

കൊച്ചി: കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ട കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം സാക്ഷിയായി ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഉള്‍പ്പെടുത്തിയത് സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തുകയും അന്നത്തെ ബി ജെ പിയുടെ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളിലേക്ക് അനധികൃതമായ മൂന്നരക്കോടി രൂപ കൊണ്ടുവരാന്‍ കേസിലെ രണ്ടാം സാക്ഷിയെ നിയോഗിച്ചത് ഏഴാം സാക്ഷിയായ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണെന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇരിങ്ങാലക്കുടയില്‍ കേരള പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്നും വെളിവാകുന്നു.

കേസിലെ രണ്ടാം സാക്ഷി ധര്‍മ്മരാജന്‍ ഹവാലാ ഏജന്റായി പ്രവര്‍ത്തിച്ചുവരുന്ന വ്യക്തിയാണ് എന്നും നിരവധി തവണ അനധികൃത പണം പല സ്ഥലങ്ങളിലും എത്തിച്ചു കൊടുത്തിട്ടുള്ളതും കേസിലെ ഏഴാം സാക്ഷി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും എട്ടാം സാക്ഷി ബി ജെ പി കോഡിനേറ്റിംഗ് സെക്രട്ടറിയായ ഗണേശനും ഒമ്പതാം സാക്ഷിയായ ബി ജെ പി സ്റ്റേറ്റ് ഓഫീസ് സെക്രട്ടറിയായ ഗിരീശന്‍ നായരും ആയി അടുത്ത ബന്ധം പുലര്‍ത്തി വരുന്ന ആളുമാണ്.
കെ സുരേന്ദ്രന്റെ അറിവോടെയും ഗണേശന്റെയും ഗിരീശന്‍ നായരുടെയും നിര്‍ദ്ദേശ പ്രകാരവും ഇലക്ഷന്‍ പ്രചരണത്തിനായി ആലപ്പുഴ ബി ജെ പി ട്രഷററായ ഗോപാലകൃഷ്ണന്‍ കര്‍ത്തയ്ക്ക് എത്തിച്ചു കൊടുക്കുന്നതിനാണ് അനധികൃതമായി മൂന്നരക്കോടി രൂപ കൊണ്ടുവന്നതെന്ന് കുറ്റപത്രത്തില്‍ നിന്ന് വ്യക്തമാണ്.
ഈ കേസില്‍ അനധികൃത പണം എത്തിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും നടത്തിയ ശ്രമങ്ങളിലും കവര്‍ച്ച സംഭവിച്ച ശേഷവും കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ കൃത്യമായ കൂടിയാലോചനകളും ഗൂഢാലോചനയും നടത്തിയിട്ടുണ്ട് എന്നുള്ളത് കുറ്റപത്രത്തില്‍ നിന്ന് വ്യക്തമാണ്.
അതിനാല്‍ ഈ കേസില്‍ സാക്ഷി പട്ടികയില്‍ ചേര്‍ത്തിരിക്കുന്ന മുഴുവന്‍ ആളുകളും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം പ്രതികളാണ് എന്നുള്ളതും ഈ കുറ്റപത്രത്തില്‍ നിന്ന് വ്യക്തമാണ്.
ഈ മുഴുവന്‍ വിവരങ്ങളും കേരള പൊലീസ് എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റിനെയും ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനെയും അറിയിച്ചിട്ടുള്ളതും തുടര്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളത് ആണ് എന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്രകാരം ഒരു പണമിടപാട് നടന്നതായി അറിവില്ല എന്നുള്ളതാണ് എന്‍ഫോസ്മെന്റ് ഡയറക്ടറേറ്റും ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും പറഞ്ഞതായി മുഖ്യധാര മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഒരുവശത്ത് കൃത്രിമമായി സാക്ഷികളെ സൃഷ്ടിച്ചുകൊണ്ട് അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ളവരെ പി എം എല്‍ എ നിയമത്തിന് കീഴില്‍ അറസ്റ്റ് ചെയ്തു വിചാരണ തടവുകാരാക്കി ഇടുമ്പോള്‍ മറുവശത്ത് കൃത്യമായ സാക്ഷി മൊഴികളും തെളിവുകളും പ്രാഥമിക അന്വേഷണത്തില്‍ തന്നെ ലഭിച്ച കള്ളപ്പണ ഇടപാടാണ് എന്ന് വെളിവായിട്ടും പി എം എല്‍ എ നിയമം ചുമത്തി കെ സുരേന്ദ്രനെയും മറ്റു ബി ജെ പി നേതാക്കളെയും അറസ്റ്റ് ചെയ്യാത്തതില്‍ നിന്ന് മോഡിയുടെയും അമിത്ഷായുടെയും അറിവോടെ കൂടെയാണ് ഇതെയെന്ന് വ്യക്തമാകുന്നു. ഇ ഡി എന്നാല്‍ മോഡിയും മോഡി എന്നാല്‍ ഇഡിയും ആണ് എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും ആം ആദ്മി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

