

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി മിന്നല്‍ പണിമുടക്ക് ആരംഭിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. പണിമുടക്ക് വ്യാഴാഴ്ച രാവിലെ എട്ടു മണി വരെ തുടരും. തുടര്‍ സമര പരിപാടികള്‍ തുടര്‍ന്ന് തീരുമാനിക്കും.

സര്‍ക്കാര്‍- സ്വകാര്യ ഡോക്ടര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അത്യാഹിത വിഭാഗത്തില്‍ മാത്രമാണ് സേവനം ലഭിക്കുക.

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപുത്രിയില്‍ ഡ്യൂട്ടിക്കിടയില്‍ അക്രമിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ കെ ജി എം ഒയുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ പി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാരുടെ പ്രതിഷേധം. ജില്ലയിലെ മുഴുവന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രി എന്നിവടങ്ങളില്‍ ഡോക്ടര്‍മാര്‍ ഒ പി ബഹിഷ്‌കരിക്കും.
തീവ്രപരിചരണ വിഭാഗങ്ങളെ പ്രതിഷേധം ബാധിക്കില്ലെന്നും കെ ജി എം ഒ എ ജില്ലാ കമ്മിറ്റി അറിയിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ഡ്യൂട്ടിക്കിടയിലാണ് ഹൗസ് സര്‍ജന്‍ ഡോ. വന്ദന(23) പരിശോധനയ്ക്കായി പൊലീസ് ആശുപത്രിയില്‍ എത്തിച്ച പ്രതിയുടെ കുത്തേറ്റ് മരിച്ചത്. ജോലിക്കിടയില്‍ ഡോക്ടര്‍മാര്‍ക്കു നേരെയുണ്ടാകുന്ന അക്രമം ഒരു കാരണവശാലും അംഗികരിക്കാന്‍ കഴിയില്ലെന്നും ചികില്‍സ തേടിയെത്തുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഡോക്ടമാരുടെ ജീവന്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. ഇതിനെതിരെ കേരള സമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തു വരണമെന്നും കെ ജി എം ഒ എ എറണാകുളം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

