

പാലക്കാട്: ആദ്യ ഘട്ടത്തിലെ ഇഞ്ചോടിഞ്ച് പോരാട്ടം അവസാനത്തിലെത്തിയപ്പോള്‍ ബി ജെ പിയെ അപ്രസക്തമാക്കി യു ഡി എഫും രാഹുല്‍ മാങ്കൂട്ടത്തിലും ജയം കൈപ്പിടിയിലൊതുക്കി. 18669 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ബി ജെ പിയുടെ സി കൃഷ്ണകുമാറിനെ മലര്‍ത്തിയടിച്ചത്. യു ഡി എഫും കേരളവും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷമാണ് പാലക്കാട് രാഹുലിന് നല്‍കിയത്.

പോസ്റ്റല്‍ വോട്ടുകളിലും ആദ്യമണിക്കൂറുകളിലും മുന്നിലായിരുന്ന ബി ജെ പി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിനെ ആറാം റൗണ്ട് മുതലാണ് രാഹുല്‍ പിന്നിലാക്കിയത്.

ബി ജെ പി കോട്ടകള്‍ പൊളിച്ചടുക്കിയാണ് രാഹുല്‍ കുതിച്ചത്. ആയിരത്തോളം ഭൂരിപക്ഷമുണ്ടായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഒറ്റയടിക്കാണ് അയ്യായിരത്തിലും പതിനായിരത്തിലും പതിമൂവായിരത്തിലും ഇരുപതിനായിരത്തിലും എത്തിയത്. ഒടുവില്‍ പതിനേഴായിരത്തിലെത്തി നില്‍ക്കുകയായിരുന്നു.
ബി ജെ പി സ്വാധീന നഗര മേഖലയിലെ വോട്ടെണ്ണുമ്പോള്‍ ബി ജെ പി മുന്നിലായിരുന്നുവെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് കുറഞ്ഞിരുന്നു. ബി ജെ പി വോട്ടുകളില്‍ കൂടുതലും കോണ്‍ഗ്രസിലേക്കും കുറച്ച് ഇടതു മുന്നണിക്കും ലഭിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കോണ്‍ഗ്രസില്‍ നിന്നും ഇടത് മുന്നണിയിലെത്തിയ പി സരിന് ചിത്രത്തിലെവിടെയും പ്രത്യക്ഷപ്പെട്ടില്ല.
പിരായിരി പഞ്ചായത്തില്‍ വോട്ടെണ്ണിയപ്പോള്‍ രാഹുലിന്റെ ലീഡ് കുത്തനെ ഉയര്‍ന്നു. 2021ല്‍ യു ഡി എഫിലെ ഷാഫി പറമ്പില്‍ ബി ജെ പിയിലെ ഇ ശ്രീധരനെ 3859 വോട്ടിന് പരാജയപ്പെടുത്തിയ സ്ഥാനത്താണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വന്‍ ഭൂരിപക്ഷം നേടിയിരിക്കുന്നത്.
പാലക്കാട് യു ഡി എഫിന് 57912, എല്‍ ഡി എഫിന് 37046, എന്‍ ഡി എയ്ക്ക് 39243 എന്നിങ്ങനെയാണ് വോട്ടിംഗ് നില.

