

ദോഹ: ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മെട്രോ സ്‌റ്റേഷനില്‍ ലുലു എക്‌സ്പ്രസ് കാഷ്യര്‍ ലെസ് ചെക്കൗട്ട് പ്രവര്‍ത്തനം തുടങ്ങി. കൊമേഴ്സ്യല്‍ ബാങ്കിന്റെ പേയ്മെന്റ് സ്വീകാര്യത സൊല്യൂഷനിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ഉദ്ഘാടന ചടങ്ങില്‍ കൊമേഴ്സ്യല്‍ ബാങ്ക് ഗ്രൂപ്പ് സി ഇ ഒ ജോസഫ് എബ്രഹാം, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ത്താഫ് തുടങ്ങി നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ഉപഭോക്താക്കള്‍ തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡില്‍ റീഫണ്ട് ലഭ്യമാകുന്ന ഒരു റിയാല്‍ ഉപയോഗിച്ചാണ് സ്റ്റോര്‍ ആക്സസ് ചെയ്യേണ്ടത്. തെരഞ്ഞെടുക്കുന്ന ഓരോ ഇനവും ഡിജിറ്റല്‍ ഷോപ്പിംഗ് കാര്‍ട്ടിലേക്ക് ചേര്‍ക്കുകയും ഉപഭോക്താവ് സ്റ്റോര്‍ വിടുമ്പോള്‍ വാങ്ങല്‍ പൂര്‍ത്തിയാവുകയും ചെയ്യും. ഉപഭോക്താക്കള്‍ക്ക് ക്യൂ, കാഷ്യര്‍മാര്‍, കൗണ്ടറിലെ കാത്തിരിപ്പ് സമയം എന്നിവയില്‍ നിന്ന് മോചനം ലഭിക്കും.
ഇത്തരം സേവനം ഭാവിയില്‍ രാജ്യത്തുടനീളം ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത ഘട്ടത്തില്‍ മുഖം തിരിച്ചറിയല്‍ സൗകര്യം വരുമെന്നും അവിടെ ക്രെഡിറ്റ് കാര്‍ഡ് ടാപ്പ് ചെയ്യേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള സേവനവും ഉടന്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മെട്രോ സ്റ്റേഷനിലെ സ്റ്റോറില്‍ സീലിംഗില്‍ ഘടിപ്പിച്ച ക്യാമറകള്‍, ഷോപ്പര്‍മാരുടെ ചലനം പിന്തുടരുന്നതിന് കമ്പ്യൂട്ടര്‍ വിഷന്‍, മെഷീന്‍ ലേണിംഗ് തുടങ്ങിയവയുടെ സംയോജനത്തിലൂടെയാണ് പ്രവര്‍ത്തനം നടക്കുന്നത്. ക്യാമറകള്‍ ശരീരഘടനയിലൂടെ ഷോപ്പര്‍മാരെ തിരിച്ചറിയാന്‍ കൃത്യമായ ട്രാക്കിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

