ഹോര്‍മുസ് കടലിടുക്കിന് പകരം വ്യാപാരപാത: ആധുനിക ഹിജാസ് റെയില്‍വേ ഒമാന്‍ വരെ നീട്ടാന്‍ തുര്‍ക്കിയുടെ പദ്ധതി

Web Desk
2 Min Read

ഇസ്താംബുള്‍: ഹോര്‍മുസ് കടലിടുക്കിന് പകരമായി ആഗോള വ്യാപാരത്തിന് ബദല്‍ ഗതാഗതപാത സൃഷ്ടിക്കുന്നതിനായി ചരിത്രപ്രസിദ്ധമായ ഹിജാസ് റെയില്‍വേ ആധുനികവത്കരിച്ച് ഒമാന്‍ വരെ നീട്ടാന്‍ തുര്‍ക്കി പദ്ധതിയിടുന്നതായി ഗതാഗത- അടിസ്ഥാന സൗകര്യ മന്ത്രി അബ്ദുല്‍ഖാദിര്‍ ഉറാലൊഗ്ലു അറിയിച്ചു.

city exchange

അനദോലു എഡിറ്റര്‍ ഡെസ്‌കില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ചരിത്രപരമായ ഈ റെയില്‍പാത വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കും ആധുനിക ചരക്ക്- യാത്രാ ഗതാഗതത്തിനുമായി പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തുര്‍ക്കിയെ അലപ്പോയുമായി ബന്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി നിലവിലുള്ള അലപ്പോ- ഡമസ്‌കസ്- ജോര്‍ദാന്‍ റെയില്‍ ശൃംഖല ഉപയോഗിക്കുമെന്നും സൗദി അറേബ്യയുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

പദ്ധതിയുടെ അന്തിമ ലക്ഷ്യം റെയില്‍പാത ഒമാന്‍ വരെ നീട്ടി സമുദ്രതീരവുമായി ബന്ധിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ ഹോര്‍മുസ് കടലിടുക്കിന് പകരമായ ഒരു തന്ത്രപ്രധാന അന്തര്‍ദേശീയ വ്യാപാരപാത രൂപപ്പെടുമെന്നാണ് വിലയിരുത്തല്‍.

- Advertisement -
Ad image

ഇറാഖിലെ ബസ്‌റ ഗള്‍ഫില്‍ നിന്ന് തുര്‍ക്കി അതിര്‍ത്തിവരെ വ്യാപിക്കുന്ന 1,200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ‘ഡെവലപ്മെന്റ് റോഡ് പ്രോജക്ട്’ സംബന്ധിച്ചും മന്ത്രി വിശദീകരിച്ചു. ഹൈവേകള്‍, റെയില്‍വേ ശൃംഖലകള്‍, ഊര്‍ജ- സമ്പര്‍ക്ക സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഈ വന്‍ അടിസ്ഥാനസൗകര്യ പദ്ധതിയുടെ രൂപകല്‍പ്പന പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു.

യു എ ഇ, ഖത്തര്‍, ഇറാഖ്, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ സഹകരണത്തോടെയും അന്താരാഷ്ട്ര ധനസഹായത്തോടെയും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. മേഖലയിലെ രാഷ്ട്രീയ- സുരക്ഷാ സാഹചര്യം കൂടുതല്‍ അനുകൂലമായ ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് സൂചന.

മിഡില്‍ കൊറിഡോറിന്റെ പ്രധാന ഘടകമായ സാംഗെസൂര്‍ കൊറിഡോര്‍ പദ്ധതിയെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. തുര്‍ക്കി ഭാഗത്തെ 224 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാര്‍സ്ഇഗ്ദിര്‍അറാലിക്ദിലുചു റെയില്‍പാതയ്ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

അസര്‍ബൈജാന്‍ ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍, അര്‍മേനിയന്‍ പ്രദേശത്തിലൂടെ കടന്നുപോകുന്ന സാംഗെസൂര്‍ പാതയുടെ പുരോഗതി മന്ത്രാലയം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കിക് രാജ്യങ്ങളിലേക്കും മധ്യേഷ്യയിലേക്കും കൂടുതല്‍ ഹ്രസ്വവും കാര്യക്ഷമവുമായ ബന്ധം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഇസ്താംബൂളിലെ റെയില്‍ ഗതാഗത വികസനവുമായി ബന്ധപ്പെട്ട് യാവുസ് സുല്‍ത്താന്‍ സെലിം പാലത്തിലൂടെ റെയില്‍വേ പാത ഉള്‍പ്പെടുത്തുന്ന പദ്ധതി ചരക്ക് ഗതാഗത ശേഷി വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക ചുവടുവയ്പ്പാണെന്ന് മന്ത്രി പറഞ്ഞു.

ഈ പദ്ധതിക്കായി ലോക ബാങ്കിന്റെ നേതൃത്വത്തിലുള്ള ആറ് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ധനസഹായം ഉറപ്പാക്കിയതായും പ്രാഥമിക കരാറുകള്‍ ഒപ്പുവെച്ചതായും അദ്ദേഹം അറിയിച്ചു.

6.75 ബില്യണ്‍ ഡോളറിന്റെ വായ്പയുടെ പിന്തുണയോടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. യൂറോപ്പിനും ഏഷ്യയ്ക്കുമിടയിലെ ചരക്ക്- യാത്രാ ട്രെയിന്‍ ഗതാഗതത്തിലെ ശേഷിക്കുറവ് പരിഹരിക്കാന്‍ സഹായിക്കുന്ന ഈ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ അടുത്ത ദിവസങ്ങളില്‍ ആരംഭിക്കുമെന്നും വര്‍ഷാവസാനത്തിന് മുമ്പ് നിര്‍മാണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!