ചയിച്ച കേന്ദ്രങ്ങളിലോ വീടുകളിലോ ആകാം.

റുവാണ്ട: കോംഗോയിലൂടെ യാത്ര ചെയ്തവര്‍ക്കും കഴിഞ്ഞ 30 ദിവസത്തിനിടെ കോംഗോ സന്ദര്‍ശിച്ചവര്‍ക്കും പ്രവേശനം താത്ക്കാലികമായി നിര്‍ത്തിവച്ചു. റുവാണ്ടന്‍ പൗരന്മാര്‍ക്കും സ്ഥിര താമസക്കാര്‍ക്കും പ്രവേശനം അനുവദിക്കുമെങ്കിലും നിര്‍ബന്ധിത ക്വാറന്റീന്‍ ബാധകമായിരിക്കും.

ഉഗാണ്ട: കോംഗോയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും ഉഗാണ്ട താത്ക്കാലികമായി നിര്‍ത്തിവച്ചു. കൂടാതെ അതിര്‍ത്തി കടന്നുള്ള ബസ് സര്‍വീസുകള്‍, പൊതു ഗതാഗതം, സെംലിക്കി നദിയിലെ ഫെറി സര്‍വീസുകള്‍ എന്നിവയും ജൂണ്‍ 20 വരെ റദ്ദാക്കിയിട്ടുണ്ട്. അതിര്‍ത്തി മേഖലകളില്‍ ആരോഗ്യ പരിശോധനകളും പരിശോധനാ നടപടികളും ശക്തമാക്കിയിട്ടുണ്ട്. അത്യാവശ്യ യാത്രകള്‍ക്ക് മാത്രമാണ് ഔദ്യോഗിക അതിര്‍ത്തി കടന്നുപോകല്‍ കേന്ദ്രങ്ങളിലൂടെ പ്രവേശനം അനുവദിക്കുന്നത്.

യു എ ഇ: ജൂണ്‍ 6 മുതല്‍ കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള പുതിയ വിസകള്‍, സന്ദര്‍ശക വിസകള്‍ ഉള്‍പ്പെടെ നല്‍കുന്നത് യു എ ഇ താത്ക്കാലികമായി നിര്‍ത്തിവച്ചു.

ഈ രാജ്യങ്ങളില്‍ നിന്ന് നേരിട്ടോ മറ്റ് രാജ്യങ്ങള്‍ വഴി ട്രാന്‍സിറ്റായോ എത്തുന്ന യാത്രക്കാര്‍ക്കും പ്രവേശന നിയന്ത്രണങ്ങള്‍ ബാധകമാണ്. യു എ ഇയിലേക്ക് പ്രവേശിക്കാന്‍ യാത്രക്കാര്‍ പട്ടികയിലുള്ള രാജ്യങ്ങള്‍ക്ക് പുറത്തായി കുറഞ്ഞത് 21 ദിവസം ചെലവഴിച്ചിരിക്കണം.

മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ മേഖലകളിലെ നിരവധി വിമാനത്താവളങ്ങളിലും ആഫ്രിക്കയിലെ ചില കര അതിര്‍ത്തി പ്രവേശന കേന്ദ്രങ്ങളിലുമാണ് ആരോഗ്യ പരിശോധന ശക്തമാക്കിയിരിക്കുന്നത്. ഇതുമൂലം യാത്രാ നടപടിക്രമങ്ങളില്‍ കാലതാമസം നേരിടാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ അധിക സമയം മുന്‍കൂട്ടി കണക്കാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

എബോള വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് വിവിധ രാജ്യങ്ങള്‍ ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തി നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുമെന്നും ബന്ധപ്പെട്ട സര്‍ക്കാരുകള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!