
ദോഹ: ദക്ഷിണ ലബനാനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സമാധാനസേനയായ യു എന്‍ ഐ എഫ് ഐ എല്‍ പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ സെര്‍ബിയന്‍ സൈനികന് കൊല്ലപ്പെടുകയും എല്‍ സാല്‍വദോറും സ്പെയിനും സ്വദേശികളായ രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന്റെ 1701-ാം പ്രമേയത്തിന്റെയും ഗുരുതരമായ ലംഘനമാണ് ഈ ആക്രമണമെന്ന് ഖത്തര്‍ വിലയിരുത്തി.

വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം, യു എന്‍ ഐ എഫ് ഐ എല്ലിനെ ലക്ഷ്യമിട്ടുള്ള ഏത് ആക്രമണവും പൂര്‍ണമായും തള്ളിക്കളയുന്നതായി ആവര്‍ത്തിച്ചു. സഹോദര രാഷ്ട്രമായ ലബനാനില്‍ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതില്‍ യു എന്‍ ഐ എഫ് ഐ എല്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ആക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
മരണമടഞ്ഞ സൈനികന്റെ കുടുംബത്തിനും സെര്‍ബിയ റിപ്പബ്ലിക്കിന്റെ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഖത്തര്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.

