Connect with us

Entertainment

ഇടവേളയ്ക്ക് ശേഷം ഗോപിസുന്ദര്‍; ‘പെരുമാനി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി

Published

on


കൊച്ചി: സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മജു ചിത്രം ‘പെരുമാനി’യിലെ ആദ്യ ഗാനം പുറത്തുവിട്ടു. ‘പെണ്ണായി പെറ്റ പുള്ളെ’ എന്ന പേരോടുകൂടി എത്തിയ ഗാനം ജിഷ്ണു വിയയിയാണ് ആലപിച്ചത്. മു.രിയുടെതാണ് വരികള്‍. ഗോപി സുന്ദറിന്റെതാണ് സംഗീതം. അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്.

പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യര്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഫാന്റസി ഡ്രാമയാണ് ‘പെരുമാനി’. മെയ് 10നാണ് ചിത്രം തിയേറ്റര്‍ റിലീസ് ചെയ്യുന്നത്. ഫിറോസ് തൈരിനിലാണ് നിര്‍മ്മാതാവ്. യൂന്‍ വി മൂവീസും മജു മൂവീസും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം സെഞ്ച്വറി ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിനായ് തിരക്കഥ തയ്യാറാക്കിയത് സംവിധായകന്‍ മജു തന്നെയാണ്.

വേറിട്ട ഗെറ്റപ്പില്‍ അഭിനേതാക്കളെ അണിനിരത്തുന്ന ‘പെരുമാനി’യില്‍ ‘മുജി’ എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. പെരുമാനിയുടെ നേര് എന്ന ടൈറ്റിലോടെ മുജി പ്രത്യക്ഷപ്പെടുമ്പോള്‍ ‘നാസര്‍’ എന്ന പേരില്‍ പെരുമാനിയിലെ പുതുമാരനായ് വിനയ് ഫോര്‍ട്ട് എത്തുന്നു.

ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ലുക്ക്മാന്‍ അവറാന്‍, നവാസ് വള്ളിക്കുന്ന്, ദീപ തോമസ് എന്നിവരുടെ കഥാപാത്രങ്ങളുടെ ലുക്കും ട്രെയിലര്‍ ഇറങ്ങിയതോടെ ചര്‍ച്ചാവിഷയമായി. രാധിക രാധാകൃഷ്ണന്‍, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ചിത്രത്തിലെ കഥാപാത്രങ്ങളുടെ ലുക്ക് ചിത്രീകരണ വേള മുതല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കഥാപാത്രങ്ങളുടെ ലുക്കില്‍ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത പുലര്‍ത്തിയാണ് ചിത്രം എത്തുന്നത്. സിനിമ റിലീസിനോട് അടുക്കുന്ന അവസരത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റുമായ് സണ്ണി വെയ്‌നും വിനയ് ഫോര്‍ട്ടും ലുക്ക്മാനും ജീപ്പില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഇടം പിടിച്ചിരുന്നു.

‘പെരുമാനി ഗ്രാമത്തിന്റെ പെരുമകള്‍ വിളിച്ചോതുന്ന ‘പെരുമാനി’ എന്ന ചലച്ചിത്രം മെയ് 10ന് നിങ്ങളുടെ തൊട്ടടുത്ത തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. വേറിട്ട കഥാസന്ദര്‍ഭങ്ങളും പുത്തന്‍ ദൃശ്യാവിഷ്‌കാരവും സമന്വയിപ്പിക്കുന്ന സിനിമ അനുഭവത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങള്‍ പോലെ ഒ വി വിജയന്റെ തസ്‌റാക്കിലെ മനുഷ്യരെ പോലെ പെരുമാനിയിലെ വിചിത്ര സ്വഭാവമുള്ള മനുഷ്യരുടെ ലോകമാണ് സ്‌ക്രീനുകളിലേക്കെത്തുന്നത്. മലയാള സിനിമയുടെ ആഴമുള്ള കഥാപാരമ്പര്യത്തിലേക്ക് നവ സിനിമയുടെ പുതിയ തലങ്ങളിലേക്കും കടന്ന് ചെല്ലുന്ന പെരുമാനിക്കാര്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വ്യത്യസ്തമായ ആസ്വാധനമായിരിക്കും എന്നറിയിച്ചുകൊണ്ട് ഒരിക്കല്‍കൂടി നിങ്ങളുടെ തിയേറ്ററുകളില്‍ സീറ്റുറപ്പാക്കുക എന്നോര്‍മ്മപ്പെടുത്തികൊണ്ട് വീണ്ടും ഏവര്‍ക്കും സ്വാഗതം.’ എന്ന് വിളിച്ച് പറഞ്ഞുകൊണ്ടുള്ള വിളംബരയാത്ര സംവിധായകന്‍ മജുവിന്റെ നേതൃത്വത്തിലാണ് നടന്നത്.

2022 ഒക്ടോബര്‍ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ന്‍- അലന്‍സിയര്‍ ചിത്രം ‘അപ്പന്‍’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും തയ്യാറെടുത്ത് നില്‍ക്കുന്നവര്‍ക്ക് മുന്നില്‍ വരുന്നിടത്ത് വെച്ച് കാണാമെന്ന മട്ടില്‍ നില്‍ക്കുന്ന പെരുമാനിക്കാരെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ടൊവിനോ തോമസാണ് റിലീസ് ചെയ്തത്. 1 മിനിറ്റും 38 സെക്കന്റും ദൈര്‍ഘ്യം വരുന്ന ട്രെയിലര്‍ ചിത്രത്തിന്റെ സാരാംശം വ്യക്തമാക്കുന്ന വിധത്തിലാണ് ഒരുക്കിയത്. ടീസര്‍ റിലീസ് ചെയ്തത് ദുല്‍ഖര്‍ സല്‍മാനാണ്. തനി നാടന്‍ മട്ടില്‍ കളര്‍ഫുളായെത്തിയ നേടിയ ടീസര്‍ കലഹങ്ങള്‍ക്ക് യാതൊരു കുറവുമില്ലാത്ത ഗ്രാമമാണ് പെരുമാനി എന്ന സൂചന നല്‍കി.

പെരുമാനിക്കാരെ പുറം ലോകവുമായ് ബന്ധിപ്പിക്കുന്ന പൊതുശകടം ‘പെരുമാനി മോട്ടോഴ്‌സ്’ എന്ന ബസ്സിന്റെ ഫോട്ടോ അടങ്ങുന്ന ചിത്രത്തിലെ പ്രോപ്പര്‍ട്ടികളുടെ പോസ്റ്ററുകളും ടീസറിന് പിന്നാലെ പുറത്തുവിട്ടിരുന്നു. പെരുമാനിയിലെ ചായക്കടയുടെ വീഡിയോയും പ്രേക്ഷകര്‍ക്കായ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. പെരുമാനിയിലെ കലഹങ്ങള്‍ തുടങ്ങണതും തീര്‍പ്പാക്കണതും ഈ ചായക്കയില്‍ നിന്നാണ് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പുറത്തുവിട്ടത്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ അണിനിരത്തി ഒരുക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ഛായാഗ്രഹണം: മനേഷ് മാധവന്‍, ചിത്രസംയോജനം: ജോയല്‍ കവി, സംഗീതം: ഗോപി സുന്ദര്‍, സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്‌സിന്‍ പെരാരി, സുഹൈല്‍ കോയ, പി ആര്‍ ഒ ആന്റ് മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!