Connect with us

NEWS

സ്വന്തം കഴിവുകളില്‍ വിശ്വസിക്കുന്നവര്‍ക്ക് നേതൃസ്ഥാനങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാനാവും: രേവതി എച്ച്

Published

on


കൊച്ചി: സ്വന്തം കഴിവുകളില്‍ വിശ്വസിക്കുകയും മറ്റള്ളവര്‍ക്ക് പിന്തുണ നല്‍കുകയും മുകളിലേക്കുള്ള ഏണിപ്പടവുകള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്താല്‍ ഏതു വനിതയ്ക്കും നേതൃസ്ഥാനങ്ങളില്‍ വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ഐ എസ് ആര്‍ ഒ ഇ ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഇലക്ട്രോണിക് സിസ്റ്റം ഗ്രൂപ്പ് ഡയറക്ടര്‍ രേവതി ഹരിഹരകൃഷ്ണ പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷന്‍ വിമിന്‍സ് ഫോറത്തിന്റെ 2023ലെ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

തലമുറകളുടെ സംരക്ഷണത്തിനായി പിറകിലേക്ക് മാറി നില്‍ക്കേണ്ടി വന്ന വനിതകളുടെ അവസ്ഥയ്ക്ക് മാറ്റം വന്നു തുടങ്ങിയതായും അവര്‍ പറഞ്ഞു. ഐ എസ് ആര്‍ ഒയുടെ വിവിധ ശാസ്ത്ര സാങ്കേതികകാര്യ വിഭാഗങ്ങളുടെ തലപ്പത്തും അഡ്മിനിസ്ട്രേഷനിലും ഫിനാന്‍സിലും ഉള്‍പ്പെടെ വനിതകള്‍ നേതൃത്വം വഹിക്കുന്നതായും അവര്‍ പറഞ്ഞു.

കുടുംബത്തിനും സമൂഹത്തിനും മികച്ച സംഭാവനകള്‍ നല്‍കുന്ന വനിതകള്‍ക്ക് ഒരേ സമയം വ്യത്യസ്ത കാര്യങ്ങള്‍ നിര്‍വഹിക്കാനാവുമെന്ന കഴിവ് പ്രയോജനപ്പെടുത്തണമെന്നും രേവതി ആവശ്യപ്പെട്ടു. ക്രിയാത്മകമായ രീതിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും വനിതകള്‍ക്കാണ് കൂടുതല്‍ സാധിക്കുകയെന്നും അവര്‍ വിശദമാക്കി.

ഇന്റര്‍നാഷണല്‍ ട്രെയ്ന്‍ഡ് ബയോമെഡിക്കല്‍ സയിന്റിസ്റ്റും മോഡലും സാമൂഹ്യ- വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ ഡോ. അമ്പിളി രവീന്ദ്രന്‍ നായര്‍ വിശിഷ്ടാതിഥിയായിരുന്നു. ലക്ഷ്യമിട്ട കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ബുദ്ധിമുട്ടു നേരിടുകയോ നടക്കാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ പുതിയ തലങ്ങള്‍ കണ്ടെത്താനാണ് വനിതകള്‍ ശ്രമിക്കേണ്ടതെന്ന് ഡോ. അമ്പിളി പറഞ്ഞു. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടാകുമെന്നും അപ്പോഴൊക്കെയും തങ്ങളുടെ യാത്രകള്‍ തുടരുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.

തൊഴില്‍ മേഖലയില്‍ നിന്നും കുടുംബ ജീവിതത്തിലേക്ക് മാറിയതിന് ശേഷം വീണ്ടും ജോലിയിലേക്കോ ബിസിനസിലേക്കോ കലാ പ്രവര്‍ത്തനങ്ങളിലേക്കോ കടന്നുവരാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി വികസിപ്പിച്ച വൂവര്‍ ആപ്പിനെ നിഷ ഹെല്‍സ രാജന്‍ പരിചയപ്പെടുത്തി.

കെ എം എ പ്രസിഡന്റ് എ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ എം എ വിമിന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. നിര്‍മല ലില്ലി സ്വാഗതവും കെ എം എ ഹോണററി സെക്രട്ടറി ദിലീപ് നാരായണന്‍ നന്ദിയും പറഞ്ഞു.


error: Content is protected !!