
ന്യൂഡല്‍ഹി: ജനപഥ് മണ്ഡപത്തില്‍ നാഷണല്‍ ബുക്ക് ട്രസ്റ്റ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ലോക പുസ്തകമേളയില്‍ ഈ വര്‍ഷത്തെ വിശിഷ്ടാതിഥി ഖത്തര്‍. ജനുവരി 10 മുതല്‍ 18 വരെ നടക്കുന്ന പുസ്തകമേളയില്‍ 30 രാജ്യങ്ങളില്‍ നിന്നായി മുവായിരത്തോളം പവലിയനുകള്‍ ഉണ്ടാകും. രാജ്യത്തിന്റെ സാംസ്‌കാരിക തനിമകള്‍ വെളിവാക്കുന്ന ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം ഒരുക്കുന്ന പവിലിയന്‍ ശ്രദ്ധേയമാകും.

ആഗോളതലത്തില്‍ ഖത്തറി സാന്നിധ്യം ഉയര്‍ത്തിക്കാട്ടുന്നതിനും സാഹിത്യപരമായ മേഖലകള്‍ വൈവിധ്യമാര്‍ന്ന ആഗോള പ്രേക്ഷകര്‍ക്ക് പരിചയപ്പെട്ടുത്തുന്നതിനും അതുവഴി നൂതനാശയങ്ങള്‍ക്കും സാംസ്‌കാരികവും നാഗരികവുമായ വൈവിധ്യങ്ങള്‍ പ്രകടമാക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പങ്കാളിത്തമെന്ന് ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കി.

ആഗോള ചിന്തയും വിജ്ഞാനവും പരിപോഷിപ്പിക്കാന്‍ സഹായിച്ച ഏറ്റവും പുരാതനമായ മനുഷ്യ നാഗരികതകളിലൊന്നായ ഇന്ത്യന്‍ മണ്ണില്‍ സാംസ്‌കാരിക ഇടപഴകലിനുള്ള വേദിയാകുമിതെന്ന് ദോഹ അന്താരാഷ്ട്ര പുസ്തകമേള ഡയറക്ടര്‍ ജാസിം അഹമ്മദ് അല്‍ ബുവൈനൈന്‍ പറഞ്ഞു.
സാംസ്‌കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള അനുഭവങ്ങളോടുള്ള തുറന്ന മനസ്സിനും ഊന്നല്‍ നല്‍കുന്നതിനു പുറമേ സാംസ്‌കാരിക സ്ഥാപനങ്ങളുമായും പ്രസിദ്ധീകരണ സ്ഥാപനങ്ങളുമായും സഹകരണം ശക്തിപ്പെടുത്തുന്നതിനും അറബ്, ആഗോള സാംസ്‌കാരിക രംഗത്തിന് പിന്തുണ നല്‍കുന്നതിനും ഖത്തര്‍ നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് പങ്കാളിത്തം.
സാഹിത്യം, കവിത, ചിന്ത, കല എന്നീ മേഖലകളില്‍ ഖത്തരി ചിന്താശേഷികള്‍ അവതരിപ്പിക്കുന്നതിനും ആഗോള വേദികളില്‍ അറബ് സംസ്‌കാരത്തിന്റെ സാന്നിധ്യം ഉറപ്പാക്കാനും ഈ സഹകരണം കൊണ്ട് സാധ്യമാകും.
ഖത്തറിന്റെ സാംസ്‌കാരിക പൈതൃക ചൈതന്യം പകര്‍ത്തുന്ന അര്‍ദ നൃത്തവും മറ്റ് പരമ്പരാഗത നാടോടി കലകളും ഖത്തരി നാടോടി ട്രൂപ്പിന്റെ പങ്കാളിത്തത്തോടെ മേളയില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ അവതരിപ്പിക്കും.

