ധാരണാപത്രത്തിന്റെ സാങ്കേതിക- പ്രായോഗിക നടപ്പാക്കലിന്റെ ഭാഗമായി വിദഗ്ധ സംഘം ദോഹയിലെത്തുമെന്ന് ഇറാന്‍

Web Desk
1 Min Read

തെഹ്റാന്‍: യു എസുമായുണ്ടാക്കിയ ധാരണാപത്രത്തിന്റെ സാങ്കേതികവും പ്രായോഗികവുമായ നടപ്പാക്കലിന്റെ ഭാഗമായി വിദഗ്ധര്‍ അടങ്ങിയ സംഘം ഈ ആഴ്ച ദോഹയിലെത്തുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് അറിയിച്ചു.

city exchange

അമേരിക്കയുമായി പുതിയ ഉഭയകക്ഷി ചര്‍ച്ചകളോ ഏതെങ്കിലും തലത്തിലുള്ള ചര്‍ച്ചകളോ ഉടന്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന്‍ തള്ളി. നിലവിലുള്ള ധാരണാപത്രത്തിന്റെ സാങ്കേതികവും പ്രായോഗികവുമായ നടപ്പാക്കലിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ എണ്ണ വില്‍പ്പനയ്ക്ക് ആവശ്യമായ അനുമതികള്‍ അമേരിക്ക നല്‍കിയതായി ബഗായ് സ്ഥിരീകരിച്ചു. അനുമതി പ്രായോഗികമായി നടപ്പാക്കുന്നതിലാണ് ഇറാന്റെ ഇനിയുള്ള ശ്രദ്ധയെന്നും മരവിപ്പിച്ച സാമ്പത്തിക ആസ്തികള്‍ മോചിപ്പിക്കുന്ന നടപടികള്‍ക്കാണ് പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ പ്രതിനിധികള്‍ ഖത്തറിലെത്തുന്നതും ഇറാന്‍ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനവും തമ്മില്‍ ബന്ധമുണ്ടെന്ന അഭ്യൂഹങ്ങളും ബഗായ് തള്ളി. അമേരിക്കന്‍ പ്രതിനിധികളുടെ സന്ദര്‍ശനം ഇറാന്റെ ദൗത്യവുമായി യാതൊരു ബന്ധവുമില്ലെന്നും സമഗ്രമായ അന്തിമ കരാറിനായുള്ള ഔപചാരിക ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ധാരണാപത്രത്തിലെ ആര്‍ട്ടിക്കിള്‍ 13 അനുസരിച്ച്, ആര്‍ട്ടിക്കിളുകള്‍ 1, 4, 5, 10, 11 എന്നിവ വിജയകരമായും തുടര്‍ച്ചയായും നടപ്പായതിന് ശേഷമേ അന്തിമ കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനാകൂവെന്നും ബഗായ് വിശദീകരിച്ചു.

ദോഹയില്‍ ഇറാനുമായി സുപ്രധാന നയതന്ത്ര ചര്‍ച്ചകള്‍ നടക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. അമേരിക്കയുടെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് ദോഹയിലേക്ക് യാത്രതിരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ട്രംപിന്റെ മരുമകന്‍ ജാരഡ് കുഷ്നര്‍ അദ്ദേഹത്തോടൊപ്പമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Share This Article
Leave a Comment
error: Content is protected !!