കേരളത്തിലെത്തി മോഷണം നടത്തി മുങ്ങിയ ഉത്തരാഖണ്ഡ് സ്വദേശികളെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

Web Desk
2 Min Read

ആലുവ: ആലുവയില്‍ മോഷണം നടത്തി അജ്മീറിലേക്ക് കടക്കുകയും അവിടെ വച്ച് പൊലീസിനെ വെടിവച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത ഉത്തരാഖണ്ഡ് സ്വദേശികളായ സജാദ്, ഡാനിഷ് എന്നിവരെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

city exchange

മോഷണം നടത്തിയ വീടുകള്‍, താമസിച്ച സ്ഥലങ്ങള്‍, മോഷണ ബൈക്ക് ഉപേക്ഷിച്ച ഇടം തുടങ്ങി സ്ഥലങ്ങളില്‍ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തിലാണ് തെളിവെടുപ്പ് നടത്തിയത്. മോഷണം നടത്തിയ രീതിയും രക്ഷപ്പെട്ടതുമെല്ലാം പ്രതികള്‍ വിവരിച്ചു.

ഉത്തരാഖണ്ഡില്‍ സജാദ് ഓട്ടോറിക്ഷ ഓടിക്കുകയാണ്. ഡാനിഷ് കൂലിപ്പണിക്കാരനും. 2018ല്‍ വെള്ളപ്പൊക്ക സമയത്ത് ഡാനിഷ് കേരളത്തില്‍ ജോലിയ്ക്ക് വന്നിട്ടുണ്ട്. കേരളത്തിലെ വീടുകളില്‍ ധാരാളം സ്വര്‍ണ്ണം സൂക്ഷിച്ചിട്ടുണ്ടെന്ന് തിരിച്ച് നാട്ടിലെത്തിയ ഡാനിഷ് സജാദിനെ ധരിപ്പിച്ചു. പിന്നീട് രണ്ടുപേരും കൂടി മോഷണം നടത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തു. ഇരുപത്തിരണ്ടായിരം രൂപ മുടക്കി ബീഹാറില്‍ നിന്ന് രണ്ട് തോക്ക് വാങ്ങി. ഫെബ്രുവരി അഞ്ചിന് ഡല്‍ഹിയില്‍ നിന്ന് ആലുവയ്ക്ക് ട്രയിന്‍ കയറി. എട്ടിന് ആലുവയിലെത്തി ഒരു ലോഡ്ജില്‍ മുറിയെടുത്തു. ഒന്‍പതിന് പകല്‍ മുറിയൊഴിഞ്ഞു. ആളില്ലാത്ത വീടുകള്‍ തപ്പിയിറങ്ങി. പുറമെ നിന്ന് താഴിട്ട് പൂട്ടിയ വീടുകളായിരുന്നു ലക്ഷ്യം.

ഇതിനിടയില്‍ മുടിക്കലിലെ കളിസ്ഥലത്ത് നിന്ന് സംഘം ബൈക്കും മോഷ്ടിച്ചു. പിന്നീട് അതിലായി യാത്ര. രാത്രി കുട്ടമശ്ശേരിയിലെ വീട് ശ്രദ്ധയില്‍പ്പെട്ടു. ചെറിയ കമ്പിയും സ്‌ക്രൂവും ഉപയോഗിച്ച് പൂട്ട് തുറന്ന് മോഷണം നടത്തി. തുടര്‍ന്ന് മോഷ്ടിച്ച ബൈക്ക് ആലുവ കെ എസ് ആര്‍ ടി സി സ്റ്റാന്റ് പരിസരത്ത് ഉപേക്ഷിച്ചു. രാത്രി തന്നെ ആലുവയിലെ മറ്റൊരു ലോഡ്ജില്‍ മുറിയെടുത്തു. പിറ്റേന്ന് പകലും രാത്രിയും കറങ്ങി നടന്ന് വീടു കണ്ടുവച്ച് രണ്ട് വീടുകളില്‍ മോഷണം നടത്തി. അവിടെയും കമ്പിയും സ്‌ക്രൂവും ആയിരുന്നു ആയുധം.

- Advertisement -
Ad image

മോഷണത്തിന് ശേഷം ബസില്‍ തൃശൂരെത്തി. അവിടെ നിന്നും മധ്യപ്രദേശിലേക്ക് തീവണ്ടി കയറി. അവിടെയും മോഷണത്തിന് ശ്രമിച്ചു. ശാസ്ത്രീയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞ ആലുവയിലെ പ്രത്യേക അന്വേഷണ സംഘം പിന്നാലെ കുതിച്ചു. മധ്യപ്രദേശിലെത്തിയപ്പോള്‍ മോഷണ സംഘം രാജസ്ഥാനിലേക്ക് കടന്നിരുന്നു. പിന്നാലെ പൊലീസ് സംഘവും. അജ്മീറിലെത്തിയ പ്രതികളെ രാത്രി അജ്മീര്‍ പൊലീസിന്റെ സഹായത്തോടെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതികള്‍ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നീട് ജീവന്‍ പണയം വച്ച് സാഹസികമായാണ് കീഴ്‌പ്പെടുത്താനായത്. തുടര്‍ന്ന് കേസെടുത്ത് അജ്മീറില്‍ റിമാന്റ് ചെയ്ത സംഘത്തെ കഴിഞ്ഞ ദിവസമാണ് ആലുവയിലെത്തിച്ചത്.

കേരളമുള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ ഗുണ്ടാ ആക്ട് ഉള്‍പ്പടെ പത്തോളം കേസിലെ പ്രതിയാണ് ഡാനിഷ്. ആലുവയില്‍ മൂന്നും പെരുമ്പാവൂരില്‍ ഒന്നും മോഷണമാണ് ഇവര്‍ നടത്തിയത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ ഡി വൈ എസ് പി എ പ്രസാദ്, ഇന്‍സ്‌പെക്ടര്‍ എം എം മഞ്ജു ദാസ്, സബ് ഇന്‍സ്‌പെക്ടര്‍ എസ് എസ് ശ്രീലാല്‍, സി പി.ഒമാരായ എന്‍ എ മുഹമ്മദ് അമീര്‍, കെ എം മനോജ്, മാഹിന്‍ ഷാ അബൂബക്കര്‍, വി എ അഫ്‌സല്‍ എന്നിവരാണ് തെളിവെടുപ്പിനുണ്ടായിരുന്നത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!