Community
പ്രവാസി അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തിന് തുടര്‍ച്ചയുണ്ടാകും: സൈനുല്‍ ആബിദീന്‍

ദോഹ: ഇന്ത്യന്‍ പ്രവാസി സമൂഹം നേരിടുന്ന നിയമ പ്രയസങ്ങളും യാത്ര നിരക്കിന്റെ പ്രയാസങ്ങളും നേരിടാന്‍ നിയമരപരമായ മാര്‍ഗത്തില്‍ പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും അതിന് മുസ്ലിം ലീഗ് നേതൃപരമായ ഇടപെടല്‍ നടത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രവാസി വോട്ടവകാശം ഉള്‍പ്പടെയുള്ള നമ്മുടെ സ്വപ്ങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ തുടര്‍ന്നും നിര്‍വഹിക്കുമെന്നും മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സൈനുല്‍ ആബിദീന്‍ പ്രസ്താവിച്ചു.


കഴിഞ്ഞ ദിവസം നിലവില്‍ വന്ന പുതിയ ദേശീയ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റായ ശേഷം ആദ്യമായി ഖത്തറില്‍ എത്തിയ അദ്ദേഹത്തിന് കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മറ്റി നല്‍കിയ സ്വീകരണത്തിന് മറുപടി പ്രസംഗം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ചെറുപ്പം മുതലുള്ള സുദീര്‍ഘമായ സംഘടനാ കാലങ്ങളെയും നേതാക്കളെയും അനുസ്മരിച്ച അദ്ദേഹം പ്രവാസി സമൂഹത്തിന്റെ പ്രതിനിധിയായാണ് ഞാന്‍ നേതൃനിരയിലേക്ക് പരിഗണിക്കപ്പെട്ടതെന്നും ആ മേഖലയില്‍ ചെയ്യാനാകുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുമെന്നും പാര്‍ട്ടി നേതാക്കളുടെയും കെ എം സി സി പ്രസ്ഥാനത്തിന്റെയും പിന്തുണയാണ് തന്റെ ഊര്‍ജമെന്നും അദ്ദേഹം പറഞ്ഞു.


നാലര പതിറ്റാണ്ടിന്റെ ഖത്തര്‍ പ്രവാസം കെ എം സി സിയുടെ വിവിധ സംഘടന തലങ്ങളില്‍ പ്രവര്‍ത്തിക്കാനായതിന്റെ അംഗീകാരമായി കണക്കാക്കുകയാണെന്നും തന്റെ കര്‍മ്മ മണ്ഡലത്തിലെ പ്രവര്‍ത്തകരും നേതാക്കളും നല്‍കുന്ന സ്വീകരണം ഏറെ ഹൃദ്യമാണെന്ന സന്തോഷം അദ്ദേഹം പങ്കുവെച്ചു.
മുസ്ലിം ലീഗ് പാര്‍ട്ടിയും നേതൃത്വവും പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാനുള്ള വിപുലമായ പ്രവര്‍ത്തന പദ്ധതികളാണ് ലക്ഷ്യം വെക്കുന്നെതെന്നും സമൂഹത്തിന്റെ എല്ലാ മേഖലയില്‍ നിന്നുമുള്ള പ്രാതിനിധ്യത്തോടെ നിലവില്‍ വന്ന കമ്മിറ്റി പരിചയ സമ്പന്നരായ നേതാക്കളുടെ മികവില്‍ സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ എല്ലാ നിലയിലും നേരിടുമെന്നും ഇന്ത്യന്‍ മുസ്ലിം സമൂഹത്തിനും പിന്നാക്ക ന്യൂനപക്ഷത്തിനും വേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം പ്രസ്താവിച്ചു.


