

കൊച്ചി: എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി സംവരണത്തിനായി അറബിക് തസ്തികകള്‍ നല്‍കുന്നതിന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന് (കെ എ എം എ) എതിരല്ലെന്നും 2023 മാര്‍ച്ച് വരെ സര്‍വീസില്‍ കയറിയ അറബിക് അധ്യാപകരെ ഭിന്നശേഷി വിഭാഗ സംവരണത്തില്‍ നിന്ന് ഒഴിവാക്കി നിയമന അംഗീകാരം ലഭ്യമാക്കണമെന്നാണ് സംഘടന സാമൂഹ്യനീതി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍ അറിയിച്ചു.

നിലവില്‍ സര്‍വീസില്‍ കയറിയ അറബിക് അധ്യാപകര്‍ക്ക് അംഗീകാരം ലഭിക്കാതെ വന്നാല്‍ ആ സ്കൂളിലെ ഒഴിവ് വരുന്ന മറ്റൊരു തസ്തികയില്‍ അവര്‍ക്ക് കയറുവാന്‍ കഴിയുകയില്ല. ഭിന്നശേഷി സംവരണ വിഷയത്തില്‍ കോടതി പറയുന്ന 51 (എ) പ്രൊട്ടക്ഷന്‍ ആനുകൂല്യം ഇപ്പോള്‍ സര്‍വീസില്‍ കയറിയ അറബിക് അധ്യാപകര്‍ക്ക് ലഭ്യമാകില്ല. ആയതിനാല്‍ അവരെ സംവരണ പ്രശ്നത്തില്‍ നിന്ന് ഒഴിവാക്കി നിയമന അംഗീകാരം നല്‍കുകയും ഇതുവരെ നിയമിക്കാത്ത അറബിക് തസ്തികകളിലും തുടര്‍ന്നുവരുന്ന വര്‍ഷങ്ങളിലെ അറബിക് തസ്തികകളിലും നിയമാനുസരണം ഉള്ള ഭിന്നശേഷി സംവരണം നല്‍കിക്കൊണ്ട് നിയമനങ്ങള്‍ നടത്തണമെന്നുമാണ് സംഘടന ആവശ്യപ്പെട്ടിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
