

ദോഹ: എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി കണക്ക്, ശാസ്ത്ര വിഷയങ്ങളില്‍ മികവിനായി ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാസറ്റ് 2023 സംഘടിപ്പിക്കുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള ഒളിംപ്യാഡ് പരീക്ഷയാണിത്. ആദ്യമായാണ് ഒരു സി ബി എസ് ഇ സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയോടെ ഒളിംപ്യാഡ് പരീക്ഷ നടത്തുന്നത്.

ഐ സി എസ് ഇ, ഐ ജി സി എസ് ഇ, ഐ ബി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും മാസറ്റിന് അപേക്ഷിക്കാവുന്നതാണ്. 15 ഖത്തര്‍ റിയാലാണ് റജിസ്‌ട്രേഷന്‍ ഫീസ്.

വിദ്യാര്‍ഥികളുടെ മികവ് പ്രോത്സാഹിപ്പിക്കാനായി തയ്യാറാക്കിയ മാസറ്റ് കുട്ടികളുടെ കഴിവും സാധ്യതകളും വിലയിരുത്താന്‍ കൂടി ഉപയോഗപ്രദമാകും. വിദ്യാര്‍ഥികളുടെ മികവിന്റേയും മികവില്ലായ്മയുടേയും മേഖലകള്‍ കൂടി തിരിച്ചറിയാന്‍ സഹായിക്കും.
മെയ് 25 വരെ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ജൂണ്‍ മൂന്നിന് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ രാവിലെ 10 മുതല്‍ 11 വരെയാണ് പരീക്ഷ നടക്കുക. ജൂണ്‍ എട്ടിന് ഫലം പ്രഖ്യാപിക്കും. ജൂണ്‍ 10ന് സമ്മാന വിതരണം നടക്കും.
ഒരു വിദ്യാലയത്തില്‍ നിന്നും എത്ര കുട്ടികള്‍ക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. വിദ്യാര്‍ഥികള്‍ക്ക് വ്യക്തിഗതമായും പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ അവസരമുണ്ട്. താത്പര്യമുള്ളവര്‍ക്ക് www.idealschoolqatar.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
ഒന്നാം സമ്മാനമായി മൂവായിരം ഖത്തര്‍ റിയാലും സ്വര്‍ണ മെഡലും സര്‍ട്ടിഫിക്കറ്റും ലഭിക്കും. രണ്ടാം സമ്മാനം രണ്ടായിരം റിയാലും വെള്ളി മെഡലും സര്‍ട്ടിഫിക്കറ്റും മൂന്നാം സമ്മാനം ആയിരം റിയാലും വെങ്കല മെഡലും സര്‍ട്ടിഫിക്കറ്റുമാണ് ലഭിക്കുക. അബൂഹമൂര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലാണ് പുരസ്‌ക്കാര ദാന ചടങ്ങ് നടക്കുക.
വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഐഡിയല്‍ സ്‌കൂള്‍ ഓഫിസില്‍ എത്തിക്കേണ്ടതാണ്. പരീക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

