ചേലുള്ള കാഴ്ചകളൊരുക്കി ഇശലുകളുടെ സുല്‍ത്താന്‍

Web Desk
3 Min Read

ദോഹ: ഇശല്‍ ചക്രവര്‍ത്തി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യജീവിതം പ്രമേയമാക്കി നാടക സൗഹൃദം ദോഹ അവതരിപ്പിച്ച ലൈറ്റ് ആന്‍ഡ് മ്യുസിക്ക് ഷോ ‘ഇശലുകളുടെ സുല്‍ത്താന്‍’ അഭിനേതാക്കളുടെ പകര്‍ന്നാട്ടംകൊണ്ട് മികച്ചദൃശ്യാനുഭവമായി. മോയിന്‍ കുട്ടി വൈദ്യരുടെ ‘ഹുസുനുല്‍ ജമാലും ബദറുല്‍ മുനീറും’ ‘മലപ്പുറം പടപ്പാട്ട്’ തുടങ്ങിയ കാവ്യങ്ങളുടെ ദൃശ്യാവിഷ്‌കാരവും മാപ്പിള കലാരൂപങ്ങളും ആധുനിക സാങ്കേതിക വിദ്യകള്‍ പരമാവധി ഉപയോഗിച്ചു കൊണ്ടൊരുക്കിയ ലൈറ്റ് ആന്‍ഡ് മ്യുസിക്കല്‍ ഷോയുടെ അരങ്ങിലും അണിയറയിലുമായി നൂറോളം കലാകാരന്മാരാണ് ഭാഗമായത്.

city exchange

വിരല്‍ തുമ്പില്‍ പുതിയ പുതിയ ദൃശ്യങ്ങള്‍ തെളിയുന്ന കാലഘട്ടത്തില്‍ സംവിധായകന്‍ മജീദ് സിംഫണി അരങ്ങിന്റെ കാലോചിതമായ മാറ്റം അടയാളപ്പെടുത്തിയാണ് ഇശലുകളുടെ സുല്‍ത്താന്റെ ദൃശ്യാവിഷ്‌ക്കാരം ഒരുക്കിയത്.
ഒരു കാലത്തിന്റെ നീതിബോധവും ഒരു ദേശത്തിന്റെ സ്വാതന്ത്ര്യബോധവും ഒരു സമൂഹത്തിന്റെ ധാര്‍മ്മിക ബോധവും ചരിത്രത്തിലും സംഗീതത്തിലും ചാലിച്ചെഴുതിയ കവിയായ മോയിന്‍ കുട്ടി വൈദ്യര്‍ക്കുള്ളസ്മരണാഞ്ജലി കൂടിയായി മാറി ഇശലുകളുടെ സുല്‍ത്താന്‍.

എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ മൈതാനത്ത് മൂന്ന് സ്റ്റേജുകളിലായി രണ്ടര മണിക്കൂര്‍ നേരം നോണ്‍ സ്റ്റോപ്പായുള്ള വേറിട്ട രംഗാവതരണവും ചടുലമായ അരങ്ങവതരണവും പ്രവാസ ഭൂമികയിലെ മണല്‍ തട്ടകത്തിന് പ്രതീക്ഷ നല്‍കുന്നതായി. കറ പുരളാത്ത സ്വാതന്ത്ര്യ ബോധത്തില്‍ നിന്നും ഊര്‍ജ്ജം കൊണ്ട് മോയിന്‍ കുട്ടി വൈദ്യര്‍ എഴുതിയ ചരിത്ര കാവ്യങ്ങളുടെ ശ്രവ്യാനുഭവം കൂടി പകരുന്ന തായിരുന്നു ഇശലുകളുടെ സുല്‍ത്താന്‍.

മലപ്പുറത്ത് കുടിയാന്മാരും ജന്മിമാരും തമ്മില്‍ 250 വര്‍ഷം മുമ്പ് നടന്ന കലാപം പ്രതിപാദിക്കുന്ന കേരള ചരിത്രത്തെ ആധാരമാക്കി മലയാള ഭാഷയില്‍ രചിക്കപ്പെട്ട ആദ്യകാല കാവ്യങ്ങളില്‍ ഒന്നായ മലപ്പുറം പടപ്പാട്ടെന്റേതടക്കമുള്ള രംഗാവിഷ്‌ക്കാരം മികവ് പുലര്‍ത്തി.

- Advertisement -
Ad image

കൊളോണിയലിസത്തിനെതിരെയും ജന്മിമാര്‍ക്കെതിരെയും സമരം ചെയ്യുന്ന കര്‍ഷകരുടെ ധര്‍മ വീര്യമുയര്‍ത്തിയ ബദര്‍ പടപ്പാട്ടും ഒപ്പനപ്പാട്ടുകളും കല്യാണപ്പാട്ടുകളും അരങ്ങിനെ ആസ്വാദ്യകരമാക്കി. അനുരാഗത്തിന്റെ കുളിര്‍കാറ്റായി ബദറുല്‍ മുനീറും ഹുസ്‌നുല്‍ ജമാലും അരങ്ങിനെ പ്രണയാര്‍ദ്രമാക്കി.

