

ദോഹ: എസ് എം എ ടൈപ്പ് ഒണ്‍ രോഗബാധിതയായ നാല് മാസം പ്രായമായ പിഞ്ചുബാലിക മല്‍ക്കാ റൂഹിയുടെ ഭീമമായ ചികിത്സ ആവശ്യത്തിലേക്ക് ഖത്തര്‍ ചാരിറ്റിയുടെ നേത്യത്വത്തില്‍ നടത്തുന്ന ചികിത്സാ ധനസമാഹരണത്തിന് മികച്ച പങ്കാളിത്തം ഉറപ്പു വരുത്താന്‍ കെ എം സി സി സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളെ പങ്കെടുപ്പിച്ച് നടത്തിയ സ്പെഷ്യല്‍ കണ്വെന്ഷന് സംസ്ഥാന പ്രസിഡണ്ട് ഡോ. സമദിന്റെ അധ്യക്ഷതയില്‍ കെ എം സി സി ഹാളില്‍ സംഘടിപ്പിച്ചു.

ജനറല്‍ സെക്രട്ടറി സലീം നാലകത്ത് ചികിത്സ ധനസമാഹരണ യജ്ഞത്തിന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന ഉപസമിതിയുടെയും ജില്ലാ, മണ്ഡലം നേതൃത്വത്തില്‍ നിശ്ചിത കാലയിളവിനകം പൂര്‍ത്തീകരിക്കേണ്ട കര്‍മ്മ പദ്ധതി നേതാക്കള്‍ക്ക് കൈമാറി. കുട്ടിയുടെ പിതാവ് റിസാല്‍ റഷീദ് ചികിത്സാ നാള്‍വഴികള്‍ വിശദീകരിച്ചു.

ധന സമാഹരണ ഹെല്‍പ്പ് ഡെസ്ക്ക് ഉദ്ഘാടനം സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ നിര്‍വഹിക്കുകയും ചികിത്സാ ധനസമാഹരണത്തിന് അല്‍ഖോര്‍ ഏരിയ, ഓപ്പണ്‍ ഫോറം വാട്സാപ്പ് കൂട്ടായ്മകള്‍ സമാഹരിച്ച സംഖ്യ ഓണ്‍ലൈന്‍ പേയ്മെന്റ് റസീപ്റ്റ് സംസ്ഥാന കമ്മിറ്റിക്ക് ചടങ്ങില്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ കൈമാറി.
കെ എം സി സി ഇമ്പാക്റ്റ് ലിങ്ക് വഴി പണം അടക്കുന്നതിന്റെ പ്രാധാന്യം വിശദീകരിച്ച് ഓണ്‍ലൈന്‍ പണമടക്കല്‍ പ്രക്രിയയെ കുറിച്ചുള്ള വീഡിയോ സഹിതമുള്ള വിശദീകരണം ശംസുദ്ധീന്‍ അല്‍ഖോര്‍ നിര്‍വഹിച്ചു.
സ്വദേശിയുടെ വീട്ടില്‍ ദീര്‍ഘകാലം ഡ്രൈവറായി ജോലി ചെയ്യുന്ന സഹോദരന് ഹജ്ജ് സ്വപ്നം ലക്ഷ്യംവെച്ച് 2022 മുതല്‍ സ്വരൂകൂട്ടി വെച്ച സമ്പാദ്യ കുടുക്ക ഉദ്യമത്തിലേക്ക് സംഭാവന നല്കി കമ്മിറ്റിയെ ഏല്‍പ്പിച്ചത് വികാര നിര്‍ഭരമായ അനുഭവം സമ്മാനിച്ചു.
സംസ്ഥാന ഭാരവാഹികളായ അബൂബക്കര്‍ പുതുക്കുടി, സിദ്ദീഖ് വാഴക്കാട്, അജ്മല്‍ നബീല്‍, ഫൈസല്‍ മാസ്റ്റര്‍, ഷമീര്‍, സമീര്‍ മുഹമ്മദ്, ശംസുദ്ദീന്‍ വാണിമേല്‍ നേത്യത്വം നല്കി. സെക്രട്ടറിമാരായ അശ്റഫ് ആറളം സ്വാഗതവും വി ടി എം സാദിഖ് നന്ദിയും പറഞ്ഞു.

