Connect with us

NEWS

കെ എം എ സസ്റ്റയ്നബിലിറ്റി സമ്മിറ്റ് സംഘടിപ്പിച്ചു

Published

on


കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ സസ്റ്റയ്നബിലിറ്റി സമ്മിറ്റും സി എസ് ആര്‍ അവാര്‍ഡ് നിശയും കലൂര്‍ ഗോകുലം കണ്‍വൈന്‍ഷന്‍ സെന്ററില്‍ നടന്നു. മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എം ജെ അക്ബര്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു.

ദാരിദ്ര്യ നിര്‍മാര്‍ജനത്തിലൂടെ മാത്രമെ രാജ്യത്തിന് സുസ്ഥിരത കൈവരിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സര്‍ക്കാരുകള്‍ മാറ്റത്തിന്റെ പതാകാ വാഹകരായി മാറണം. ശുചിത്വത്തില്‍ ഗാന്ധിജി പകര്‍ന്ന പാഠങ്ങള്‍ മഹത്തരമാണ്. ബ്രിട്ടീഷുകാരോടുള്ള ഭയത്തില്‍ നിന്ന് ഇന്ത്യയെയും ഇന്ത്യക്കാരേയും മോചിതരാക്കിയതാണ് ഗാന്ധിജിയുടെ ഏറ്റവും മഹത്തായ സംഭാവന. എല്ലാവരും സ്വതന്ത്രരാകാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ സ്വാതന്ത്ര്യം എന്തിന് ഉപയോഗിക്കണമെന്ന് മാത്രം ആര്‍ക്കുമറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ കോളനി വാഴ്ചയുടെ ജനനവും മരണവും ഇന്ത്യയിലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകൃതിയെ കണക്കിലെടുക്കാതെയുള്ള ഏത് പ്രവൃത്തിക്കും തിരിച്ചടിയുണ്ടാകുമെന്നും എം ജെ അക്ബര്‍ മുന്നറിയിപ്പ് നല്‍കി.

കേരളത്തിലെ കോര്‍പ്പറേറ്റുകള്‍ സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നവരും അത് തങ്ങളുടെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്ന് ചിന്തിക്കുന്നവരുമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സി എല്‍ ടി ഇന്ത്യ സി ഇ ഒ നിക്‌സണ്‍ ജോസഫ് പറഞ്ഞു. ലാഭത്തിന്റെ അടിസ്ഥാനത്തിലല്ല, സമൂഹത്തിനും പ്രകൃതിക്കും വേണ്ടി പോസിറ്റീവായ എന്ത് സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്ന് വിലയിരുത്തിയാകണം കോര്‍പ്പറേറ്റുകളുടെ വിജയം തീരുമാനിക്കപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ സി ജെ ജോര്‍ജ്ജ്, മീരാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍, മുത്തുറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് സി എം ഡി തോമസ് ജോണ്‍ മുത്തൂറ്റ്, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ജോ. മാനേജിംഗ് ഡയറക്ടര്‍ അജു ജേക്കബ്, എക്‌സ് എല്‍ ആര്‍ ഐ പ്രൊഫ. കല്യാണ്‍ ഭാസ്‌ക്കര്‍ എന്നിവര്‍ പ്രഭാഷണം നടത്തി.

കേരളത്തില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ക്ക് 2024ലെ സി എസ് ആര്‍, ഇ എസ് ജി, എന്‍ ജി ഒ അവാര്‍ഡുകള്‍ സമ്മാനിച്ചു. സി എസ് ആര്‍ ഹെല്‍ത്ത് വിഭാഗത്തില്‍ ആസ്റ്റര്‍ മെഡ് സിറ്റി, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്, അദാനി വിഴിഞ്ഞം പോര്‍ട്ട്, ബി പി സി എല്‍- കൊച്ചി റിഫൈനറി എന്നിവര്‍ അവാര്‍ഡ് നേടി. സി എസ് ആര്‍ എഡ്യുക്കേഷന്‍ വിഭാഗത്തില്‍ നിറ്റ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ്, പ്ലാന്റ് ലിപിഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, യു എസ് ടെക്‌നോളജി, ബി പിസി എല്‍ കൊച്ചി റിഫൈനറി എന്നിവര്‍ അവാര്‍ഡിനര്‍ഹരായി. സി എസ് ആര്‍ സോഷ്യല്‍ ഇന്‍ക്ലൂഷനില്‍ ആസ്റ്റര്‍ മെഡ് സിറ്റി, അദാനി വിഴിഞ്ഞം പോര്‍ട്ട്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ആപ്റ്റിറ്റിവ് കണക്ഷന്‍ സിസ്റ്റംസ് എന്നിവര്‍ അവാര്‍ഡ് നേടി. പുനര്‍ജീവ ടെക്‌നോളജി സെല്യൂഷന്‍സ് ഈ വിഭാഗത്തില്‍ പ്രത്യേക ജ്യൂറി പുരസ്‌കാരത്തിനര്‍ഹരായി. സി എസ് ആര്‍ എന്‍വയോണ്‍മെന്റ് വിഭാഗത്തില്‍ മാതൃഭൂമി, അപ്പോളോ ടയേഴ്‌സ്, ഫെഡറല്‍ ബാങ്ക് എന്നിവര്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു. ഇ എസ് ജി വിഭാഗത്തില്‍ ആപ്പറ്റിവ് കണക്ഷന്‍ സിസ്റ്റംസ്, യു എസ് ടെക്‌നോളജി എന്നിവരും എന്‍ ജി ഒ വിഭാഗത്തില്‍ കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷനും അവാര്‍ഡിനര്‍ഹരായി. ഈ വിഭാഗത്തില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍, ഇസാഫ് എന്നിവര്‍ പ്രത്യേക ജ്യൂറി അവാര്‍ഡ് കരസ്ഥമാക്കി.

കെ എം എ പ്രസിഡന്റ് എ ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിലീപ് നാരായണന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് ബിബു പുന്നൂരാന്‍ എന്നിവര്‍ പങ്കെടുത്തു.


error: Content is protected !!