

കാഠ്മണ്ഡു: കാഠ്മണ്ഡുവിലെ ശീതള്‍ നിവാസ് പ്രസിഡന്‍ഷ്യല്‍ പാലസില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നേപ്പാള്‍ പ്രസിഡന്റ് രാം ചന്ദ്ര പൗഡലുമായി കൂടിക്കാഴ്ച നടത്തി.

നേപ്പാള്‍ പ്രസിഡന്റ് അമീറിനെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്തു, നേപ്പാള്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ അറബ് നേതാവെന്ന നിലയില്‍ അമീറിന്റെ സന്ദര്‍ശനത്തെ പ്രശംസിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നു.

അമീറിനും അനുഗമിക്കുന്ന പ്രതിനിധി സംഘത്തിനും നല്കിയ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യ മര്യാദയ്ക്കും നേപ്പാള്‍ പ്രസിഡന്റിന് അമീര്‍ അഗാധമായ നന്ദി രേഖപ്പെടുത്തി.
ഇരു രാജ്യങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന വിശിഷ്ടമായ ബന്ധത്തിന്റെ പ്രാധാന്യത്തെയാണ് തന്റെ സന്ദര്‍ശനം പ്രതിഫലിപ്പിക്കുന്നതെന്നും തത്ഫലമായുണ്ടാകുന്ന ചര്‍ച്ചകള്‍, കരാറുകള്‍, ധാരണാപത്രങ്ങള്‍ എന്നിവ ഇരു രാജ്യങ്ങളുടെയും പ്രയോജനത്തിനായി സൗഹൃദ ബന്ധങ്ങളും സഹകരണവും വികസിപ്പിക്കുന്നതിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അമീര്‍ പറഞ്ഞു. ഖത്തറിലെ നേപ്പാള്‍ സമൂഹത്തെയും രാജ്യത്തെ നിരവധി വികസന മേഖലകളിലെ സംഭാവനകളെയും അമീര്‍ പ്രശംസിച്ചു.