ആഷിക് മാഹിയും ആരതി പ്രജിത്തുമാണ് മോയിന്‍കുട്ടി വൈദ്യരുടെ അനശ്വര കാവ്യത്തിലെ കഥാപാത്രങ്ങളായത്. വൈദ്യരുടെ കൗമാരകാലം മുതല്‍ മരണം വരെയുള്ള ജീവിത സന്ദര്‍ഭങ്ങളുടെ അരങ്ങില്‍ കാളപൂട്ട് മത്സരവും കുതിരയും പുഴയും വഞ്ചിയും ആകാശത്തു നിന്നിറങ്ങിവന്ന ജിന്നും അരങ്ങിന്റെ സാധ്യതയെ വിസ്മയഭരിതമാക്കി.

അരങ്ങിന്റെ പരിമിതിയെ ഡിജിറ്റല്‍ വിഷ്വലൈസേഷനിലൂടെ മറികടന്നതും നവ്യാനുഭവമായി. മോയിന്‍ കുട്ടി വൈദ്യരുടെ കൗമാരകാലം പകര്‍ന്നാടി വിഷ്ണുദേവ്
അരങ്ങിന്റെ വാഗ്ദാനമായി. പ്രശസ്ത നാടക കലാകാരന്‍ ശ്രീജിത്ത് പൊയില്‍കാവ് രചന നിര്‍വ്വഹിച്ച ഇശലുകളുടെ സുല്‍ത്താനില്‍ ബാവ വടകരയാണ് മോയിന്‍ കുട്ടി വൈദ്യരായി അഭിനയിച്ചത്. മോയിന്‍ കുട്ടിയുടെ ബാപ്പയായി അന്‍വര്‍ ബാബുവും മോയിന്‍ കുട്ടിയുടെ കാമുകിയും ഭാര്യയായും നിമിഷ നിഷാദും തങ്ങളുടെ കഥാപാത്രങ്ങളെ അസാധാരണ കയ്യടക്കത്തോടെയാണ് അവതരിപ്പിച്ചത്.

കെ കെ സുധാകരന്‍, മുസ്തഫ എലത്തൂര്‍, പ്രജിത്ത്, ബിന്ദു കരുണ്‍, രാഹുല്‍ കല്ലിങ്കല്‍, സലീം പി ടി കെ, ഫൈസല്‍ അരിക്കാട്ടയില്‍, കൃഷ്ണകുമാര്‍, മുത്തു ഐ സി ആര്‍ സി തുടങ്ങി ആദ്യമായി അരങ്ങിലെത്തുന്ന പുതുമുഖങ്ങളടക്കം നൂറില്‍പരം പേരാണ് ഇശലുകളുടെ സുല്‍ത്താന്റെ രംഗങ്ങളില്‍ നിറഞ്ഞുനിന്നത്.

ഇന്‍കാസ് നേതാവായ ജോപ്പച്ചന്‍ തെക്കെക്കൂറ്റ് ഹ്രസ്വവേഷത്തിലെത്തിയതും ശ്രദ്ധേയമായി. സിദ്ധീഖ് വടകരയാണ് സഹസംവിധാനം നിര്‍വ്വഹിച്ചത്. രണ്ടുമാസത്തെ റിഹേഴ്‌സലിലൂടെയാണ് ലൈല മജ്‌നുവിനു ശേഷം നൂറിലേറെ പേര്‍ അരങ്ങിലെത്തിയ രംഗാവിഷ്‌ക്കാരം ദോഹയിലെ നാടക പ്രേമികള്‍ക്ക് മികച്ച കാഴ്ച്ചാനുഭവം നല്‍കിയത്.

അഭിനയം, സംഭാഷണം എന്നിവയിലൂടെ സമ്പൂര്‍ണമായ ഒരു മനുഷ്യവ്യാപാരത്തെ പ്രേക്ഷകരിലേക്ക് പകരുന്ന ദൃശ്യശ്രാവ്യകല. ‘ഒരു പൂര്‍ണക്രിയയുടെ അനുകരണം’ എന്ന അരിസ്റ്റോട്ടിലിന്റെ അരങ്ങിനെ കുറിച്ചുള്ള നിര്‍വചനം അന്വര്‍ഥമാക്കുന്നതായി ഇശലുകളുടെ സുല്‍ത്താന്‍.

നാടക സൗഹൃദം ദോഹയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍
സ്ഥാപക പ്രസിഡണ്ടും നാടക സീരിയല്‍ സിനിമാ നടനുമായ കെ കെ സുധാകരന്‍, സാം ബഷീര്‍, പി എന്‍ ബാബുരാജന്‍, ജോപ്പച്ചന്‍ തെക്കേകൂറ്റ് എന്നിവര്‍ സംസാരിച്ചു.

നാടക സൗഹൃദം ദോഹ ജനറല്‍ സെക്രട്ടറി ആഷിക് മാഹി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ അന്‍വര്‍ ബാബു നന്ദിയും പറഞ്ഞു. റേഡിയോ സുനോ ആര്‍ ജെ അഷ്ടമിജിത്ത് അവതാരകയായിരുന്നു.

Share This Article
Leave a Comment
error: Content is protected !!